- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്നവരെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം; അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു; വിമർശകർക്കെതിരെ വിവാദ പരാമർശവുമായി ഫിറോസ് കുന്നംപറമ്പിൽ
തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകൾക്ക് നന്മ ചെയ്യാൻ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറഞ്ഞത്. ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീർക്കേണ്ട സമയം അതിക്രമിച്ചു എന്ന ഫിറോസിന്റെ പരാമർശനമാണ് വിവാദമായത്. ഇതിനെതിരെ പ്രതിഷേധവുമായി കമന്റുകളുമെത്തിയിട്ടുണ്ട്.
മാനന്തവാടിയിൽ നടത്തിയ ചാരിറ്റിയിൽ ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസ് ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടതും തന്റെ നിലപാട് വിശദീകരിച്ചതും. 'പാവപ്പെട്ട പ്രവാസികൾ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീർക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ. ഞാൻ ചെയ്യുന്നതിന്റെ കാര്യങ്ങൾ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണ്', ഫിറോസ് കുന്നംപറമ്പിൽ പറയുന്നതിങ്ങനെ.
വയനാട്ടിൽനിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. കുട്ടിയുടെ ചികിത്സയ്ക്കായി പിരിഞ്ഞുകിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്കു വേണ്ടി നൽകി. എന്നാൽ ഈ കുട്ടിയുടെ കുടുംബം പിന്നീട്, വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവായെന്നും അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും തന്നോട് ആവശ്യപ്പെട്ടു. അത് മറ്റൊരു രോഗിക്ക് നൽകിയതിനാൽ സാധിക്കില്ലെന്ന് താൻ പറഞ്ഞു. ഈ പണം ലക്ഷ്യമിട്ട്, തനിക്കെതിരെ ആരോപണങ്ങളുമായി ചിലർ എത്തിയിരിക്കുകയാണെന്നും അവയെല്ലാം വ്യാജമാണെന്നുമാണ് ഫിറോസ് വ്യക്തമാക്കി.
ഈ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ, 'സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല. എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. അത് ചെയ്യാൻ ഞാൻ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു. സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീൻ പൗഡർ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു'.
മറുനാടന് മലയാളി ബ്യൂറോ