ദുബായ്: മയിലിനെ കറിവയ്ക്കാനായി ദുബായിലേക്ക് പോകുന്നു എന്ന് ഫെയ്സ് ബുക്ക് പോസ്റ്റിട്ട പ്രമുഖ ഫുഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കറി വയ്ക്കുന്നതിൽ നിന്നും പിന്മാറി. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കറിവയ്ക്കാനായി വാങ്ങിയ മയിലിനെ ഷാർജയിലെ ഒരു ഷെയ്ക്കിന് നൽകാനായി നൗഫൽ എന്നയാൾക്ക് കൈമാറുകയും ചെയ്തു.

ഇന്ന് വൈകുന്നേരമാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലായ വില്ലേജ് ഫുഡ് ചാനൽ വഴിയാണ് മയിലിനെ കറിവയ്ക്കാതെ ദുബായിലെ ഷെയ്ക്കിന് കൈമാറുകയാണ് എന്ന് അറിയിച്ചത്. മയിലിനെ കറിവയ്ക്കുന്നു എന്ന് പറഞ്ഞത് ഒരു എക്സിപിരിമെന്റിന്റെ ഭാഗമായിരുന്നു എന്നും ഇക്കാര്യം ഫേസ്‌ബുക്കിലിട്ടപ്പോൾ വീട്ടിൽ നിന്നടക്കം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി എന്നും ഫിറോസ് പറയുന്നു. മയിലിനെ കറിവയ്ക്കാൻ പോകുന്നു എന്ന് പറഞ്ഞ് അടുപ്പു കൂട്ടി വെള്ളം ചൂടാക്കി വളരെ നാടകീയമായി രീതിയിലാണ് വീഡിയോയിലൂടെ മയിലിനെ കറിവയ്ക്കുന്നില്ല എന്ന് ഫിറോസ് പറയുന്നത്. ദേശീയ പക്ഷിയായ മയിലിനെ ആരും ഉപദ്രവിക്കരുതെന്നും ഭക്ഷണമായി കഴിക്കാൻ നല്ലതല്ലെന്നും വീഡിയോയിലൂടെ പറയുന്നു. പിന്നീട് ചിക്കൻ കറിവച്ച് കഴിച്ച് വീഡിയോ അവസാനിപ്പിക്കുകയാണ് ഫിറോസ്.

'മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.' ഫിറോസ് വിഡിയോയിൽ പറയുന്നു. 20,000 രൂപയോളം െകാടുത്താണ് മയിലിനെ വാങ്ങിയത്. മയിലിനെ കറി വയ്ക്കുന്നതിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു.

ഓസ്ട്രേലിയലിൽ നിന്നുമുള്ള മയിലിനെ ഷാർജയിലെ ബേർഡ്സ് ആൻഡ് അനിമൽ മാർക്കറ്റിൽ നിന്നും 20,000 രൂപയ്ക്കാണ് ഫിറോസ് വാങ്ങിയത്. ഇന്ത്യൻ മയിലിനെപോലെതന്നെയുള്ള ഇനമായിരുന്നു. മയിലിനെ വാങ്ങി കറിവയ്ക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസിന്റെ ആഹ്വാനം. എന്നാൽ വെറുതെ പറഞ്ഞതായിരുന്നു എന്നാണ് ഫിറോസ് പറയുന്നത്. മയിലിനെ കറിവയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ദേശീയത ഉയർത്തി ഒട്ടേറെ പേർ രംഗത്തെത്തി. ആറായിരത്തിലേറെ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. ഇവിടെ മയിലിനെ െതാടാൻ പോലും പറ്റില്ലെന്നും കേസാണെന്നും അതുകൊണ്ടാണ് ദുബായ് പോയി കറി വയ്ക്കാൻ തീരുമാനിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാൻ മയിലിനെ വാങ്ങാൻ കിട്ടുമെന്നും അദ്ദേഹം പറയുന്നു.

'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയതുകൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളതുകൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല.അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്.' കമന്റുകളിൽ ഒന്നിങ്ങനെ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയെ കറി വയ്ക്കാൻ തനിക്ക് എങ്ങനെ തോന്നുന്നുവെന്നും ചിലർ ചോദിക്കുന്നു. ഇത്തരത്തിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മയിലിനെ കറിവയ്ക്കാനല്ലെന്നും ആളുകളുടെ പ്രതികരണം എങ്ങനെയാകും എന്നറിയുവാനുമാണ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയതെന്നും കാട്ടി ഫിറോസ് വീഡിയോയിലൂടെ രംഗത്ത് വന്നത്.