മലപ്പുറം: തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവും ഇളക്കി മറിച്ച പ്രചരണം നടത്തിയ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പല വിധത്തിലുള്ള ആരോപണങ്ങളും ഫിറോസ് നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പിന് ശേഷവും ഈ പ്രചരണങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ വിവാദങ്ങൾക്ക് മറുപടി പറയുകയാണ് ഫിറോസ് കുന്നംപറമ്പിൽ.

തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വ്യാജപ്രചാരണങ്ങൾ തുടരുന്നതായി തവനൂർ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് പറഞ്ഞു. ഇതെല്ലാം തവനൂരിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലാണ് ഫിറോസിന്റെ പ്രതികരണം.

ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളെ കാണാനും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉദ്ഘാടച്ചടങ്ങിനുമാണ് ദുബായിലെത്തിയത്. തവനൂരുകാരുടെ സുഖത്തിലും ദുഃഖത്തിലും നിങ്ങൾക്കൊപ്പമുണ്ടാകും- ഫിറോസ് പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

*ഞാൻ തവനൂർ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുൻപ് തന്നെ* ... എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ എത്തിച്ചേരാം എന്ന് ഉറപ്പുനൽകിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങൾക്കും ആണ് ദുബായിയിൽ എത്തിയത്....എനിക്ക് ദുബായിയിൽ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല... തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങൾ ...ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങൾ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് ...... ഞാൻ തവനൂരുകാർക്ക് നൽകിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്... അതുപാലിക്കാൻ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല... ഞാൻ നൽകിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടർമാർക്ക് അറിയാം.....

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല.... പരാജയം ബോധ്യപെടുമ്പോൾ പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളുമായി കടന്നു വരും...... അതെല്ലാം മനസ്സിലാക്കാൻ തവനുരിലെ ജനങ്ങൾക്കു നന്നായി അറിയാം...