- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അവനിന്ന് ഒരു വയസ്'; പേരൂർക്കട പൊലീസിന്റെ എഫ്ഐആർ മാതാപിതാക്കളെ നഷ്ടപ്പെട്ട ആ ചോരക്കുഞ്ഞിനുള്ള പിറന്നാൾ സമ്മാനമോ? നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അജിത്തും അനുപമയും
തിരുവനന്തപുരം: പേരൂർക്കടയിലെ അജിത്തിന്റെയും അനുപമയുടെയും മകന് ഇന്ന് ഒരു വയസ് തികയുന്നു. സാധാരണഗതിയിൽ അനുപമയും അജിത്തും ഒന്നിച്ച് സന്തോഷത്തോടെ ആഘോഷിക്കേണ്ട ഈ ദിനമാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റിയതിനെ തുടർന്ന് ആന്റി ക്ലൈമാക്സിലേയ്ക്ക് കടന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ അപ്പോൾ അജിത്തിന്റെ ആദ്യവിവാഹത്തിന്റെ ഡിവോഴ്സ് കേസ് നടക്കുന്നതേ ഉണ്ടായിരുന്നുള്ളു.
മൂന്ന് ദിവസത്തിന് ശേഷം കുടുബസുഹൃത്തായ ഡോക്ടർ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്കാണ് കാറിൽ വെച്ച് ജയചന്ദ്രൻ കുട്ടിയെ എടുത്ത് മാറ്റിയത്. ചേച്ചിയുടെ വിവാഹം ഉടൻ നടത്തുമെന്നും അതുവരെ കുട്ടിയെ മാറ്റിനിർത്താമെന്നുമായിരുന്നു ജയചന്ദ്രൻ അന്ന് പറഞ്ഞത്. കുഞ്ഞിനെ മാറ്റാൻ അനുപമയ്ക്ക് സമ്മതമല്ലായിരുന്നു. എന്നാൽ സിസേറിയൻ കഴിഞ്ഞിരിക്കുന്ന അനുപമയ്ക്ക് പ്രതിരോധിക്കാൻ കഴിയുമായിരുന്നില്ല.
സഹോദരിയുടെ വിവാഹശേഷം അജിത്തിനോടൊപ്പം അനുപമയും കുഞ്ഞിനെയും വിടാമെന്നും ജയചന്ദ്രൻ വാക്കുപറഞ്ഞിരുന്നെങ്കിലും അനുപമ പിന്നീട് സ്വന്തം കുഞ്ഞിനെ കണ്ടിട്ടില്ല. അജിത്തിനൊപ്പം വിടാമെന്ന വാക്കിൽ നിന്നും ജയചന്ദ്രൻ പിന്മാറി. ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ചതി മനസിലായത്. ഇതോടെ അനുപമ വീട് വിട്ടിറങ്ങുകയായിരുന്നു. അജിത്തും അനുപമയും ഒന്നായെങ്കിലും തങ്ങളുടെ കുഞ്ഞ് ഒപ്പമില്ലാത്ത ദുഃഖം അവരെ വേട്ടയാടികൊണ്ടിരുന്നു. അങ്ങനെയാണ് കുഞ്ഞിനെ കണ്ടെത്താൻ പരാതിയുമായി അവർ പൊലീസിന് മുന്നിലെത്തിയത്. എന്നാൽ ജയചന്ദ്രന്റെ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മുന്നിൽ ആ രണ്ട് യുവാക്കൾ നിസഹായരാകുകയായിരുന്നു.
പേരൂർക്കട പൊലീസിന് പരാതി നൽകിയിട്ട് ആറ് കഴിഞ്ഞാണ് എഫ്ഐആർ ഇടാൻ പോലും അവർ തയ്യാറായത്. കഴിഞ്ഞ് ഏപ്രിൽ 19 നായിരുന്നു അവർ ജയചന്ദ്രനെതിരെ പരാതി നൽകിയത്. സംഭവം വിവാദമായിട്ടും ഇക്കാലമത്രയും പരാതിയിൽ എഫ്ഐആർ പോലും ഇടാതെ തഴഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ സ്വാധീനം മൂലമാണന്നും അജിത്തും അനുപമയും പറയുന്നു.
മുഖ്യമന്ത്രിയും ഡിജിപിയും മനുഷ്യാവകാശ കമ്മീഷനുമടക്കം എല്ലാ വാതിലുകളും മുട്ടി തളർന്നിരിക്കുമ്പോഴാണ് മകന്റെ പിറന്നാൾ സമ്മാനം പോലെ കേസെടുക്കാൻ പേരൂർക്കട പൊലീസ് നിർബന്ധിതരായത്. സിപിഎം ജില്ലാ സെക്രട്ടറിയും ഈ വിഷയത്തിൽ ജയചന്ദ്രന് അനുകൂലമായി നേരിട്ട് ഇടപെടുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു. അജിത്തിനേയും അനുപമയേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസുകൾ പിൻവലിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിന് വേണ്ടി അഭിഭാഷകരടക്കമുള്ളവരെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
ഒന്നാം പിറന്നാൾ ദിനത്തിലും തങ്ങളുടെ കുഞ്ഞ് എവിടെയെന്ന് അറിയാത്തതിന്റെ വിഷമത്തിലാണ് അജിത്തും അനുപമയും. പ്രസവിച്ച ശേഷം മൂന്നു ദിവസം മാത്രമാണ് അനുപമയ്ക്ക് കുട്ടിയെ കാണാൻ കഴിഞ്ഞത്. ഒന്നുകിൽ ആത്മഹത്യ ചെയ്യാം അല്ലെങ്കിൽ ഞങ്ങൾ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്നാണ് അനുപമയോട് സ്വന്തം മാതാപിതാക്കൾ പറഞ്ഞത്. അജിത്ത് മുൻ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്. എന്നാൽ ഈ പ്രശ്നത്തിൽ സിപിഎം ജയചന്ദ്രനൊപ്പമാണ് നിലയുറപ്പിച്ചത്. കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം. ആശുപത്രിയിൽ നിന്നാണ് ജയചന്ദ്രൻ കൂട്ടിയെ കൊണ്ടു പോയതെന്നാണ് അനുപമ പറയുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ ആ പരാതിയും എത്തിയത് ഇവർക്ക് നീതി നിഷേധിച്ച പേരൂർക്കട പൊലീസ് സ്റ്റേഷനിൽ തന്നെയാണ്. ഒടുവിൽ അസിസ്റ്റന്റ്റ് പൊലീസ് കമ്മിഷണറുടെ ഇടപെടൽ വഴിയാണ് കുട്ടിയെ മാതാപിതാക്കൾ അമ്മത്തോട്ടിലിൽ ഏൽപ്പിച്ചു എന്ന കാര്യം പോലും ഈ ദമ്പതികൾക്ക് മനസിലാകുന്നത്. തന്നിൽ ബലമായി ഒപ്പിട്ട് വാങ്ങിയ കത്തിൽ വാചകങ്ങൾ എഴുതി ചേർത്ത ശേഷം കുട്ടിയെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുപമ പറയുന്നത്.
കുഞ്ഞിനെ തമിഴ്നാടിൽ ഒരിടത്ത് ഏൽപ്പിച്ചു എന്ന് മാമൻ പറയുമ്പോൾ മറ്റൊരിടത്ത് ഏൽപ്പിച്ചു എന്ന് ബന്ധുക്കളും അമ്മത്തൊട്ടിലിൽ എന്ന് മാതാപിതാക്കളും പറയുന്നു. പക്ഷെ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അനുപമയ്ക്ക് അറിയില്ല. ഇനി കോടതിയുടെ സഹായം തേടാനാണ് ദമ്പതികൾ ഒരുങ്ങുന്നത്. അനുപമയുടെ ചേച്ചിയുടെ വിവാഹാവശ്യത്തിന് എന്ന് പറഞ്ഞ് പ്രസവത്തിന് രണ്ട് ദിവസം മുമ്പ് ജയചന്ദ്രൻ ഏതൊക്കെയോ പേപ്പറുകളിൽ അനുപമയെ കൊണ്ട് ഒപ്പിടുവിച്ചിരുന്നു. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാൻ ആ പേപ്പറുകളാണ് ജയചന്ദ്രൻ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിക്കുന്നു.
കേസിന്റെ വിവരങ്ങളന്വേഷിക്കാൻ വിളിക്കുന്നവരോടെല്ലാം അജിത്തിനും അനുപമയ്ക്കും ചോദിക്കാനുള്ളത് 'ഞങ്ങളുടെ കുഞ്ഞിനെ കിട്ടുമായിരിക്കും അല്ലേ' എന്ന് മാത്രമാണ്. ശിശുക്ഷേമ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ നൽകിയ ഒക്ടോബർ 22-ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി ഫലം നെഗറ്റീവായിരുന്നു. അന്ന് രണ്ട് ആൺകുഞ്ഞുങ്ങളാണ് അവിടെയെത്തിയത്. മറ്റേ കുഞ്ഞിനെ ദത്തെടുത്ത് പോയി എന്നറിയാം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
ദത്ത് എടുത്ത വീട്ടുകാർക്ക് അവനെ തിരികെ തരാൻ ബുദ്ധിമുട്ടായിരിക്കും എങ്കിലും എന്റെ മകൻ എന്നോടൊപ്പമാണ് വളരേണ്ടത്. അല്ലാതെ വേറെയൊന്നും ഞാൻ ചിന്തിക്കുന്നില്ല. വളർന്ന് വരുമ്പോൾ എന്റെ മകനോട് എല്ലാം പറഞ്ഞ് മനസിലാക്കണം. അവന് എന്നെ മനസിലാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് എന്റെ കുഞ്ഞിനെ വേണം. എന്റെ കാര്യം വിടൂ, അവന് അവന്റെ അമ്മയെ വേണ്ടേ? അത് ആ കുഞ്ഞിന്റെ അവകാശമല്ലേ...' അനുപമ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ