കൊച്ചി: ഇന്നലെ പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും അപകടകരമായ പ്രവണത പുറത്തുവന്നത് കിഴക്കമ്പലത്ത് കിറ്റക്‌സ് എന്ന വ്യവസായ ഭീമന്റെ കീഴിൽ രൂപം കൊടുത്ത 'ട്വന്റി20 കിഴക്കമ്പലം'യുടെ വിജയത്തോടെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ദേശീയ മാദ്ധ്യമങ്ങളിൽ പോലും ഈ കോർപ്പറേറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ വാർത്ത പ്രാധാന്യമർഹിക്കുന്നതാണ്. ജനവികാരം തങ്ങൾക്കെതിരായി മാറാതിരിക്കാൻ പണമെറിഞ്ഞ് ഒരു കോർപ്പറേറ്റ് കമ്പനി സ്ഥാനാർത്ഥികളെ നിർത്തുകയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിലയ്‌ക്കെടുക്കുകയും ചെയ്ത കാഴ്‌ച്ചയായിരുന്നു കൊച്ചിയിലെ കിഴക്കമ്പലത്തു നിന്നും ഉണ്ടായത്. നാളെ അംബാനിയും അദാനിയുമൊക്കെ ഈ തന്ത്രം പയറ്റി രംഗത്തു വന്നാൽ നമ്മുടെ ജനാധിപത്യത്തിന് തന്നെ ഭീതി ഉണ്ടാക്കുന്ന വിധത്തിലായിരുന്നു ട്വന്റി20യുടെ വിജയം.

യുഡിഎഫും എൽഡിഎഫും ബിജെപിയും കിറ്റെക്‌സുമായിരുന്നു കിഴക്കമ്പലം കൂട്ടായ്മക്കെതിരെ രംഗത്തെത്തിയിരുന്നത്. ചതുഷ്‌കോണ മത്സരത്തിൽ ആകെയുള്ള 19 വാർഡുകളില് 17ലും കിറ്റെക്‌സിന്റെ ട്വന്റി20 ജയം നേടി. അവശേഷിച്ച രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസും മറ്റൊന്ന് എസ്ഡിപിഐയും നേടി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി കിറ്റെക്‌സ് രൂപീകരിച്ചതാണ് ട്വന്റി20 കിഴക്കമ്പലം. ഇതിന്റെ വിജയത്തിനായി കിറ്റെക്‌സ് ചെലവഴിച്ചത് ലക്ഷങ്ങളായിരുന്നു. കമ്പനിയുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്‌കീമിൽ ഉൾപ്പെടുത്തിയാണ് ഭീമമായ തുക ചെലവിട്ടത്. മറ്റ് വിഷയങ്ങളേക്കാളേറെ പഞ്ചായത്ത് ചർച്ച ചെയ്തതും കിറ്റെക്‌സിന്റെ ഈ പണം ചെലവിടലും അധികാരം പിടിച്ചെടുക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളുമായിരുന്നു. പണമേറെ ഒഴുകിയ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പ്രദേശം കിറ്റെക്‌സിന് കീഴിലായി. ഇനി കമ്പനി ഭരണം. കിഴക്ക് പിടിക്കുകയെന്ന ലക്ഷ്യം ഈസ്റ്റിന്ത്യാ കമ്പനി നേടിയതുപോലെ കിഴക്കമ്പലം പിടിക്കൽ കിറ്റെക്‌സിനും സാധ്യമായി.

കിറ്റെക്‌സ് മത്സര രംഗത്തേക്ക് വന്നതിന് ഒറ്റ കാരണമേയുണ്ടായിരുന്നുള്ളൂ. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ കമ്പനിയുടെ ഡൈയിങ് യൂണിറ്റിന് അനുമതി നിഷേധിച്ച കിഴക്കമ്പലം പഞ്ചായത്ത് യുഡിഎഫ് ഭരണമിതിയെ താഴെയിറക്കുക എന്നതായിരുന്നു അത്. ഈ ലക്ഷ്യത്തോടെയാണ് സ്വന്തം രാഷ്ട്രീയ പാർട്ടിയെന്ന കൂട്ടായ്മയെ പണത്തിന്റെ കൊഴുപ്പിൽ രൂപം നൽകിയത്.

ലൈസൻസ് ലഭിക്കണമെങ്കിൽ പഞ്ചായത്ത് ഭരണം കമ്പനിയുടേതാകണം. അതിനുള്ള അടിത്തട്ട് ഒരുക്കുകയായിരുന്നു സിഎസ്ആർ പദ്ധതിയിലൂടെ ഒന്നര വർഷമായി കമ്പനി. കിറ്റെക്‌സ് ഒരുക്കിയ ആ വലയിൽ ആദ്യം എൽഡിഎഫ് വീണു. എൽഡിഎഫിലെ നേതാക്കളൊക്കെ കമ്പനിയുടെ പണം കണ്ട് മഞ്ഞളിച്ചു. പിന്നീട് യുഡിഎഫ് ഭരണസമിതിക്കെതിരായ പ്രചാരണത്തിൽ ആദ്യം എൽഡിഎഫ് കിറ്റെക്‌സിന് പിന്തുണ നൽകി. ഇതിന്റെ വില എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ടു. കിറ്റെക്‌സിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പും പഞ്ചായത്ത് പിടിക്കലുമാണെന്ന് തിരിച്ചറിഞ്ഞ എൽഡിഎഫ് വൈകിവന്ന വിവേകത്തിൽ പിന്തുണപിൻവലിച്ച് മത്സര രംഗത്തിറങ്ങിയിരുന്നു. അപ്പോഴേക്കും എൽഡിഎഫിന്റെ അണികളേറെയും കിറ്റെക്‌സിന്റെ ആനുകൂല്യം പറ്റുന്നവരായി മാറ്റി.

തെരഞ്ഞെടുപ്പിന് മുമ്പ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതി പ്രകാരം വിലകുറച്ച് സാധനങ്ങൾ നൽകിയും മറ്റ് പ്രവർത്തനങ്ങൾ നടത്തിയുമാണ് കിറ്റെക്‌സ് ജനങ്ങളുടെ ഇടയിൽ വേരുറപ്പിച്ചത്. ഈ നുഴഞ്ഞുകയറ്റത്തെ ചെറുക്കാൻ യുഡിഎഫിനും എൽഡിഎഫിനുമായില്ല. അടിത്തട്ടിലെ ജനങ്ങളെ ഒരു കമ്പനി സന്നദ്ധ സേവനത്തിന്റെ പുതപ്പിനുള്ളിൽ ഒതുക്കി കൊണ്ടുപോയപ്പോൾ കനത്ത നഷ്ടം നേരിട്ടത് യുഡിഎഫിനേക്കാളേറെ എൽഡിഎഫിനാണ്.

രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ സിഎസ്ആർ പ്രകാരം ഉൾപ്പെടത്തില്ലെന്നതാണ് കേന്ദ്ര സിഎസ്ആർ നിയമം. കിറ്റെക്‌സിന്റെ സംഘടന തെരഞ്ഞെടുപ്പിൽ നേരിട്ട് പങ്കെടുത്തതോടെ അത് സിഎസ്ആർ വ്യവസ്ഥയുടെ ലംഘനം തന്നെയായി. പക്ഷെ, വോട്ടർമാർക്കിടയിൽ വ്യവസ്ഥ ലംഘിച്ചുള്ള കമ്പനിയുടെ പ്രവർത്തനങ്ങളേക്കാളേറെ സ്വാധീനിച്ചത് കമ്പനി നൽകിയ വാഗ്ദാനങ്ങളാണ്. കമ്പനി ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കമ്പനി ഭരണസമിതി നൽകുന്ന ഉത്തരം എന്തായിരിക്കും എന്നതാണ് ഇനി ഉയരുന്ന ചോദ്യം.

അതേസമയം കിറ്റക്‌സ് കമ്പനിക്കെതിരായ വാദങ്ങളെ പ്രതിരോധിക്കുകയാണ് കിഴക്കമ്പലം കൂട്ടായ്മ. 300 കോടിയുടെ വികസന പദ്ധതികൾ പഞ്ചായത്തിൽ നടപ്പിലാക്കുമെന്നുമാണ് കിഴക്കുമ്പലം കൂട്ടായ്മയുടെ വാഗ്ദാനം. കേരള ചരിത്രത്തിൽ ആദ്യമായിട്ട് തന്നെയാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളെയും നിഷ്പ്രഭരാക്കി ഒരു ജനകീയ കൂട്ടം പഞ്ചായത്ത് ഭരണത്തിൽ എത്തുന്നത്. മൂന്നാറിലെ ജനകീയ കൂട്ടായ്മ നമുക്ക് സമ്മാനിച്ചത് ആശ്വാസം സമ്മാനിക്കുന്ന വിജയം ആയിരുന്നു എങ്കിൽ കിഴക്കമ്പലത്തെ വിജയത്തെ ഭീതിയോടെയാണ് കേരളം നോക്കികാണുന്നത്. ദേശീയ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റുകളും പ്രതിഷേധം ഉയരുന്ന മേഖലയിൽ ഇത്തരം കൂട്ടായ്മകളുമായി രംഗത്തെത്തിയേക്കുമെന്ന ഭീതിയാണ് എല്ലാവർക്കുമുള്ളത്.