കുവൈറ്റ് സിറ്റി: കുവൈറ്റും അതിശൈത്യത്തിന്റെ പിടിയിലാണ്. രാജ്യത്തുണ്ടാകുന്ന ശക്തമായ മഞ്ഞുവീഴ്ചയിൽ വാഹനഗതാഗതം ജനജീവിതവും തടസപ്പെട്ടു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന മഞ്ഞുവീഴ്ച ഒരാഴ്ചയോളം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കനത്ത കാറ്റും കൂടി വീശാൻ തുടങ്ങിയതോടെ ജനജീവിതം ദുസഹമായി. മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വേഗതയിൽ വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം മഞ്ഞുകട്ടകൾ വീഴുന്നത് ഒരാഴ്ചയോളം നീണ്ടുനിൽക്കും. വ്യാഴാഴ്ച പകൽ താപനില 8 ഡിഗ്രിയിലെത്തി. രാത്രിയോടെ തണുപ്പ് ശക്തമായേക്കും. വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നും രാത്രി സമയങ്ങളിൽ താപനില പൂജ്യത്തിൽ താഴെയെത്തുമെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകി.

എന്നാൽ കൊടുംതണുപ്പിനെ അതിജീവിക്കാൻ റൂമിനുള്ളിൽ കത്തിച്ചുവച്ച അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട് ഗുരുതരാവസ്ഥയിലായ ഒരാളെ ജഹ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അതിർത്തിപ്രദേശമായ അബ്ദലിയിലെ മരുപ്രദേശത്തെ ഫാം ഹൗസിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ തണുപ്പകറ്റാൻ മുറിക്കുള്ളിൽ അടുപ്പുകൂട്ടി കത്തിച്ച ശേഷം ഉറങ്ങാൻ കിടന്ന തൊഴിലാളികളാണ് മരിച്ചത്. അടുപ്പിലെ കരിയിൽ നിന്നുയർന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ചവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല.