പട്‌ന: പലവിധ കാരണങ്ങളാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയിൽ നിലയ്ക്കുന്ന കാര്യങ്ങളാണ് ഇന്ത്യയിലെ ഉൾപ്രദേശങ്ങളിൽ നിന്നും കേൾക്കാറുള്ളത്. ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചാലും ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരാറുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്ര സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും ജീവിത സാഹചര്യങ്ങൾ അടക്കം ഇവർക്ക് തിരിച്ചടിയാകാറാണുള്ളത്. എന്നാൽ ഒരു ദളിത് പെൺകുട്ടി ആദ്യമായി മെട്രിക്കുലേഷൻ പരീക്ഷയിൽ പങ്കെടുത്തതിന്റെ ആഹ്ലാദം ഒരു ഗ്രാമത്തിന്റെ ഒന്നാകെ ആഘോഷ നിമിഷങ്ങളായി മാറിയാലോ. അത്തരമൊരു സന്തോഷകരമായ വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തുവരുന്നത്.

ഒരു പെൺകുട്ടിയുടെ വിജയത്തിനൊപ്പം ഒരു ഗ്രാമം മുഴുവൻ സന്തോഷിക്കുന്ന കാഴ്ച. ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഹൃദയസ്പർശിയും മനോഹരവുമായ കഥയെന്ന് ഇതിനെ വിശേഷിപ്പിക്കാം. തങ്ങളുടെ സമുദായത്തിൽ നിന്നുള്ള പെൺകുട്ടി ആദ്യമായി മെട്രിക്കുലേഷൻ പരീക്ഷയിൽ പങ്കെടുത്തതിന്റെ ആഹ്ലാദത്തിലാണ് സീതാമർഹി ജില്ലയിലെ ഡബ് ടോൾ ഗ്രാമത്തിൽ നിന്നുള്ള മുഴുവൻ ദളിത് ഗ്രാമവാസികളും. ഈ പെൺകുട്ടിയുടെ പേര് ഇന്ദിര എന്നാണ്.

പരിഹാർ ബ്ലോക്കിലെ ബതുവാര പഞ്ചായത്തിലെ ഡബ് ടോൾ ഗ്രാമത്തിൽ കൂടുതലായി താമസിക്കുന്നത് ദളിത് സമുദായത്തിലുള്ളവരാണ്. ഈ ഗ്രാമത്തിലെ ആകെ ജനസംഖ്യ ഏകദേശം 900 ആണ്. എന്നാൽ ഈ ഗ്രാമത്തിലെ ദളിത വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയും ഇതുവരെ മെട്രിക്കുലേഷൻ പരീക്ഷ എഴുതിയിട്ടില്ല. ഈ ഗ്രാമത്തിൽ നിന്നുള്ള ഏതാനും യുവാക്കൾ ബിരുദതലം വരെ പഠിച്ചിട്ടുണ്ട്. ഇവരുടെ മാതാപിതാക്കൾ ദിവസക്കൂലിക്കാരും അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരുമായതിനാൽ എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയാണ് ഈ കുട്ടികൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രീ-ബോർഡ് പരീക്ഷയിൽ നല്ല മാർക്കോടെയാണ് ഇന്ദിര വിജയിച്ചത്. തുടർന്ന് ബിഹാർ സ്‌കൂൾ എക്‌സാമിനേഷൻ ബോർഡ് (ബിഎസ്ഇബി) നടത്തുന്ന മെട്രിക്കുലേഷൻ പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തപ്പോൾ, ഗ്രാമത്തിന്റെയാകെ സന്തോഷത്തിന് അതിരില്ലായിരുന്നു. അക്ഷരാർത്ഥത്തിൽ അവർ ആഘോഷിക്കുകയായിരുന്നു.

വ്യാഴാഴ്ച ഇന്ദിര പരീക്ഷാ കേന്ദ്രത്തിലേക്ക് പരീക്ഷയെഴുതാൻ പോയപ്പോൾ, ഗ്രാമം മുഴുവൻ പെൺകുട്ടിയെ യാത്രയാക്കാനും അവളുടെ വിദ്യാഭ്യാസത്തിലെ പ്രധാന പരീക്ഷയിൽ വിജയാശംസകൾ നേരാനും അവളെ അനുഗമിച്ചിരുന്നു. പേനയും അഡ്‌മിറ്റ് കാർഡും കയ്യിൽ പിടിച്ച് പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് ഇന്ദിര നടക്കുമ്പോൾ ഗ്രാമവാസികൾ പെൺകുട്ടിക്ക് നേരെ കൈ വീശുന്നുണ്ടായിരുന്നുയ. ഏതൊരാളെയും സന്തോഷിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു ഇത്. ഇന്ദിരയുടെ അച്ഛൻ മഹേഷ് മാഞ്ചി തമിഴ്‌നാട്ടിൽ കൂലിപ്പണിക്കാരനാണ്.

''ഇന്ദിര നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതത്തിലെ നിരവധി പ്രതിസന്ധികളോട് പൊരുതേണ്ടി വന്നെങ്കിലും പഠനം ഉപേക്ഷിച്ചില്ല. പഠനത്തിനായുള്ള അവളുടെ സമർപ്പണത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു,'' പ്രദേശവാസിയായ മുഖിയ ധനേശ്വർ പാസ്വാൻ പറഞ്ഞു, ഇനി മുതൽ ദളിത് വിഭാഗത്തിൽ നിന്നുള്ള മറ്റ് പെൺകുട്ടികളും അവളെ പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ദളിത് പെൺകുട്ടി മെട്രിക്കുലേഷൻ പരീക്ഷ എഴുതുന്നതിൽ എല്ലാവരും സന്തോഷിക്കുന്നു എന്ന് എൻജിഒ ആയ ബച്ച്പൻ ബച്ചാവോ ആന്ദോളന്റെ ലോക്കൽ പ്രോജക്ട് മാനേജർ മുകുന്ദ് കുമാർ ചൗധരി പറഞ്ഞു, ''ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. പേന സമ്മാനിച്ചാണ് ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചത്. അവൾ നല്ല മാർക്കോടെ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,'' ചൗധരി കൂട്ടിച്ചേർത്തു.

16.48 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ബിഎസ്ഇബി നടത്തുന്ന മെട്രിക്കുലേഷൻ പരീക്ഷ എഴുതുന്നത്. ഇവരിൽ 8.6 ലക്ഷം പെൺകുട്ടികളും 8.42 ലക്ഷം ആൺകുട്ടികളുമാണ്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം ഏകദേശം തുല്യമാണ്. ഇത് വിദ്യാഭ്യാസത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം വളരുന്നു എന്നതിന്റെ സൂചന കൂടിയാണ്.