- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ മൊബൈൽഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സ്; ലോകത്തെ മാറ്റി മറിച്ച മൊബൈൽ വിപ്ലവം തുടങ്ങിയത് ഇങ്ങനെ
മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു അവയവമായി മാറിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. ഉണരുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോൾ വരെ നമുക്ക് മൊബൈൽ ഫോൺ കൂടിയേ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ മൊബൈൽ സംഭാഷണത്തെക്കുറിച്ച് നമ്മിൽ എത്രപേർക്കറിയാമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ട
മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു അവയവമായി മാറിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. ഉണരുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോൾ വരെ നമുക്ക് മൊബൈൽ ഫോൺ കൂടിയേ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ മൊബൈൽ സംഭാഷണത്തെക്കുറിച്ച് നമ്മിൽ എത്രപേർക്കറിയാമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സായ വിവരവും അധികമാർക്കുമറിയാത്ത വസ്തുതയാണ്. എന്നാൽ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും ലേഡി ഹാരിസൺ ആ സംഭാഷണം ഓർത്തെടുക്കാൻ അനായാസം സാധിക്കുന്നുണ്ട്. കാരണം ആ സംഭാഷണം നടത്തിയത് അവരുടെ മകനും ഭർത്താവും തമ്മിലാണ്. വോഡഫോണിന്റെ സ്ഥാപകനായ സർ ഏർണസ്റ്റ് ഹാരിസണും അദ്ദേഹത്തിന്റെ മകനായ മൈക്കൽഹാരിസണും തമ്മിലാണ് ലോകത്തിലെ ആദ്യത്തെ ഈ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. 2009ൽ തന്റെ 82-ാം വയസ്സിലാണ് ഹാരിസൺ മരണമടഞ്ഞത്.
'ഹായ് ഡാഡ്, മൈക്ക് ഹിയർ. ഐ ആം ടാക്കിങ് ടു യു ഫ്രം പാർലിമെന്റ് സ്‌ക്വയർ..ദി വെരി ഫസ്റ്റ് കാൾ ഫ്രം എ മൊബൈൽ ഫോൺ, ഹാപ്പി ന്യൂ ഇയർ..'. എന്നാണ് അന്ന് മകൻ ഹാരിസണോട് ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം നടത്തിക്കൊണ്ട് പറഞ്ഞത്. 1985 തുടങ്ങുന്ന അർധരാത്രിയിലായിരുന്നു ചരിത്രം കുറിച്ച ആ സംഭാഷണം നടന്നത്. ഈ ചരിത്രമുഹുർത്തത്തിന് സാക്ഷിയാകാൻ താൻ അപ്പോൾ ഹാരിസണ് അടുത്ത് നിൽക്കുന്നുണ്ടായിരുന്നുവെന്ന് ലേഡി ഹാരിസൺ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യമൊബൈൽ സംഭാഷണത്തിന്റെ 30ാം വാർഷികം ബ്രിട്ടനിൽ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഇക്കാലത്തിനിടെ ബ്രിട്ടനിലെയും ലോകമാകമാനമുള്ള മൊബൈൽ വിപണികളിലും വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഇന്നത്തെ മൊബൈൽ ഫോണുകൾ വെറും ഫോൺ വിളിക്കാനുള്ള ഉപകരണങ്ങൾ മാത്രമല്ലെന്ന് കാണാം. ഫോട്ടോകളും വീഡിയോകളുമെടുക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും എന്തിനേറെ ഡ്രൈവിംഗിന് നിർദ്ദേശങ്ങൾ വരെ നൽകാൻ കഴിവുള്ള മൊബൈലുകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്ന് അഞ്ച് കിലോഗ്രാം ഭാരമുള്ള മൊബൈൽ ഫോണുമായാണ് മൈക്കൽ ഹാരിസൺ തന്റെ പിതാവിനെ വിളിക്കാൻ പുതുവർഷപ്പുലരിയിൽ പാർലമെന്റ് സ്‌ക്വയറിലെത്തിയതെങ്കിൽ ഇന്നത്തെ മൊബൈൽ ഫോണുകളുടെ ഭാരം കേവലം ഗ്രാമുകൾ മാത്രമാണെന്ന് കാണാം.
തങ്ങൾ മൊബൈലിലൂടെയുള്ള ആദ്യത്തെ ബ്രൊഡ്കാസ്റ്റ് കാണാൻ പോകുകയാണെന്നാണ് അന്ന് പരമ്പരാഗതമായ ന്യൂ ഇയർ പാർട്ടിയിൽ വച്ച് ലേഡി ഹാരിസൺ പ്രഖ്യാപിച്ചിരുന്നത്. സർ ഏർണസ്റ്റ് ഹാരിസൺ റിസീവർ എടുക്കുന്ന ചരിത്ര നിമിഷം ഒരു ഫോട്ടോഗ്രാഫർ പകർത്തിയതായും ലേഡി ഹാരിസൺ ഓർത്തെടുക്കുന്നു.
ഫോണിന്റെ മറുതലയ്ക്കൽ ആളുകൾ തന്റെ പിതാവിനൊപ്പം ഈ ചരിത്രനിമിഷം ആഘോഷിക്കുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ ഹാരിസൺ പറഞ്ഞത്. ഇതൊരു മാസീവ് മൊമെന്റാണെന്ന് ഡാഡി എല്ലാവരോടും പറയുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ നിങ്ങൾ വർത്തമാനകാലത്തിലാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും എന്ന് ആദ്യത്തെ മൊബൈൽ സംഭാഷണത്തിന് ശേഷം ഏർണെസ്റ്റ് ഹാരിസൺ തനിക്ക് ചുറ്റും കൂടിയവരോട് വിളിച്ച് പറയുന്നത് മൈക്കൽ മറുതലയ്ക്കൽ നിന്ന് കേട്ടിരുന്നു. മൈക്കൽ ഈ നിമിഷത്തിന് വേണ്ടി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഹാരിസൺ വിളിച്ച് പറഞ്ഞത്.
ബ്രിട്ടനിൽ ആദ്യ മൊബൈൽ സംഭാഷണം യാഥാർത്ഥ്യമായി 10 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ ഇത് പ്രാവർത്തികമായത്. 1995 ജൂലൈ 31നായിരുന്നു ആ മഹാസംഭവം അരങ്ങേറിയത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും നരസിംഹറാവു മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷൻ മിനിസ്റ്ററായ സുഖ്‌റാമും തമ്മിലായിരുന്നു പ്രഥമസംഭാഷണം നടന്നത്. കൊൽക്കത്തിയിലെ റൈറ്റേഴ്‌സ് ബിൽഡിംഗിൽ നിന്നും ബസു ഡൽഹിയിലെ സഞ്ചാർഭവനിലുള്ള സുഖ്‌റാമിനെ വിളിച്ചതോടെയാണ് ഇന്ത്യയിൽ മൊബൈൽഫോൺ വിളി തുടങ്ങിയത്. കൊൽക്കത്തിയിലെ മോദി ടെൽസ്ട്രായുടെ മോബിൽനെറ്റ് ജിഎസ്എം നെറ്റ് വർക്കിലൂടെയായിരുന്നു ഈ ചരിത്രവിളി യാഥാർത്ഥ്യമായത്.മിക്ക വിപ്ലവങ്ങൾക്കും തുടക്കം കുറിച്ചവർ ശ്രദ്ധിക്കപ്പെടാതെ പോയ പ്രവണത ഇവിടെയും ആവർത്തിച്ചു. ജ്യോതിബസുവും സുഖ്‌റാമും ദേശിയതലത്തിലേക്കുയരാതെ പോയതു പോലെ മോബിൽ നെറ്റിന്റെ പ്രവർത്തനം നിലയ്ക്കുയും ചെയ്തു. അതുപോലെത്തന്നെ ആദ്യ മൊബൈൽ വിളിക്ക് സാക്ഷ്യം വഹിച്ച കൊൽക്കത്ത പിന്നീടുള്ള സെൽഫോൺ ഓപ്പറേറ്റർമാരെ സംബന്ധിച്ചിടത്തോളം അനാകർഷകമായ നഗരമായിത്തീരുകയും ചെയ്തു.
മറ്റോതൊരു വിപ്ലവത്തെയുമെന്ന പോലെ മൊബൈൽ ഫോൺ വിപ്ലവവും ഇന്ത്യയിൽ കാട്ട് തീ പോലെ ആളിപ്പടരുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഓരോ സെക്കൻഡിലും ഓരോ മൊബൈൽ ഫോണുകൾ വിറ്റഴിപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മിക്ക മൊബൈൽ ഓപ്പറേറ്റർമാരും 900 എംഎച്ച് ഇസഡ് ബാൻഡ് വിത്തിന് കീഴിലുള്ള ജിഎസ്എം മൊബൈൽ സിസ്റ്റമാണുപയോഗിക്കുന്നത്. എന്നാൽ അടുത്തിടെ ചില ഓപ്പറേറ്റർമാർ 1800 എംഎച്ച് ഇസഡ് ബാൻഡ് വിത്തിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സിഡിഎംഎ ഓപ്പറേറ്റർമാർ 800 എംഎച്ച് ഇസഡ് ബാൻഡിന് കീഴിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അവർ ഇവിഡിഒ യിൽ അധിഷ്ഠിതമായ ഹൈസ്പീഡ് ഡാറ്റ സർവീസ് യുഎസ്ബി ഡോംഗിളിലൂടെയാണ് രംഗത്തുകൊണ്ടുവന്നിരുന്നത്. 2008ൽ ഇന്ത്യയിൽ 3ജി സംവിധാനം നിലവിൽ വന്നു. ഇപ്പോഴിതാ 4ജിയും ഇവിടെയെത്തിയരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ ഓപ്പറേറ്റർമാർക്ക് പുറമെ വിവിധ സ്വകാര്യ ഓപ്പറേറ്റർമാരും ഇന്ത്യയിൽ സേവനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇന്ന് ലോകത്തിൽ ഏറ്റവും വളർച്ചയുള്ള മൊബൈൽഫോൺ വിപണികളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ 2013ന്റെ നാലാം ക്വാർട്ടറിൽ 166. 8 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ഗാർട്ട്‌നർ ഐഎൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗാർട്ട്‌നർ ട്രാക്ക് ചെയ്ത രാജ്യങ്ങളിൽ സമാർട്ട്‌ഫോൺ വിൽപനയിൽ ഉയർന്ന വളർച്ചയുള്ള വിപണിയാണ് ഇന്ത്യയിലുള്ളത്. 2013ൽ ചൈനയിൽ വിൽപനാ വളർച്ച 86.3 ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇന്ത്യയിൽ ഈ രംഗത്തുള്ള മുന്നേറ്റം എത്രയാണെന്ന് വ്യക്തമാകുന്നത്.
2014 ലെ ഇന്ത്യയിലെ മൊബൈൽ പ്രവണതകൾ
ഇന്ത്യയിലെ മൊബൈൽ മാർക്കറ്റിനെ നിയന്ത്രിക്കുന്നത് ആൻഡ്രോയ്ഡ് ആണെന്നാണ് 2014ലെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടുത്തെ മാർക്കറ്റ് ഷെയറിന്റെ 96.58 ശതമാനവും ആൻഡ്രോയ്ഡ് ആണ് കൈയടക്കിയിരിക്കുന്നത്. വിൻഡോസ് ഫോണാകട്ടെ മാർക്കറ്റ് ഷെയറിന്റെ 2.74 ശതമാനമാണ് കൈയടക്കിയിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള സ്മാർട്ട്‌ഫോണുകൾക്കാണ് ഇന്ത്യൻ വിപണിയിൽ പ്രിയം കൂടുതലെന്നാണ് ഈ വർഷത്തെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടെ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ 35 ശതമാനവും അഞ്ച് ഇഞ്ച് സ്‌ക്രീൻ സൈസുള്ളവയാണ്. ഡ്യൂവൽ സിം ഫോണുകൾ ഇന്ത്യയിൽ തരംഗമാകുന്ന കാഴ്ചയാണിപ്പോഴുള്ളത്. ഇവിടെയിറങ്ങുന്ന 90 ശതമാനം ഫോണുകളും ഇരട്ടസിമ്മിടാവുന്ന സൗകര്യത്തോടു കൂടിയവയാണെന്ന് കാണാം. ബഡ്ജറ്റ് സ്മാർട്ട്‌ഫോണുകൾ മുതൽ ഉയർന്ന വിലയുള്ള ഫ്‌ലാഗ്ഷിപ്പ് ഫോണുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. 2014ൽ മൈക്രോ മാക്‌സ് ഇന്ത്യയിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. 22 പുതിയ ഫോണുകളാണ് ഈ വർഷം മാത്രം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സാസംങാകട്ടെ വെറും നാല് പുതിയ സ്മാർട്ട്‌ഫോണുകളാണ് ഈ വർഷം ഇവിടെ ലോഞ്ച് ചെയ്തത്. അധികം വിലയില്ലാത്ത സ്മാർട്ട്‌ഫോണുകളോടായിരുന്നു ഈ വർഷം ഇന്ത്യക്കാർ പ്രിയം കാട്ടിയത്. ഇവിടെ പുറത്തിറങ്ങിയ 36 ശതമാനം ഫോണുകളും 5001 രൂപയ്ക്കും 9999 രൂപയ്ക്കും ഇടയിൽ വിലയുള്ളവയായിരുന്നു. അതുപോലെത്തന്നെ സെൽഫി ഫോണുകൾ മേൽക്കൈ നേടിയ വർഷവുമായിരുന്നു 2014. ഇവിട ഇറങ്ങിയ 88 ശതമാനം സ്മാർട്ട്‌ഫോണുകളും ഫ്രന്റ് ക്യാമറയുള്ളവയായിരുന്നു. അതുപോലെത്തന്നെ കൂടുതൽ ശേഷിയുള്ള റാമോടു കൂടിയ ഫോണുകളും 2014ൽ ഇറങ്ങി. ഈ വർഷം പുറത്തിറങ്ങിയ ഒരു ശരാശരി സ്മാർട്ട്‌ഫോണിന്റെ റാം കപ്പാസിറ്റി 442 എംബി ആയിരുന്നു. എന്നാൽ 2013ൽ ഇത് 346 എംബിയായിരുന്നു.