- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം; യുകെയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചെന്ന് അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല, വലിയ വ്യാപനം വരാനിരിക്കയാണ്; തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്‌സീൻ എടുക്കണമെന്നും ബോറിസ്
ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം. യുകെയിലാണ് ആദ്യത്തെ ഓമിക്രോൺ മരണം റിപ്പോർട്ടു ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓമിക്രോൺ ബാധിച്ച ആളുകൾ ആശുപത്രികളിൽ ചികിൽസയിലുണ്ട്. നിർഭാഗ്യവശാൽ ഒരാൾ മരിച്ചു. പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല. പുതിയ വകഭേദത്തെ തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്‌സീൻ എടുക്കുകയാണെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
പടിഞ്ഞാറൻ ലണ്ടനിലെ ഒരു വാക്‌സിനേഷൻ ക്ലിനിക്ക് സന്ദർശിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പുതിയ ഓമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി സാധാരണയെക്കാൾ അഞ്ചിരട്ടിയാണെങ്കിലും മരണം ഇല്ലെന്നത് ആശ്വാസത്തിലായിരുന്നു ലോകം ഇതുവരെ. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളിൽ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടത്തു സമൂഹവ്യാപനമായി മാറുകയും ചെയ്തു. എന്നാൽ ആഗോളതലത്തിൽ ഓമിക്രോൺ മൂലം മരണം ആദ്യമായാണ് റിപ്പോർട്ടു ചെയ്യുന്നത്. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്. എങ്കിലും വ്യാപനത്തിന്റെ രീതി വ്യക്തമായി മനസ്സിലാക്കാൻ ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലും ആഫ്രിക്കയിലും ഉൾപ്പെടെ അടുത്ത ഏതാനും മാസങ്ങളിൽ റിപ്പോർട്ട് ചെയ്‌തേക്കാവുന്ന കേസുകളിൽ പകുതിയിലധികവും ഓമിക്രോൺ വഴിയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഓമിക്രോൺ കോവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കാമെങ്കിലും മുൻ തരംഗങ്ങളിലേതു പോലെ സ്ഥിതി രൂക്ഷമാക്കില്ലെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ശക്തമായ തരംഗം വന്നാൽ പോലും ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യതയും ആശുപത്രിയിലെ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയാൽ തന്നെ ഗുരുതരാവസ്ഥ ഒഴിവാക്കാൻ കഴിയുമെന്നുമാണു വിലയിരുത്തൽ. കേരളത്തിലും ഓമിക്രോൺ രോഗബാധ എത്തിയത് യുകെയിൽ നിന്നും എത്തിയ ആൾ വഴിയായിരുന്നു.
ഓമിക്രോൺ എത്രത്തോളം അപകടകാരിയാണ് എന്ന പൂർണ വിവരങ്ങൾ ഇനിയും കിട്ടിയിട്ടില്ല. ഓമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്നും വാക്സിന്റെ കാര്യക്ഷമതയെ കുറയ്ക്കും എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. എന്നാൽ, ഡെൽറ്റയേക്കാൾ കുറഞ്ഞ തീവ്രതയുള്ള രോഗ ലക്ഷണങ്ങളേ ഉള്ളു എന്നതാണ് ആശ്വാസവാർത്ത. ലോകത്തിലെ കൊറോണ വൈറസ് ബാധയ്ക്ക് ഏറ്റവും അധികം കാരണമായിട്ടുള്ളത് ഡെൽറ്റ വകഭേദമാണ്. ഈ വർഷാദ്യമാണ് ഡെൽറ്റ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ദക്ഷിണാഫിക്ക്രയിൽ കണ്ടെത്തിയ ഓമിക്രോണിന് കൂടുതൽ ജനിതകമാറ്റങ്ങൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യാത്രാ നിരോധനം അടക്കം നടപടികൾക്ക് രാജ്യങ്ങൾ നിർബന്ധിതമായി.
ഡിസംബർ 9 വരെ ഓമിക്രോൺ 63 രാജ്യങ്ങളിൽ പടർന്ന് കഴിഞ്ഞു. ഏറ്റവും കൂടുതൽ വേഗത്തിൽ വ്യാപിച്ചത് ദക്ഷിണാഫ്രിക്കയിൽ തന്നെ. അവിടെ ഡെൽറ്റ അധികം വ്യാപിച്ചിരുന്നില്ല. എന്നാൽ, ഓമിക്രോൺ കണ്ടെത്തിയ ബ്രിട്ടനിൽ ഡെൽറ്റയ്ക്ക് കൂടുതൽ ആധിപത്യവും ഉണ്ടായിരുന്നു. നേരത്തെ കിട്ടിയ തെളിവുകൾ പ്രകാരമാണ് രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്സിന്റെ കാര്യക്ഷമത ഓമിക്രോൺ കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിൽ ഡെൽറ്റയെ അപേക്ഷിച്ച് ഓമിക്രോണിന് കൂടുതൽ വ്യാപനന സാധ്യതയുണ്ട്.
ഓമിക്രോൺ ഇതുവരെ നേരിയ രോഗലക്ഷണങ്ങളോ, ലക്ഷണങ്ങൾ ഇല്ലാത്ത കേസുകളോ ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ വകഭേദത്തിന്റെ തനിസ്വഭാവം അറിയാൻ ഇപ്പോൾ ലഭ്യമായ വിവരങ്ങൾ പോരാ. നവംബർ 24 നാണ് ദക്ഷിണാഫ്രിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് മുമ്പാകെ ഓമിക്രോൺ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിൻ നിർമ്മാതാക്കളായ ഫൈസറും, ബയോഎൻടെക്കും ഓമിക്രോണിന് എതിരെ അവരുടെ മൂന്ന് ഡോസുകൾ ഫലപ്രദമെന്ന് അവകാശപ്പെട്ടിരുന്നു. ആവസ്യത്തിന് വാക്സിൻ സേഖരമുള്ള ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ മൂന്നാമത്തെ ഡോസ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്