- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശ്ചിമ ബംഗാളിലും അസമിലും ആവേശം ചോരാതെ ഒന്നാം ഘട്ട വോട്ടെടുപ്പ്; ബംഗാളിൽ 79.79 ശതമാനവും അസമിൽ 72.46 ശതമാനവും പോളിങ്; ബംഗാളിൽ പലയിടങ്ങളിലും ആക്രമണം
കൊൽക്കത്ത: ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിങ് എന്ന് റിപ്പോർട്ട്. ബംഗാളിൽ 79.79 ശതമാനമാണ് പോളിങ്. അസമിൽ 72.46 ശതമാനവും പോളിങ് രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ബംഗാളിലെ 30 സീറ്റിലും അസമിലെ 47 സീറ്റിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടംകൊയ്ത ആദിവാസി മേഖലകളിലാണ് ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് ദിവസം പലയിടത്തും സംഘർഷമുണ്ടായി. ആകെയുള്ള 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുമ്പോൾ 200ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. നന്ദിഗ്രാമിൽ മമത ബാനർജിയും ബിജെപിയിലേക്ക് കാലുമാറിയ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടൽ നടക്കുന്നത്. അസമിലെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം തന്നെയാണ് അസമിൽ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാകുന്നത്. മെയ് രണ്ടിനാണ് ബംഗാളിലും അസമിലും വോട്ടെണ്ണൽ.
ബംഗാളിൽ വോട്ടെടുപ്പിനിടെ പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തൃണമൂലിൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെയും അക്രമണമുണ്ടായി. കിഴക്കൻ മിഡ്നാപുരിൽ വെടിവെപ്പുണ്ടായി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുരുളിയയിൽ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തിൽ കത്തി നശിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസിനാണ് തീപ്പിടിച്ചത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ബംഗാളിൽ പല ബൂത്തുകളിലും വോട്ടിങ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു. അഞ്ചു മിനുട്ടിന്റെ ഇടവേളയിൽ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കണമെന്നും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും തൃണമൂൽ ആവശ്യപ്പെട്ടിരുന്നു.
ഇരുസംസ്ഥാനങ്ങളിലും വൈകീട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. അസമിൽ വൈകീട്ട് ആറു വരെയും പശ്ചിമ ബംഗാളിൽ ആറര വരെയുമാണ് പോളിങ്. വോട്ടെടുപ്പ് നടക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിരുന്നു.
ബംഗാളിൽ വോട്ടെടുപ്പ് നടന്ന മുപ്പത് മണ്ഡലങ്ങളിൽ 29 ഇടത്തും ബിജെപി. മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസും 29 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. പുരുളിയ, ഝാർഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്നിപുർ, ഈസ്റ്റ് മേദ്നിപുർ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുന്നത്
അസമിൽ അപ്പർ അസമിലെയും സെൻട്രൽ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളിൽ 39 ഇടത്ത് ബിജെപി. മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എ.ഐ.ഡി.യു.എഫ്., രാഷ്ട്രീയ ജനതാദൾ, എ.ജി.എം., സിപിഐ.എം.എൽ. എന്നിവർ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്ന് പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ പ്രതികരിച്ചു. ബംഗാളിന്റെ മകൾ ബംഗാളിന്റെ വഞ്ചകനെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തുമെന്നും ഒബ്രിയാൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ