തിരുവനന്തപുരം: വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ബാലചന്ദ്രകുമാർ,അഡ്വ. ബി. രാമൻപിള്ള തുടങ്ങിയവർ രംഗത്ത്.ജാമ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

മുൻകൂർ ജാമ്യ നടപടികൾ നീണ്ടുപോയതിനാൽ തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രബലനായ ഒരാളാണ് പ്രതി. അയാൾ പുറത്തെത്തിയതിനാൽ ആശങ്കയുണ്ട്. ഇത് കേസിനെ ബാധിക്കാം. സാക്ഷി എന്നുള്ള നിലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമായിരിക്കും മുന്നോട്ടുപോവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഭാഗം പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ളത് താൻ ദിലീപുമായി നടത്തിയ സൗഹൃദ സംഭാഷണമാണ്. ഒരു നിർമ്മാതാവ് എന്നുള്ള നിലയിലാണ് സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചത്. അതിൽ ഭീഷണിയോ മറ്റോ ഉണ്ടായിരുന്നില്ലെന്ന് അത് കേട്ടാൽ മനസ്സിലാകുമെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള പീഡന പരാതി കെട്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം ജയിച്ചുവെന്നായിരുന്നു അഡ്വ. ബി. രാമൻപിള്ളയുടെ പ്രതികരണം.ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയും പ്രതികരണവുമായി രംഗത്തെത്തി.ജാമ്യം ലഭിച്ചതിന് പിന്നാലെ ഗോഡ് ഈസ് ഗ്രേറ്റ് എന്ന് നാദിർഷ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ.കേസിൽ ദിലീപിനും കൂട്ടാളികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് അഞ്ചു വ്യവസ്ഥകളിൽ. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയിൽ വ്യക്തമാക്കി.

പ്രതികൾ പാസ്പോർട്ട് കോടതിയിൽ നൽകണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകൾ. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.

ദിലീപിനും കൂട്ടാളികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷൻ. അന്വേഷണവുമായി മുന്നോട്ടുപോവാൻ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.