ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സർവേ ഫലം ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തു വച്ചു. നാളെ അവതരിപ്പിക്കുന്ന പൊതുബജറ്റിന് മുന്നോടിയായാണ് സർവേഫലം ധനമന്ത്രി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാനിരക്ക് 7.4 ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 8 മുതൽ 10 ശതമാനംവരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

പണപ്പെരുപ്പനിരക്കിലും കാര്യമായ കുറവുണ്ടായി. നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവർഷം ഇത് ആറ് ശതമാനമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള വിപണിയിൽ എണ്ണവിലയിടിഞ്ഞതാണ് മോദി സർക്കാരിന് ഗുണകരമായത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളും വളർച്ചാനിരക്ക് വർധിക്കാൻ സാഹായിച്ചതായി റിപ്പോർട്ട് പറയുന്നു.

നിലവിലെ സാമ്പത്തിക വളർച്ചവച്ച് വളർച്ചാ നിരക്ക് രണ്ടക്കത്തിലേക്ക് എത്തിക്കുക എന്നത് സാധ്യമായ കാര്യംതന്നെയാണ്. നിർമ്മാണ മേഖലയ്ക്കും സേവന മേഖലയ്ക്കും സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കു വഹിക്കാനുണ്ട്. മുൻ വർഷങ്ങളിലെ തളർച്ചയ്‌ക്കൊടുവിൽ വ്യവസായ വളർച്ചയിൽ ഉയർത്ത നേടാനായി. സാമ്പത്തിക സുസ്ഥിരതയ്ക്കും വരുമാനം വർധിപ്പിക്കുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കയറ്റുമതയിലുണ്ടായ കുറവ് ആശങ്കാജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് കൂടുതൽ പണം കണ്ടെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ അതിന് അനുകൂലമായ വിധത്തിലാണ് സാമ്പത്തിക റിപ്പോർട്ട്. നേരത്തെ സാമ്പത്തിക സർവേയിൽ പ്രതീക്ഷയർപ്പിച്ച് ആഭ്യന്തര ഓഹരി വിപണികൾ തുടക്ക വ്യാപാരത്തിൽ തന്നെ കുതിച്ചുയർന്നിരുന്നു. മുംബൈ ഓഹി സൂചിക സെൻസെക്‌സ് 180.91 പോയിന്റ് ഉയർന്ന് 28,927.56 എന്ന നിലയിലെത്തി.

സെൻസെക്‌സിലെ ഉയർച്ചയ്ക്ക് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമായിരുന്നു. നിഫ്റ്റി 57.15 പോയിന്റ് ഉയർന്ന് 8741 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഓട്ടോ, മെറ്റൽ, ഹെൽത്ത്‌കെയർ, ബാങ്കിങ് മേഖലകളിലെ ഓഹരികളാണ് തുടക്ക വ്യാപാരത്തിൽ മികച്ച മുന്നേറ്റം നടത്തിയത്.