കണ്ണൂർ: ഓണത്തിന് മീൻ കറിസ്‌പെഷ്യൽ ! മലയാളികളിൽ ഭൂരിഭാഗവും നോൺ വെജ് ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിലും വിശേഷനാളുകളിൽ മീനും ഇറച്ചിയുമൊക്ക മിക്കവരും അകറ്റിനിർത്തും. സദ്യ എന്നാൽ പച്ചക്കറി സദ്യ എന്നാണ് കേരളത്തിൽ പൊതുവേയുള്ള രീതിയെങ്കിലും ഓണത്തിന് വടക്കേ മലബാറിൽ മത്സ്യ-മാംസങ്ങളടങ്ങിയ സസ്യേതര ഭക്ഷണമാണ് പഥ്യം.

ഇന്ന് ഉത്രാടപ്പാച്ചിലിൽ പുലർച്ചെ കണ്ണു തുറന്നതാണ് കണ്ണൂരിലേയും തലശ്ശേരിയിലേയും മത്സ്യ-മാംസ മാർക്കറ്റുകൾ. രാവിലെ ഏഴ് മണിയോടെ മാർക്കറ്റുകൾ സജീവമായി. ഉപഭോക്താക്കളുടെ വൻ തിരക്കാണ് എവിടേയും കണ്ടത്. ഉത്രാടം ഞായറാഴ്ച കൂടിയായതിനാൽ പതിവിലേറെ തിരക്കാണ് അനുഭവപ്പെട്ടത്. അയക്കൂറ, ആവോലി, സ്രാവ്, തുടങ്ങിയ മത്സ്യങ്ങൾക്കാണ് ആവശ്യക്കാരേറെ. ഒരു ഭാഗത്ത് മത്സ്യം വാങ്ങാനുള്ള തിരക്കും മറുഭാഗത്ത് കോഴി, ആട്, മാംസങ്ങൾ വാങ്ങുന്നവരുടെ തിരക്കുമാണ് ഉത്രാട ദിനത്തിൽ കണ്ടത്. സാധാരണ ഗതിയിൽ അമ്പത് പെട്ടി വരെ വൻ മത്സ്യങ്ങൾ ചെലവാകുന്ന തലശ്ശേരി മാർക്കറ്റിൽ നാനൂറ്റി അമ്പതിലേറെ പെട്ടി മത്സ്യമാണ് ഉത്രാട ദിനത്തിൽ ഉച്ചയോടെ വിറ്റുപോയത്. മാംസത്തിന്റെ കാര്യത്തിൽ കണ്ണൂർ മാർക്കറ്റിൽ മാത്രം ഏഴിരട്ടി വർദ്ധനവാണ് ഉണ്ടായതെന്ന് ചിക്കൻ സ്റ്റാൾ ഉടമ നൂറുദ്ദീൻ പറഞ്ഞു.

തിരുവോണ ദിവസവും നോൺ വെജ് ഇനങ്ങൾക്ക് റിക്കാർഡ് വിൽപ്പനയായിരിക്കും. ഒന്നാം ഓണത്തിന് ബിരിയാണിയാണ് ഭൂരിഭാഗം വീടുകളിലും ഒരുക്കിയിരിക്കുന്നത്. ചിക്കനും മട്ടനും ചെമ്മീനും കല്ലുമ്മക്കായയുമാണ് ബിരിയാണി ഉണ്ടാക്കാൻ കണ്ണൂരുകാരുടെ ഇഷ്ട വിഭവം. പരമ്പരാഗതമായി ഉത്രാടത്തിനും തിരുവോണത്തിനും മത്സ്യമാംസാദികൾ ഉപയോഗിച്ചു വരുന്നു. പഴയ കാലത്ത് മട്ടൻ കറിയും ചോറുമായിരുന്നു ഓണസദ്യക്ക് പ്രധാനം. അതിനൊപ്പം സാമ്പാറും ഇഞ്ചിക്കറിയും. പിന്നെ പായസമായി പരിപ്പ് പ്രഥമനും.

സദ്യക്ക് മുമ്പ് കുഴച്ചൂൺ വടക്കേ മലബാറിലെ പ്രധാന ഇനമാണ്. മൈസൂർപഴം നുറുക്കി പപ്പടം പൊടിച്ചിട്ട് പശുവിൻ നെയ്യും പഞ്ചസാരയും ചേർത്താണ് ചോയീസ് പുഡ്ഡിങെന്ന് ഇംഗ്ലീഷുകാർ വിശേഷിപ്പിക്കുന്ന കുഴച്ചൂൺ ഒരുക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് കണ്ണൂരിലും തലശ്ശേരിയിലുമുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഓണക്കാലത്ത് ഇത് കഴിക്കാൻ അവരുടെ റസ്റ്റോറന്റുകളിലും അതിഥി മന്ദിരങ്ങളിലും ഈ പുഡ്ഡിങ്ങ് ഒരുക്കാറുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഗ്രന്ഥ ശേഖരത്തിൽ കണ്ണൂരുകാരനായ ചോയീ ബട്ട്ലറുടെ പുഡ്ഡിങിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

കണ്ണൂരിലെ ഒളിമ്പ്യൻ ഭരതന്റെ വീട്ടിൽ വെച്ച് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു കുഴച്ചൂൺ ഓണസദ്യ കഴിച്ചതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഉത്രാടത്തിനും തിരുവോണത്തിനും ബിരിയാണി ഒരുക്കിയാലും കുഴച്ചൂൺ നിർബന്ധമാക്കിയവരാണ് ഏറേയും. ആയുർവേദ വിധി പ്രകാരം വടക്കേ മലബാറിലെ സദ്യക്കു മുമ്പുള്ള കുഴച്ചൂൺ ആരോഗ്യദായകമെന്നാണ് ഡോ. അബ്ദുറഹ്മാൻ പൊയ്ലിയൻ പറയുന്നത്. ഭക്ഷണത്തിനു മുമ്പ് പഴവും നെയ്യും ചേർത്ത ഈ വിഭവത്തെക്കുറിച്ച് ജർമ്മനിയിലെ ഒരായുർവേദ സെമിനാറിൽ താൻ പരാമർശിച്ചപ്പോൾ അവർ അത്ഭുതത്തോടെയാണ് അത് ശ്രവിച്ചതെന്നും ഡോ. അബ്ദുറഹ്മാൻ പറഞ്ഞു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)