കോഴിക്കോട്: മത്സ്യ കൃഷിക്കായി നിർമ്മിച്ച കുളത്തിൽ വിഷം കലക്കി മീനുകളെ കൊന്നതായി പരാതി. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കൊഴുവമ്മൽ രജനി വളർത്തിയിരുന്ന ചിത്രലാട ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കുളത്തിൽ ചത്തുപൊങ്ങിയത്. ജലത്തിൽ വിഷാംശം കലർന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞു. ഈ മാസം രണ്ടിനാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. രണ്ട് ദിവസം കൊണ്ട് കുളത്തിലുണ്ടായിരുന്ന മുഴുവൻ മത്സ്യങ്ങളും ചത്തൊടുങ്ങുകയായിരുന്നു.

3200 മത്സ്യങ്ങളാണ് കുളത്തിലുണ്ടായിരുന്നത്. അടുത്ത മാസം വിളവെടുക്കാൻ കഴിയുമായിരുന്ന ആറ് മാസം വളർച്ചയെത്തിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. രജനിയുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് പയ്യാനക്കലിൽ കുടുംബവുമൊത്ത് താമസിക്കുന്ന രജനി ഭർത്താവിന്റെയും മകന്റെയും വ്യാപാര സ്ഥാപനങ്ങൾ കോവിഡ് പ്രതിസന്ധികാരണം പൂട്ടിയപ്പോഴാണ് മത്സ്യകൃഷി ആരംഭിച്ചത്.

ഭർത്താവിന്റെ പലചരക്ക് കടയും മകന്റെ ഹോട്ടലും ലോക്ഡൗൺ കാലത്ത് നഷ്ടത്തിലായതോടെ പൂട്ടുകയായിരുന്നു. ഈ സമയത്താണ് രജനി പ്രതീക്ഷകളോടെ മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്.കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ ലഭിച്ച ഭൂമിയിൽ തറവാട് വീടിനോട് ചേർന്നാണ് കുളങ്ങൾ നിർമ്മിച്ച് മത്സ്യ കൃഷി ആരംഭിച്ചത്. ഒന്നര സെന്റ് സ്ഥലത്ത് ഒരു കുളവും അര സെന്റ് സ്ഥലത്ത് മറ്റൊരു ചെറിയ കുളവും നിർമ്മിച്ച് ഷീറ്റ് വിരിച്ച് അതിൽ വെള്ളം നിറച്ചാണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായ ജലപരിശോധനയും തീറ്റ നൽകലുമെല്ലാം കൃത്യമായി നടത്തിയാണ് കൃഷി ചെയ്തിരുന്നത്. ഇതിനായുള്ള സജ്ജീകരണങ്ങളും കൃഷിയിടത്തിൽ ഒരുക്കിയിരുന്നു.

സഹോദരൻ കെ.രവീന്ദ്രന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സഹകരണത്തോടെയാണ് രജനി മത്സ്യക്കൃഷി നടത്തിയിരുന്നത്. രണ്ട് ലക്ഷം രൂപയോളം കുളങ്ങൾ ഒരുക്കുന്നതിനും മീൻകുഞ്ഞുങ്ങളെ വാങ്ങുന്നതിനും തീറ്റ നൽകുന്നതിനുമായി ചെലവഴിച്ചിട്ടുണ്ട്. 2000 രൂപയോളം ഓരോ ആഴ്ചയിലും തീറ്റവാങ്ങുന്നതിന് മാത്രമായി ചിലവുണ്ട്. വീട്ടിലെ കിണറ്റിൽ നിന്നു തന്നെയാണ് കുളത്തിലേക്കുള്ള വെള്ളം എടുക്കുന്നത്. ഈ വെള്ളം എല്ലാ ദിവസവും ശാസ്ത്രീയമായി പരിശോധിക്കുന്നുമുണ്ട്. ഇതിൽ വലിയ കുളത്തിലെ വിളവെടുക്കാറായതും വളർന്നു വരുന്നതുമായ മീനുകളാണ് ഇപ്പോൾ ചത്തുപൊങ്ങിയത്.

എന്നാൽ ചെറിയ കുളത്തിലെ മത്സ്യങ്ങൾക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. വെള്ളത്തിന്റെ പ്രശ്നമായിരുന്നെങ്കിൽ ഈ ചെറിയ കുളത്തിലെ മത്സ്യങ്ങളും ചാവേണ്ടതായിരുന്നു എന്നും രജനി പറയുന്നു. അതു കൊണ്ടാണ് കുളത്തിൽ ആരെങ്കിലും മനഃപൂർവ്വം വിഷം കലക്കിയതായി സംശയിക്കുന്നതെന്നും രജനി പറയുന്നു. ജലപരിശോധനയിൽ അമോണിയയുടെ അംശം കൂടുതലായി കണ്ടെത്തുകയും ചെയ്തിരുന്നു. കുളത്തിന് സമീപത്ത് നിന്നും രാസവസ്തുക്കളുടെ അംശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാസവസ്തുക്കൾ പൊതിഞ്ഞു കൊണ്ടു വന്നുവെന്ന് സംശയിക്കുന്ന പൊതിയും കുളത്തിന് സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതു കൊണ്ടൊക്കെ തന്നെ ആരെങ്കിലും മനഃപൂർവ്വം കുളത്തിൽ വിഷം കലക്കിയതാകാനാണ് സാധ്യത.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെല്ലാം കയറി പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളം ഉപയോഗിച്ച് നനച്ചിരുന്ന ചീര കൃഷിയും ഉണങ്ങിയിട്ടുണ്ട്. കുളത്തിന് ചുറ്റും മറച്ചിരുന്ന പച്ച നിറത്തിലുള്ള ഷീറ്റ് പൊക്കിയാണ് കുളത്തിൽ വിഷം കലക്കിയവർ എത്തിയിട്ടുള്ളതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. ഷീറ്റ് പൊക്കിയതിന്റെ അടയാളങ്ങളും സമീപത്തെ പ്ലാവിൽ പിടിച്ച് കുളത്തിന് സമീപത്തേക്ക് എത്തിയതിന്റെയും അടയാളങ്ങൾ കാണുന്നുണ്ട്. വിഷം കലക്കിയവരെന്ന് കരുതപ്പെടുന്നവർ പൊക്കിയ ഷീറ്റിന്റെ ഭാഗം പൊലീസ് മുറിച്ചെടുത്തുകൊണ്ടുപോയിട്ടുണ്ട്. സമീപത്തൊന്നും തങ്ങൾക്ക് ശത്രുക്കളില്ലെന്നും എല്ലാവരും ബന്ധുക്കളാണെന്നും രജനി പറയുന്നു.

ചത്തൊടുങ്ങിയ മത്സ്യങ്ങളെ പൊലീസിന്റെ നിർദ്ദേശ പ്രകാരം വലിയ കുഴികളെടുത്ത് കുഴിച്ചുമൂടി. ഇത്രയേറെ മത്സ്യങ്ങൾ ചത്തതിനാൽ തന്നെ വലിയ ദുർഗന്ധം ദിവസങ്ങളോളം സമീപത്ത് നിലനിന്നിരുന്നു. ദുർഗന്ധമുണ്ടായതിനെ തുടർന്ന് കുളത്തിലെ വെള്ളം പൂർണ്ണമായും വറ്റിച്ചു കളയുകയും കുളത്തിൽ പുതിയ വെള്ളം നിറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. വിളവെടുക്കാറായ മത്സ്യങ്ങൾ ചത്തൊടുങ്ങിയതോടെ അഞ്ച് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി രജനി മറുനാടനോട് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേ സമയം സംഭവം അറിയിച്ചിട്ടും കൃഷി വകുപ്പിൽ നിന്നോ ഫിഷറീസ് വകുപ്പിൽ ന്നോ ആരും ഇതുവരെ സ്ഥലം സന്ദർശിക്കുകയോ വിവരങ്ങൾ ചോദിച്ചറിയുകയോ ചെയ്തില്ലെന്നും രജനി പറഞ്ഞു.