മട്ടാഞ്ചേരി: ഓഖിയോ, അതെന്തെന്ന് ചോദിച്ച് മത്സ്യ തൊഴിലാളികൾ. റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകളിൽ മീൻ പിടിക്കാൻപോയവരാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എത്തിയ തങ്ങളുടെ പ്രിയപ്പെട്ടവരോട് ഓഖി എന്താണെന്ന് ചോദിച്ചത്. മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ ബോട്ടിലെ തൊഴിലാളികളാണ് അത്ഭുതത്തോടെ ഓഖിയെ കുറിച്ച് ചോദിച്ചറിഞ്ഞത്.

ഓഖി ചുഴലിക്കാറ്റിന് മുമ്പ് മീൻ പിടിക്കാൻ പോയ ഇവർ ബോട്ടുകൾ നിറയെ കേര മത്സ്യവുമായി ഇന്നലെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.
തിരമാലകൾ ശക്തമായിരുന്നെങ്കിലും കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നു തൊഴിലാളികൾ പറഞ്ഞു. 13 മലയാളികൾ ഉൾപ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റിനു മുമ്പ് കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട 45 ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല. അഞ്ഞൂറോളം തൊഴിലാളികളാണ് ഇവയിലുള്ളത്. കൊച്ചിയിൽനിന്നുള്ള ഒൻപത് ബോട്ടുകൾ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ എത്തിയതായി വിവരം ലഭിച്ചു.

എന്നാൽ, കടലാക്രമണത്തിൽ തകർന്നതായി രക്ഷപ്പെട്ടെത്തിയ തൊഴിലാളികൾ അറിയിച്ച ഗ്രീഷ്മ, തുഴൽ അന്തോണിയാൻ ഒന്ന്, വിജോവിൻ, താജ് മഹൽ, ആവേ മരിയ, സെന്റ് പീറ്റർ പോൾ, മാതാ ബോട്ടുകളെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തൂത്തുക്കുടിയിൽ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂൻ, ദിവ്യ ബോട്ടുകൾ ഇന്നലെ തോപ്പുംപടി ഹാർബറിലെത്തി. 18 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നത്. കപ്പൽ ഗതാഗതം നിർത്തിവെച്ചതോടെ കോഴിക്കോട് ലോഡ്ജിൽ കഴിയുകയായിരുന്ന ലക്ഷദ്വീപ് സ്വദേശികൾ നാട്ടിലേക്ക് മടങ്ങി.ഇന്നലെ രാവിലെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട കപ്പലിലായിരുന്നു മടക്കം. ബേപ്പൂരിൽനിന്നു കാണാതായ മിറാൻഡ ബോട്ട് ഗോവയ്ക്കു സമീപം കണ്ടെത്തിയതായി ജില്ലാ ഭരണകൂടത്തിനു വിവരം ലഭിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്.

ലക്ഷദ്വീപിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികൾക്ക് കുടിവെള്ളവും ഭക്ഷണവും താമസിക്കാനുള്ള വാസസ്ഥലവും ഒരുക്കി ലക്ഷദ്വീപിൽ നാവികസേന പുനരധിവാസപ്രവർത്തനം ഊർജിതമാക്കി. കവരത്തിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു. കുട്ടികളടക്കം നൂറുകണക്കിനുപേരാണു ക്യാമ്പിൽ എത്തിയത്. ബിസ്‌കറ്റ്, കുടിവെള്ളം എന്നിവയും വിതരണം ചെയ്തു. അവശ്യമരുന്നുകളും എത്തിച്ചുനൽകി.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരമാണു നാവികസേന മിനിക്കോയിയിലും കവരത്തിയിലും ക്യാമ്പുകൾ തുറന്നത്. 12,500 ലിറ്റർ കുടിവെള്ളവും വിതരണം ചെയ്തു. താൽക്കാലിക വാസഗൃഹങ്ങൾ ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും ലഭ്യമാക്കി.