- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണറായും പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥൻ; കേരളത്തിലെ മത്സ്യ ബന്ധന മേഖലയ്ക്കായി കേന്ദ്ര സഹായങ്ങൾ അനുവദിച്ച വ്യക്തി; ഇന്ത്യൻ അന്റാർടിക് പര്യവേഷണ സംഘത്തെ നയിച്ച ശാസ്ത്രജ്ഞൻ
കോഴിക്കോട്: മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനും ദീർഘകാലം ഡൽഹിയിൽ കേന്ദ്ര സർക്കാരിൽ ഫിഷറീസ് കമ്മീഷണറുമായിരുന്ന എം കെ രവീന്ദ്രൻ നായർ(72) അന്തരിച്ചു. 2000 മുതൽ 2010 വരെയുള്ള കാലയളവിലാണ് രവീന്ദ്രൻനായർ ഫിഷറീസ് കമ്മീഷണറായിരുന്നത്. ഡയറക്ടർ ജനറൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാഹുൽ ആർ നായർ ഐപിഎസിന്റെ പിതാവാണ്. കേന്ദ്ര ഫിഷറീസ് കമ്മീഷണർ ആയിരിക്കെ കേരളത്തിലെ മത്സ്യ ബന്ധന രംഗത്തേക്കായി തലായി, കൊയിലാണ്ടി, നീണ്ടകര മുതലായ ഫിഷിങ് ഹാർബറുകൾ കേന്ദ്ര സർക്കാരിൽ നിന്ന് അനുവദിച്ച് ലഭിക്കുവാൻ വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിച്ചു. ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലുമായും പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ഉള്ളിയേരിയിൽ പരേതനായ കെ വി ഗോവിന്ദൻ നായരുടെയും നാരായണി അമ്മ ടീച്ചറുടെ യും മൂത്ത മകനായി 1949 ഓഗസ്റ്റ് 5ന് ജനനം. ഗുരുവായൂരപ്പൻ കോളേജ്, എസ് എച്ച് കോളേജ് തേവര എന്നിവിടങ്ങളിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് റഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ്. പീറ്റേഴ്‌സ്ബർഗ്ഗ്, യൂണിവേഴ്‌സിറ്റി ഓഫ് അസ്ട്രാഖാൻ, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ് എന്നിവിടങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനത്തിൽ ബിരുദവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.
1992 മുതൽ 2000 വരെ കൊച്ചിയിൽ കേന്ദ്ര സർകാർ ഫിഷറീസ് സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരിക്കെ 1998 ൽ 4 മാസം നീണ്ടു നിന്ന സാഹസികമായ ഇന്ത്യൻ അന്റാർടിക് എക്‌സ്‌പെഡീഷനെയും എം കെ രവീന്ദ്രൻ നായർ നയിച്ചിട്ടുണ്ട്, കൂടാതെ രാജ്യത്തെ മത്സ്യ ബന്ധന മേഖലയിലെ നിരവധി നയപരമായ ചുവട് വെപ്പുകളിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്‌കൃതത്തിൽ അഗാധമായ പാണ്ഡിത്യവും ഉണ്ടായിരുന്നു. കുറച്ച് മാസങ്ങളായി ശ്വാസകോശ അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് ചികിത്സയിലിരിക്കെ കോവിഡ് ബാധിക്കുകയും ഇന്ന് പുലർച്ചെയുണ്ടായിരുന്ന ഹൃദയാഘാതത്താൽ മരണപ്പെടുകയുമായിരുന്നു.
ഭാര്യ: പരേതയായ സുമതി ആർ നായർ. മക്കൾ: സൂരജ് ആർ നായർ ( സീനിയർ Systems Manager, Intel), രാഹുൽ ആർ നായർ (ഇന്ത്യൻ പൊലീസ് സർവീസ്), മരുമക്കൾ: ഡോ. പി കെ മല്ലിക, ലക്ഷ്മി കൃഷണൻ. സഹോദരങ്ങൾ: സരോജിനി അമ്മ, പ്രഭാകരൻ നായർ, അശോകൻ നായർ, അരവിന്ദാക്ഷൻ നായർ. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉള്ളിയേരിയിൽ നടന്നു.
മറുനാടന് മലയാളി ബ്യൂറോ