- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേർച്ച് കമ്മിറ്റി ഒന്നിലധികം പേരുകളുള്ള പാനൽ ലിസ്റ്റ് നൽകിയില്ല; നാമനിർദ്ദേശം ചെയ്തത് ഡോ. കെ റിജി ജോണിന്റെ പേര് മാത്രം; ഫിഷറീസ് സർവകലാശാല വി സി നിയമനത്തിലും ഗവർണറെ സർക്കാർ നോക്കു കുത്തിയാക്കി
തിരുവനന്തപുരം: ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ നോക്കു കുത്തിയാക്കി. ഗവർണർക്ക് സേർച്ച് കമ്മിറ്റി നൽകിയത് ഒരാളുടെ പേര് മാത്രമാണ്. ഡോ. കെ റിജി ജോണിന്റെ പേര് മാത്രമാണ് സേർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്.
യുജിസി മാനദണ്ഡ പ്രകാരം വി സി നിയമനത്തിന് ഗവർണറുടെ മുന്നിലേക്കെത്തേണ്ടത് ഒന്നിലധികം പേരുകളുള്ള ഒരു പാനൽ ലിസ്റ്റ് ആണ്. എന്നാൽ, ഫിഷറീസ് സർവകലാശാല വി സി നിയമനത്തിനായി സേർച്ച് കമ്മിറ്റി മുന്നോട്ടുവെച്ചത് ഒരാളുടെ പേര് മാത്രമാണ്. അതിനാൽ ഒരു പേര് തിരഞ്ഞെടുക്കാനുള്ള അവസരം ഗവർണർക്ക് ഉണ്ടായിരുന്നില്ല.
2021 ജനുവരി 22 ന് ഫിഷറീസ് സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട സേർച്ച് കമ്മിറ്റി യോഗം ചേർന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിർദ്ദേശം ചെയ്തത്. ഒരാളുടെ പേര് മാത്രമാണ് ഗവർണർക്ക് അയച്ചത്.
ഫിഷറീസ് സർവകലാശാല ഡീൻ ആയിരുന്നു റിജി കെ ജോൺ. നേരത്തെ തമിഴ്‌നാട്ടിലെ ഫിഷറീസ് സർവകലാശാലയിൽ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫസർ എന്ന നിലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം റിജി കെ ജോണിന് ഇല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
കണ്ണൂർ, കാലടി സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ തുറന്നുപറച്ചിൽ പരസ്യപ്രതികരണങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ച പശ്ചാത്തലത്തിലാണ് ഫിഷറീസ് സർവകലാശാല വി സി നിയമന വിവാദവും പുറത്തുവരുന്നത്.
ഫിഷറീസ് ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. കെ.റിജി ജോണിനെ അഞ്ച് വർഷത്തേക്കാണ് കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. കുഫോസിൽ ഫിഷറീസ് ഫാക്കൽറ്റി ഡീനായിരിക്കെയാണ് വി സിയായി നിയമനം നൽകിയത്. കുഫോസിന്റെ മൂന്നാമത് വൈസ് ചാൻസലറായാണ് ഡോ. കെ റിജി ജോൺ ചുമതലയേറ്റത്.
ഡോ. റിജി ജോൺ ഫിഷറീസ് ശാസ്ത്രമേഖലയിൽ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രജ്ഞനാണ്. കേരളത്തിലെ അലങ്കാര മത്സ്യരംഗത്തെ സാധ്യതകളെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ചെയർമാനായിരുന്നു അദ്ദേഹം.
ബെംഗളൂരു അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കോമൺവെൽത്ത് ഫെല്ലോഷിപ്പോടെ ബ്രിട്ടനിലെ സ്റ്റെർലിങ് യൂണിവേഴ്‌സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടി. തമിഴ്‌നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി, തൂത്തൂക്കുടിയിലെ ജെ.ജയലളിത ഫിഷറീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ