ഇടുക്കി: മാങ്കുളത്ത് കെണി വച്ച് പിടിച്ച് കൊന്ന പുള്ളിപ്പുലിയുടെ ഇറച്ചി കഴിച്ച അഞ്ചു പേരും ഇനി അഴിയെണ്ണും. കേസിലെ ഒന്നാം പ്രതിയുമായ മുനിപാറ വിനോദ് ഉൾപ്പെടെ അറസ്റ്റിലായ അഞ്ചു പേരും ഇപ്പോൾ റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകും. ഈ മാസം 20 നായിരുന്നു 6-7 വയസ്സുവരെ പ്രായമുള്ള പുള്ളിപ്പുലിയെ ഇരുമ്പ് കേബിൾ ഉപയോഗിച്ച് വിനോദും സംഘവും കെണിവച്ച് പിടിച്ച് കൊന്നത്.

ഇടുക്കി മാങ്കുളം സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ മുനിപാറ വിനോദ് ആണ് കറിവയ്ക്കാൻ മുന്നിട്ടിറങ്ങിയത്. മാംസം അഞ്ചു പേരായി വീതിച്ചു. 10 കിലോ മാംസം വിനോദിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. ഇതിൽ അര കിലോ ഇറച്ചിക്കറിയാക്കിയ നിലയിലായിരുന്നു. മറ്റു പ്രതികളെല്ലാം ഇറച്ചി പാകം ചെയ്തു കഴിച്ചതായും വനം വകുപ്പ് കണ്ടെത്തി. മൂന്നാം പ്രതി സി.എസ്.ബിനുവിന്റെ വീട്ടിൽ ഇറച്ചിക്കറി അടുപ്പിൽ പാകം ചെയ്യുമ്പോഴാണ് വനപാലകരെത്തിയത്.

കെണി വച്ച് പിടിച്ച് കൊന്ന പുള്ളിപ്പുലിയുടെ തോലുരിച്ച് നഖവുമെടുത്തപ്പോൾ ബാക്കി വന്ന ഇറച്ചി എന്തു ചെയ്യുമെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ ചോദ്യം. പുള്ളിപ്പുലിയുടെ ഇറച്ചി സൂപ്പർ ടേസ്റ്റായിരിക്കുമെന്നും ഇറച്ചി വെറുതെ കളയേണ്ടെന്നും സംഘത്തിലെ ഒരാൾ പറഞ്ഞതോടെ മാംസം റോസ്റ്റാക്കാൻ തീരുമാനിച്ചത്.

വിനോദിനെ കൂടാതെ ബേസിൽ, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. പ്രതികളുടെ കൈവശം ലൈസൻസില്ലാത്ത നാടൻ തോക്ക് ഉണ്ടെന്നും ഇതുപയോഗിച്ചാണ് മൃഗവേട്ട നടത്തിയിരുന്നതെന്നും വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു.

കുടുക്കിട്ട് കാത്തിരുന്നു; 15-ാം ദിനം കുടുങ്ങി

വനത്തിനോടു ചേർന്നുള്ള വിനോദിന്റെ പുരയിടത്തിൽ സ്ഥിരമായി പുള്ളിപ്പുലി എത്തിയിരുന്നു. ഇതിനെ കെണിവച്ചു പിടിച്ച ശേഷം കൊന്ന്, തോലുരിച്ച് വിറ്റാൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വിനോദിന്റെ ആഗ്രഹമാണ് വിനയായത്. വിവരം അടുത്ത സുഹൃത്തുക്കളായ നാലു പേരോടു പറഞ്ഞു. പുള്ളിപ്പുലിയെ കുടുക്കാനുള്ള മാർഗങ്ങൾക്കായി യുട്യൂബ് വിഡിയോകൾ കണ്ടു.

കെണിയിലകപ്പെട്ടാൽ മുന്നോട്ടു കുതിക്കും തോറും വല മുറുകുന്ന ഇരുമ്പു കേബിൾ വലയാണ് ഇവർ തയാറാക്കിയത്. കെണി വച്ച് പതിനഞ്ചാം ദിവസമാണ് പുള്ളിപ്പുലി കെണിയിലകപ്പെട്ടത്. 20ന് രാവിലെ കെണിയിലകപ്പെട്ട് അവശനായ പുള്ളിപ്പുലിയെ കണ്ടു. കൊന്ന ശേഷം ഒരു ദിവസം കൊണ്ട് തോലുരിച്ചു.

40 കിലോയോളം തൂക്കമുള്ള പുള്ളിപ്പുലിയുടെ തോലുരിച്ച് നഖങ്ങളും എടുത്തപ്പോൾ 20 കിലോ ഇറച്ചി ബാക്കിയായി. തുടർന്ന് ഇറച്ചി കളയേണ്ടെന്നും കറി വയ്ക്കാമെന്നും വിനോദ് തീരുമാനിച്ചത്. ഇറച്ചി വറുക്കാമെന്ന് ചിലർ പറഞ്ഞെങ്കിലും, കറി വച്ചാൽ ഏറെ രുചികരമായിരിക്കുമെന്ന് വിനോദ് ഉപദേശിച്ചത്രെ. നാലു പേരും ഇറച്ചിയുമായി വീടുകളിലേക്ക് മടങ്ങി. ഇവരെല്ലാം കറി വച്ചു കഴിച്ചു. ചില സുഹൃത്തുക്കൾക്കും ഇവർ ഇറച്ചി കൈമാറിയതായി സൂചനയുണ്ട്.

പുള്ളിപ്പുലിയെ കൊന്ന് മാംസം കറിവച്ച വിവരം വനപാലകരുടെ കാതിലെത്തിയതോടെ ഇവർ വിനോദ് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി. തുടർന്നാണ് ഇയാളെയും മറ്റ് നാലു പ്രതികളെയും അറസ്റ്റു ചെയ്തത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ പരിചയമുള്ള വിനോദ് മൂന്നു വർഷം മുൻപ് മുള്ളൻപന്നിയെ കൊന്ന് കറിവച്ചു കഴിച്ചതായി കണ്ടെത്തിയിയിരുന്നതായും മാങ്കുളം റേഞ്ച് ഓഫിസർ വി.ബി.ഉദയസൂര്യൻ വ്യക്തമാക്കി.

പുള്ളിപ്പുലി ഉൾപ്പെടെയുള്ളവയെ വേട്ടയാടുന്നതും കറി വച്ച് കഴിച്ചതുമായ സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് വനപാലകർ പറയുന്നു. മാൻ, മ്ലാവ്, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയവയെ വേട്ടയാടി കറിവച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗമാണ് പുള്ളിപ്പുലി. ഇതിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ കുറഞ്ഞത് മൂന്നു മുതൽ ഏഴു വർഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടും. ഗൂഢാലോചന നടത്തിയാൽ പോലും അകത്താകും. കഴിഞ്ഞ വർഷം നാലു നാടൻ തോക്കുകളുമായി വനത്തിനുള്ളിൽ കണ്ട സംഘത്തെ വനപാലകർ അറസ്റ്റു ചെയ്തിരുന്നു. മൃഗവേട്ടയ്ക്കിറങ്ങിയവരാണ് ഇവരെന്നും കണ്ടെത്തി.