തിരുവനന്തപുരം: പ്രമുഖ ജൂവലറി ഗ്രൂപ്പായ ഭീമയ്ക്ക് നികുതിയിളവ് നൽകിയ സംസ്ഥാന വാണിജ്യനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അഞ്ച് പേർക്കെതിരെയാണ് ധനകാര്യ വകുപ്പിന്റെ കടുത്ത നടപടി വന്നിരിക്കുന്നത്. കോടികളുടെ നികുതി ഇളവ് ജൂവലറിക്ക് നൽകിയെന്നും ഇതിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്ന് ധനമന്ത്രിയും വാണിജ്യ നികുതി കമ്മീഷണറും നടത്തിയ പ്രത്യേക ഇടപെടലിലാണ് നടപടി ഉണ്ടായത്. ഭീമാ ജൂവലറിക്കെതിരെ നേരത്തെ നടപടിയെടുത്തതിന് വകുപ്പിന്റെ ഗുഡ്സർവ്വീസ് എൻട്രി ലഭിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

തിരുവനന്തപുരം വിജിലൻസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സതീഷ്, ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ സുജേത, ഇന്റലിജൻസ് ഉദ്യോഗസ്ഥരായ നിസാർ, ലെനിൻ എന്നിവർക്കെതിരെയാണ് നടപടി. ഭീമാ ജൂവലറിയുടെ അടൂർ ശാഖയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് നടപടി നേരിടേണ്ടി വന്നിരിക്കുന്നത്. ശാഖയിൽ 190 കോടിയുടെ ബിസിനസ് നടന്നെങ്കിലും 163 കോടി രൂപയ്ക്ക് മാത്രമേ നികുതി ഈടാക്കിയിട്ടുള്ളൂ. കോയമ്പത്തൂരിലെ ഭീമ ശാഖയിൽ നേരിട്ട് പരിശോധന നടത്താതെ ഫയലുകൾ വിളിച്ച് വരുത്തി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന ആരോപണവും ഇവർക്കെതിരെ ഉണ്ടായിരുന്നു.

ഭീമ ജൂവലറിയിൽ പരിശോധന നടത്തി സർക്കാരിലേക്ക് രണ്ടരക്കോടി രൂപ പിഴ ഒടുക്കിപ്പിച്ചതിനാണ് ലെനിൻ, അനിൽകുമാർ, സുജേത എന്നീ ഉദ്യോഗസ്ഥർക്ക് നേരത്തെ ഗുഡ് സർവ്വീസ് എൻഡ്രി ലഭിച്ചത്. പിന്നീട് ഇതേ ജൂവലറിയിൽ നടത്തിയ പരിശോധന തന്നെ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയുമായി. ഇതിന് ശേഷമാണ് നികുതി വെട്ടിപ്പ് നടത്താൻ ഭീമയ്ക്ക് ഉദ്യോഗസ്ഥരുടെ അനധികൃത സഹായം ലഭിച്ചുവെന്ന പരാതി വകുപ്പിന് ലഭിച്ചത്. തുടർന്ന് ഇത് അന്വേഷിക്കുന്നതിനായി ഹരീന്ദ്രനാഥ്, ജയകുമാർ എന്നീ വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണർമാരെ നിയമിക്കുകയായിരുന്നു.

അസിസ്റ്റന്റ് കമ്മീഷണർമാർ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞെങ്കിലും നടപടികൾ വൈകിയിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന സംഭവത്തിൽ മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ അടുപ്പക്കാരൻ കൂടിയായിരുന്ന സതീഷും പങ്കാളിയായതിനെതുടർന്നാണ് നടപടി വൈകിയത്. ഇടത് സംഘടനയിലെ ജീവനക്കാരും നടപടിക്ക് വിധേയരാകുമെന്നതും വൈകുന്നതിന് കാരണമാണ്. വാണിജ്യ അസിസ്റ്റന്റ് കമ്മീഷണർമാർ നൽകിയ റിപ്പോർട് വാണിജ്യ നികുതി കമ്മീഷണർ രാജൻ ഖോബ്രഗഡെ പരിശോധിക്കുകയും പിന്നീട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യൻ ഐഎഎസിന് കൈമാറുകയും ചെയ്തു.

ഇവരെ സസ്‌പെൻഡ് ചെയ്യാനുള്ള ധനകാര്യ വകുപ്പിന്റെ തീരുമാനം അന്തിമമല്ലെന്നും വിപുലമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളുണ്ടായേക്കുമെന്നുമാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്. കെ.എം. മാണിയുടെ ഓഫീസിന്റെ ആജ്ഞാനുവർത്തിയായിരുന്നു ഡി.സി. സതീഷ് കുമാറെന്നും ബാക്കിയെല്ലാവരും സതീഷ് പറഞ്ഞത് കേട്ടു ചെയ്തു പോയതാണ് എന്നും ഇത്ര വലിയൊരു നടപടി അടുത്ത കാലത്ത് ഉണ്ടായിട്ടില്ലന്നുമാണ് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരും പറയുന്നതും. സർക്കാർ മാറി വന്നയുടൻ നടപടിക്ക് ശ്രമിച്ചെങ്കിലും ഇടത് ഓഫീസർമാർ തന്നെ ഇടപെട്ട് മുക്കി. പിന്നീട് വകുപ്പു സെക്രട്ടറി രാജൻ ഖോബ്രഗഡെ കർശന നിലപാട് എടുത്തതിനെ തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായത്.

സുജേതയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും അവരെ ഇതിൽ കുടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഗുഡ്സർവ്വീസ് എൻഡ്രി ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം നൽകുന്ന പട്ടികയിൽ സുജേതയും ഉൾപ്പെട്ടിരുന്നു. സംസ്ഥാനത്ത് നാല് ജോയിന്റ് കമ്മീഷണർമാരാണ് വാണിജ്യ നികുതി വിഭാഗത്തിലുള്ളത്. ഇതിൽ ഒരാൾ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും. ബാക്കിയുള്ളവർ വകുപ്പിലെ ഉദ്യോഗസ്ഥരും.സുചേത ഈ തസ്തികയിൽ വന്നാൽ മൂന്ന് വർഷത്തോളം മറ്റാർക്കും ഇതിലേക്ക് വരാൻ പറ്റില്ലെന്നതും അവരെ ഇതിൽ കുടുക്കുന്നതിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു.

അതേസമയം ചാനലുകളടക്കം പ്രമുഖ മാധ്യമങ്ങളൊന്നും തന്നെ വാർത്ത പ്രസിദ്ധീകരിച്ചില്ല. മാതൃഭൂമി പത്രത്തിന്റെ ഓൺലൈൻ വിഭാഗം മാത്രമാണു വാർത്ത നല്കിയത്. ഇതിൽ ജൂവലറിയുടെ പേരും പറയുന്നില്ല. പത്രങ്ങളുടെയും ചാനലുകളുടെയും പ്രമുഖ പരസ്യവരുമാന ശ്രോതസാണ് ഭീമ ജൂവലറി. ഇവരെ നികുതി വെട്ടിപ്പിനു സഹായിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി വാർത്തായാകാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്.