മസ്‌ക്കറ്റ്: ഇത്തി ബീച്ചിൽ ഉണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയടക്കം അഞ്ചു പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബീച്ചിൽ കുളിക്കാനിറങ്ങിയ കൊല്ലം കുണ്ടറ സ്വദേശി അജേഷ് ബാബു(32)വാണ് പാറയിൽ തലയിടിച്ചു മരിച്ചത്. കടലിലേക്ക് കുളിക്കുന്നതിനായി എടുത്തുചാടവേ അജേഷ് ബാബുവിന്റെ തല പാറയിൽ ഇടിക്കുകയായിരുന്നു. മസ്‌ക്കറ്റിലെ ഒരു കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ് അജേഷ് ബാബു. മൃതദേഹം ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പാക്കിസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരാണ് ഇതേ ബീച്ചിൽ മുങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകുനനേരം കുളിക്കാനിറങ്ങിയ പാക്കിസ്ഥാനി കുടുംബം തിരയിൽ പെടുകയായിരുന്നു. പിതാവും രണ്ടു മക്കളും അവരുടെ ബന്ധുവുമാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് നാല്പത്തൊന്നുകാരനായ പിതാവ് മരിച്ചത്. പതിമൂന്നും പന്ത്രണ്ടും പത്തും വയസായിരുന്നു കുട്ടികൾക്ക്.

സലാല മുഗ്‌സൈൽ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ സിവിൽ ഡിഫൻസ് സ്റ്റാഫ് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. ബീച്ചിൽ കുളിച്ചുകൊണ്ടിരിക്കെ ശക്തമായി എത്തിയ തിരയിൽ ഇവർ മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.