മുംബയ്: മുംബൈയിൽ നിന്ന് മുൻനിര ബിസിനസുകാരനും കുടുംബവും ഉൾപ്പെടെ അഞ്ചുപേരെ വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയുടെയും മലയാളിയായ മുഹമ്മദ് ഹനീഫിന്റെയും പ്രലോഭനങ്ങളിൽ വീണ് ഭീകരസംഘടനയായ ഐസിസിൽ ചേർന്നതായി റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്ന് ഇരുപതിലധികം പേർ ഐസിസിൽ ചേർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ഇതിൽ അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. കേരളത്തിൽ നിന്ന് നിരവധിപേരുടെ തിരോധനമുണ്ടായ ജൂൺമാസംതന്നെയാണ് ഇവരും അപ്രത്യക്ഷരായതെന്ന് പറയുന്നു.

ബിസിനസുകാരനായ അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, കൈക്കുഞ്ഞായ മകൾ, ബന്ധുക്കളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്മാൻ (30) എന്നിവരാണ് ജൂണിൽ ഐസിസിൽ ചേർന്നതായി സ്ഥിരീകരിച്ചത്. ഐസിസിൽ ചേരുന്നതിനായാണ് രാജ്യം വിട്ടതെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ അഷ്ഫഖിന്റെ ഇളയ സഹോദരന് മൊബൈലിൽ സന്ദേശം ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.അമ്മയേയും അച്ഛനേയും നോക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി. ഇയാളുടെ പിതാവ് അബ്ദുൽ മജീദ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പാനൂരിൽ നിന്ന് പിടിയിലായ മുഹമ്മദ് ഹനീഫ് എന്ന ഇസ്‌ളാം മതപ്രഭാഷകൻ, അഷ്ഫഖിനൊപ്പം സിറിയ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള അബ്ദുർ റഷീദ്, നവി മുംബയ് സ്വദേശിയായ ആർഷി ഖുറേഷി, കല്യാൺ സ്വദേശിയായ റിസ്‌വാൻ ഖാൻ എന്നിവരാണ് മകനെ ഐസിസിൽ ചേർക്കാൻ മുൻകൈയെടുത്തതെന്ന് അബ്ദുൾ മജീദിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് മതസംഘടനകളുടെ പ്രവർത്തനങ്ങളിൽ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് കൂടുതൽ നിരീക്ഷണങ്ങൾ നടത്തിവരികയാണെന്നും സമാനമായ രീതിയിൽ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് മജീദിന്റെ പരാതി ലഭിച്ചതോടെ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുവരികയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ്. ഇയാൾ കേരളത്തിൽ നിന്ന് കാണാതായ 21 പേരിൽ 11 പേർക്ക് കഌസ് എടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഷ്ഫാഖിന്റെ കുടംബത്തോടൊപ്പം കാണാതായ മുഹമ്മദ് സിറാജും ബിസിനസുകാരനാണ്.

ഇജാസ് റഹ്മാൻ ഡോക്ടറും. രാജ്യത്ത് മറ്റിടങ്ങളിലും ഇത്തരത്തിൽ റിക്രൂട്ട്‌മെന്റ് നടക്കുന്നതായും ഇ്‌പ്പോഴും തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ആരോപണം ഉന്നയിക്കപ്പെട്ട സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയും കൂട്ടാളി റിസ്‌വാനും കേരള പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. കൊച്ചിയിൽ നിന്ന് പെൺകുട്ടിയെ മതംമാറ്റി ഐസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ കേരള പൊലീസ് അറസ്റ്റുചെയ്തത്. സക്കീർ നായിക്കിനെതിരെ പരാതി വ്യാപകമായി ഉയർന്നതോടെ ഇയാൾ ഇന്ത്യയിലേക്ക് വരാതെ വിദേശരാജ്യങ്ങളിൽത്തന്നെ കഴിയുകയാണ്.

കൈക്കുഞ്ഞുമായി അഷ്ഫക്കും കൂട്ടരും ഐസിസിൽ ചേർന്നുവെന്ന വിവരം വിശ്വസിക്കാനാവാതെ കഴിയുകയാണ് പിതവ് മജീദും കുടുംബവും. അപ്രത്യക്ഷനാകുന്നതിന് അടുത്തകാലത്ത് ഇയാളുടെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നതായും ടിവി കാണുന്നതും മറ്റും ഉപേക്ഷിച്ചതായും പിതാവ് പറയുന്നു. 2014ൽ വിവാഹിതനായി. പിന്നീടാണ് ഈ വിവരം തങ്ങളെ അറിയിച്ചതെന്നും മജീദ് പറയുന്നു. കാണാതാകുന്നതിന് മുമ്പ് വസ്ത്രധാരണത്തിലും മാറ്റം വരുത്തിയതായും താടി വളർത്താൻ തുടങ്ങിയെന്നും പിതാവ് പറഞ്ഞു.