- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിൽ; യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യ
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ കാണാതായ അഞ്ച് യുവാക്കളും ചൈനീസ് സേനയുടെ കസ്റ്റഡിയിലുണ്ടെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. ചൈനീസ് പട്ടാളം ഇവരെ കണ്ടെത്തിയതായി അറിയിച്ചുവെന്നും കിരൺ റിജിജു വ്യക്തമാക്കി. ചൈനീസ് സേന ഇവരെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. ഇവർ അതിർത്തി കടന്നെത്തിയെന്ന വിശദീകരണമാണ് ചൈനീസ് സേന നൽകിയതെന്നാണ് സൂചന. ഈ യുവാക്കളെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി.
അപ്പർ സുബാൻസിരി ജില്ലയിൽനിന്ന് നാച്ചോ മേഖലയിൽനിന്നാണ് അഞ്ച് പേരെ കാണാതായത്. മക്മോഹൻ ലൈനിനോട് ചേർന്നുള്ള മേഖലയാണ് നാച്ചോ. ജില്ല കേന്ദ്രത്തിൽനിന്ന് 120 കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴംഗ സംഘം വേട്ടയ്ക്കായി അതിർത്തി പ്രദേശത്തേക്ക് പോയത്. തിരിച്ചെത്തിയ രണ്ട് പേരാണ് തങ്ങളുടെ അഞ്ച് സുഹൃത്തുക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ കാര്യം കുടുംബങ്ങളെ അറിയിച്ചത്.
ഇവരെ കാണാതായ വിവരം കുടുംബാഗംങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുകയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷവാസ്ഥ തുടരുന്നതിനിടെയാണ് അഞ്ച് പേരെ പിപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്. അരുണാചൽ പ്രദേശ് എന്ന പ്രദേശത്തെ തന്നെ ചൈന അംഗീകരിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ പ്രദേശിലെ തെക്കൻ തിബറ്റൻ മേഖലയായിട്ടാണ് ചൈന കാണുന്നത്. ഇന്ത്യയുടെ ഈ മേഖലയിലെ പരമാധികാരത്തെയും ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല.
അതേസമയം അതിർത്തിയിലെ സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. ഇന്ത്യൻ പോസ്റ്റുകൾക്ക് അടുത്തെത്തി ചൈനീസ് പട്ടാളം ആകാശത്തേക്ക് വെടിവച്ചുവെന്ന് കരസേന പ്രസ്താവനയിൽ വ്യക്തമാക്കി. റസാങ് ലാ മേഖലയിൽ നാല്പത് ചൈനീസ് സൈനികർ ഇന്ത്യൻ സേനയുമായി മുഖാമുഖം എത്തിയതിനെ തുടർന്നുള്ള സംഘർഷസ്ഥിതി തുടരുകയാണ്. ചൈനീസ് നീക്കം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതി വിലയിരുത്തി.
മറുനാടന് ഡെസ്ക്