മസ്‌ക്കറ്റ്: ആദമിലുണ്ടായ വാഹനാപകടത്തിൽ സ്വദേശികളായ അഞ്ചു പേർ മരിച്ചു. ആദം റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചത്. സലാലയിൽ നിന്ന് ഷഹാമിലേക്ക് പോകുകയായിരുന്നു കാർ.

മറ്റ് രണ്ടു കാറുകൾ കൂടി അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനും സലാലയിലേക്ക് പോകുകയായിരുന്ന അഞ്ച് എമിറാത്തി പൗരന്മാർ മരിച്ചിരുന്നു. അതിനു മുമ്പ് ജൂലൈ 18ന് സലാലയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽ പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തേഴിലധികം പേർക്ക് നിസാര പരിക്കേൽക്കുകുയം ചെയ്തിരുന്നു.

ഖരീഫ് സീസണിൽ സലാലയിലേക്ക് ഏറെ യാത്രക്കാർ പോകുന്നതിനാൽ പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസും റോയൽ ഒമാൻ പൊലീസും റോഡ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകാറുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് മിക്കവാറും അപകടത്തിന് വഴിതെളിക്കുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.