- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സേന തട്ടിക്കൊണ്ടു പോയി; സംഭവം അരുണാചൽ പ്രദേശിൽ; 'ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി, ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു'; ട്വീറ്റുമായി രംഗത്തെത്തിയത് കോൺഗ്രസ് എംഎൽഎ ആയ നിനോംഗ് എറിങ്; എംഎൽഎയുട ട്വീറ്റ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തി; ലഡാക്കിൽ അതിർത്തി സംഘർഷം പുകയുമ്പോൾ അരുണാചലിലും കണ്ണുവെച്ച് ചൈന
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈന മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നതിനിടെ അരുണാചൽ പ്രദേശിലും ചൈനീസ് സേന കണ്ണുവെക്കുന്നു. അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയി എന്ന് ആരോപണം ഉന്നയിച്ചു കോൺഗ്രസ് രംഗത്തുവന്നു. അരുണാചൽ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. കോൺഗ്രസ് എംഎൽഎ ആയ നിനോംഗ് എറിംഗാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോൺഗ്രസ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
2020ലഡാക്കിനും ഡോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ആക്രമണം ആരംഭിച്ചതായാണ് നിനോംഗ് എറിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ചൈനക്കാർ നിയന്ത്രണരേഖ മറികടന്നുവെന്നും കോൺഗ്രസ് നിയമസഭാംഗം ആരോപണം ഉന്നയിച്ചു. 'ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി. ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു.'' എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് എംഎൽഎയുടെ ട്വീറ്റ്.
അരുണാചൽ പ്രദേശിലെ അപ്പർ സുബാസിരി ജില്ലയിൽ നിന്നാണ് അഞ്ച് യുവാക്കളെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് കോൺഗ്രസ് എംഎൽഎ പറയുന്നത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്നും സ്ഥരീകരിക്കാത്ത വിവരങ്ങളുണ്ട്. മാർച്ചിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.ലഡാക്കിന് പുറമെ അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിൽ ചൈന പ്രകോപനം സൃഷ്ടിച്ചേക്കാമെന്ന് സൈന്യം വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനയുമായുള്ള നിയന്ത്രണരേഖയിലുടനീളം ജാഗ്രത പാലിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു പേരെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവന്നത്.
അതിനിടെ അതിർത്തി സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും ചൈന രംഗത്തുവന്നിരുന്നു. അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായെന്നും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗി പറഞ്ഞു. ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനയുടെ ആരോപണം.
അതിർത്തിയിലെ സ്ഥിതിഗതികളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ചൈനീസ് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ ഭൂപ്രദേശവും പരമാധികാരവും സംരക്ഷിക്കാൻ ചൈനീസ് സേനയ്ക്ക് കഴിവും വിശ്വാസവും ഉണ്ടെന്നും വെയ് ഫെങ്ഗി പറഞ്ഞു. മോസ്കോയിൽ ഷാഹ്ഗായി ഉച്ചകോടിക്കിടെയാണ് രാജ്നാഥ് സിങും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.
2020 മെയിൽ ലഡാക്ക് അതിർത്തിയിൽ സംഘർഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും സുപ്രധാന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. പെങ്സോ തടാകക്കരയിൽ വീണ്ടും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് താൽപര്യം അറിയിച്ചത്. അതിനിടെ അതിർത്തിയിലെ സ്ഥിതി ശാന്തമാകാതെ ഇരു രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലെത്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിങ്ല പറഞ്ഞു. അതിർത്തി സംഘർഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തെയും ബാധിച്ചു. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് ഇപ്പോൾ പരമപ്രധാനമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യചൈന അതിർത്തി തർക്കത്തിൽ ഇടപെടാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതിർത്തിയിലെ സ്ഥിതി മറ്റുള്ളവർ അറിയുന്നതിനേക്കാൾ രൂക്ഷമെന്നും വിഷയത്തിൽ ഇടപെട്ട് ഇരുരാജ്യങ്ങളെയും സഹായിക്കാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിലായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം.
മറുനാടന് ഡെസ്ക്