ക്യൂൻസ് ലാൻഡ്: യൂണിവേഴ്‌സിറ്റി ഓഫ് ക്യൂൻസ് ലാൻഡിൽ അഞ്ചാം പനി പടരുന്നു. പുതുതായി അഞ്ചു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 30,000ത്തിലധികം ആൾക്കാരുള്ള യൂണിവേഴ്‌സിറ്റിയിൽ ഇതു ഭീതി വിതച്ചിരിക്കുകയാണ്. അതേസമയം അഞ്ചാം പനി തടയാനുള്ള കർശന നടപടികളുമായി ക്യൂൻസ് ലാൻഡ് ഹെൽത്ത് രംഗത്തെത്തിയിട്ടുണ്ട്.

വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരു വിദ്യാർത്ഥിക്ക് അഞ്ചാഴ്ച മുമ്പ് അഞ്ചാം പനി പിടിപെട്ടതോടെയാണ് ഇതു പടരുന്നത്. കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയതോടെ ബ്രിസ്‌ബേന്റെ പടിഞ്ഞാറുള്ള സെന്റ് ലൂസിയ കാമ്പസിൽ ക്യൂൻസ് ലാൻഡ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ വാക്‌സിനേഷൻ ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. കോളേജ് കാമ്പസിൽ താമസിക്കുന്ന വിദ്യാർത്ഥികളെല്ലാം തന്നെ വാക്‌സിൻ എടുക്കണമെന്ന് ക്യൂൻസ് ലാൻഡ് ഹെൽത്ത് വക്താവ് ഡോ. ഹെയ്ദി കാരോൾ വ്യക്തമാക്കി. 1966 ജനുവരിക്കു ശേഷം ജനിച്ചവരും ഒരു തവണ അഞ്ചാംപനി വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവരും ഒരിക്കൽ കൂടി വാക്‌സിൻ എടുക്കണമെന്നാണ് നിർദ്ദേശം.

ഇതുസംബന്ധിച്ച് എന്തെങ്കിലും സംശയമുള്ളവർ തങ്ങളുടെ ജിപിയെ കണ്ട് സംശയനിവാരണം നടത്തണമെന്നും ഡോ. കാരോൾ വ്യക്തമാക്കുന്നു. ശക്തമായ പനി, തൊണ്ടവേദന, ചുമ, ചിലപ്പോൾ ചർമത്തിൽ തടിപ്പുകൾ, കണ്ണു ചുവന്നിരിക്കുക തുടങ്ങിയവയാണ് അഞ്ചാം പനിയുടെ ലക്ഷണങ്ങൾ. രോഗം പിടിപെട്ട് രോഗലക്ഷങ്ങൾ പുറത്തുകാട്ടാൻ ഏതാനും ദിവസങ്ങളെടുക്കും. ആ സമയത്ത് രോഗിയിൽ നിന്ന് ഇതു പടരുകയും ചെയ്യും.

ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ കാണിക്കുന്നവർ വീട്ടിൽ തന്നെ ചെലവഴിക്കണമെന്നും തങ്ങൾ വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ക്യൂൻസ് ലാൻഡ് ഹെൽത്ത് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിക്കുന്നു. ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്നും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.