അഡ്‌ലൈഡ്: അഡ്‌ലൈഡിൽ നിന്ന് താജ്മഹൽ കാണാൻ പുറപ്പെട്ട അഞ്ചംഗ സംഘം കാർ അപകടത്തിൽ കൊല്ലപ്പെട്ടു. അഡ്‌ലൈഡിൽ റെസ്റ്റോറന്റ് നടത്തുന്ന രൂപേന്ദ്ര ദത്തയുടെ ഭാര്യ അനാമിക ദത്ത (45), മക്കളായ നികിത (8), പിപാസ (12), ദിഗ്‌വിജയ് (17), അനാമികയുടെ സഹോദരി സോണാലി എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രൂപേന്ദ്ര ദത്ത(48)യും ഭാര്യാപിതാവ് എൻ കെ പാലിവാളും ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.

അഡ്‌ലൈഡ് ഹെൻലി ബീച്ച് റോഡിൽ അർബൻ ഇന്ത്യൻ റെസ്‌റ്റോറന്റ് നടത്തുന്ന രൂപേന്ദ്ര ദത്ത ഡൽഹി സ്വദേശിയാണ്. അവധിയാഘോഷിക്കാൻ ഇന്ത്യയിലെത്തിയ കുടുംബം ഞായറാഴ്ചയാണ് താജ്മഹൽ കാണാൻ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ്  3.30ന് ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ യമുന എക്സ്‌പ്രസ് വേയിൽ വച്ച് പൊട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനം സേഫ്റ്റി ബാരിയറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ഉള്ളതിൽ നിന്ന് ആൾക്കാർ തെറിച്ചു പോയിരുന്നു.

അനാമികയും നികിതയും പിപാസയും സോണാലിയും സംഭവസ്ഥലത്തു വച്ചും ദിഗ്‌വിജയ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ദിഗ്‌വിജയ് അഡ്‌ലൈഡ് ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. അവധിയാഘോഷങ്ങൾക്കു ശേഷം ഈയാഴ്ച അവസാനം അഡ്‌ലൈഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു രൂപേന്ദ്ര ദത്തയും കുടുംബവും എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. അപകടത്തിൽ രൂപേന്ദ്ര ദത്തയുടെ നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം രൂപേന്ദ്ര ദത്തയുടെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിൽ ഞെട്ടിയിരിക്കുകയാണ് അഡ്‌ലൈഡ് ഇന്ത്യൻ സമൂഹം. അവധി ആഘോഷിക്കാൻ നാട്ടിൽ പോയവർക്ക് ഇത്തരത്തിൽ ദുരന്തം സംഭവിച്ചത് അഡ്‌ലൈഡിലുള്ള ഇവരുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.