തിരുവനന്തപുരം: കേരളത്തിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുകയും പിന്നീട് കാണാതാകുകയും ചെയ്ത 19 പേരെയാണെന്ന് അന്വേഷണ ഏജൻസികളുടെ സ്ഥിരീകരണം. ഇതിൽ അഞ്ചു പേർക്ക് ഇറാക്കിലേയും സിറിയയിലേയും ഐസിസ് തീവ്രവാദികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരണം. ഇവരെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തത് കാസർകോട്ടുകാരൻ അബ്ദുൾ റാഷിദ് എന്ന യുവ എൻജിനീയറാണെന്നും കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.

കാണാതായവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളും ഇവർ അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങളും പരിശോധിച്ചപ്പോഴാണ് ഇവരിൽ അഞ്ചുപേർ നേരിട്ട് ഐസിസുമായി ബന്ധപ്പെടുന്നതായി വ്യക്തമായിട്ടുള്ളത്. അഞ്ചുപേർ പരോക്ഷമായി ഇസഌമിക് സ്‌റ്റേറ്റുമായി ബന്ധപ്പെടുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിസ് കേരളത്തിൽ വേരുറപ്പിക്കുന്നതായി സ്ഥിരീകരണം ലഭിച്ചതോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), റോ എന്നിവയുടെ ഉദ്യോഗസ്ഥരും കേരളത്തിലെത്തി. ഇവരെല്ലാം ഉൾപ്പെട്ട സംഘമാണ് ഇപ്പോൾ അന്വേഷണം ഏകോപിപ്പിക്കുന്നത്.

കാണാതായവരിൽ 15 പേർ ഒറ്റസംഘമായി കഴിയുന്നതായും സംശയമുണർന്നിട്ടുണ്ട്. ഇവർ കേരളത്തിലെ ബന്ധുക്കൾക്ക് സന്ദേശമയച്ചത് നാല് ഫോണുകളിൽ നിന്നാണെന്നും കണ്ടെത്തി. ഇതിൽ മൂന്നെണ്ണം വിദേശത്തെ നമ്പരുകളാണ്. ഒരെണ്ണം ഇന്ത്യയിലെയും. ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈസുകൾ നിർമ്മിച്ചാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതും ഐസിസുമായി ബന്ധം പുലർത്തിയതും.

മലയാളത്തിലും സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയതിനാൽ വിദേശത്ത് നേരത്തേതന്നെ ഐസിസിൽ എത്തിപ്പെട്ട ചിലർ ഇവരെ സമീപിച്ചിരുന്നതായും സംശയമുണർന്നിട്ടുണ്ട്. അതേസമയം, ഇവരെ കാണാതായ സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇനിയും നിരവധിപേർ ഇത്തരത്തിൽ ഐസിസിൽ ചേർന്നതായും ആശങ്കയുണ്ട്.

ഫേസ്‌ബുക്ക്, ട്വിറ്റർ, തുടങ്ങിയവയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു പരസ്പരമുള്ള ആശയവിനിമയം. ഇടയ്ക്ക് ഇമെയിൽ സന്ദേശങ്ങളും അയച്ചിരുന്നു. ഇവയെല്ലാം പരിശോധിച്ച അധികൃതർ ഐസിസ് ബന്ധം ഉറപ്പിക്കുകയായിരുന്നു. ഇവരുടെ വീടുകളിൽ നിന്ന് പാസപോർട്ട് സംബന്ധിച്ച വിവരങ്ങളും മറ്റും രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു. ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്ന മൂന്ന് വിദേശ നമ്പരുകളും ഇപ്പോൾ പ്രവർത്തന രഹിതമാണ്്. നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടത് ഏറെ നാ്ൾ മുമ്പായിരുന്നു എന്നതിനാൽത്തന്നെ ഇവരുടെ നീക്കങ്ങൾ അറിയുന്നതിന് തടസ്സം നേരിടുന്നുണ്ട്. ഇവർ ഒന്നോ രണ്ടോ സംഘങ്ങളായി കഴിയുകയാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

അതേസമയം ഇവരെയെല്ലാം ഐസിസിന്റെ വലയിലേക്ക് ആകർഷിച്ചതും കേരളത്തിലെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതും എൻജിനീയറായ അബ്ദുൾ റഷീദാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ വലയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എ്ന്ന പരിശോധന നടക്കുന്നു. അബ്ദുൾ റാഷിദ് (29) കാസർകോട് തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുള്ളയുടെ മകനാണ്.

ബംഗളൂരുവിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ അബ്ദുൽ റാഷിദ് മുംബയിൽ ബിസിനസ് ആവശ്യങ്ങൾക്കെന്നു പറഞ്ഞ് ഒരു മാസം മുൻപാണ് വീട്ടിൽനിന്നു ഭാര്യ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയോടൊപ്പം പുറപ്പെട്ടത്. ഇതിന് ഏറെ മുൻപുതന്നെ ഇയാൾ കാസർകോട്ടും പാലക്കാട്ടും നിന്ന് കാണാതായ മറ്റുള്ളവരുമായി ബന്ധംപുലർത്തിയിരുന്നതായും അവരെ ക്യാൻവാസ് ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്.

അതേസമയം അബ്ദുൾ റാഷിദിന്റെ മുജാഹിദ് ബന്ധവും ചർച്ചയാകുന്നുണ്ട്. ചർച്ചയാകുന്നു. ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും എംഎം അക്‌ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളിന്റെ അഡ്‌മിനിസ്ട്രേറ്റർ ആയിരുന്നു അബ്ദുൾ റാഷിദ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ മുജാഹിദ് പ്രസ്ഥാനവുമായി പീസ് സ്‌കൂളിന് ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അബ്ദുൾ റാഷിദ് പീസ് സ്‌കൂളിൽ പലർക്കും ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അബ്ദുൾ റാഷിദിനെ മുജാഹിദുകളുടെ ഭാഗമായി കണാക്കാക്കേണ്ടതില്ലെന്നാണ് പൊതു വിലയിരുത്തൽ.

പാലക്കാട് യാക്കര സ്വദേശി ഈസയേയും മതംമാറി ഇയാളുടെ ഭാര്യയായ കാസർകോട്ടെ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരസ്പരം പരിചയപ്പെടുത്തിയത് റാഷിദാണ്. പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന ക്‌ളാസിലെത്തിച്ചതും റാഷിദാണ്. ഇജാസിന്റെ ഭാര്യ റഫീലയേയും മകളേയും കാണാതായിട്ടുണ്ട്. ഇജാസിന്റെ സഹോദരൻ ഷിയാസും കുടുംബവും മുംബൈയിലേക്കെന്നു ബന്ധുക്കളെ അറിയിച്ചാണ് പുറപ്പെട്ടത്.

ഡോ. ഇജാസിന്റെ ഭാര്യ റഫീലയുടെ സഹപാഠിയാണ് ഫാത്തിമ. കാസർകോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റൽ കോളേജിലാണ് ഇവരൊന്നിച്ച് പഠിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു അബ്ദുൾ റഷീദിന്റെ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നിരുന്നതെന്നാണ് സൂചനകൾ. കോഴിക്കോട്ട് സ്‌കൂളിൽ നിന്ന് ഒരുമാസം മുമ്പാണ് റാഷിദ് നാടുവിട്ടത്. ശ്രീലങ്കയിൽ വിദ്യാഭ്യാസ ആവശ്യത്തിനായി പോകുകയാണെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

രണ്ടുവർഷം മുമ്പ് തിരുവള്ളൂരിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ ജോലിക്കെത്തിയ ഡോ. ഇജാസ് ഇത്തരത്തിൽ ഐസിസിൽ എത്തിപ്പെട്ടുവെന്നതിൽ സഹപ്രവർത്തകരും ഇയാളെ അറിയുന്നവരും അത്ഭുതപ്പെടുന്നു. ഇടക്കാലത്ത് ഇവിടെനിന്ന് കാണാതായിരുന്ന ഇജാസ് ഐസിസ് പ്രചാര പ്രവർത്തനങ്ങൾക്കായാണ് മാറിനിന്നിരുന്നതെന്ന സംശയം ഉണർന്നിട്ടുണ്ട്. പിന്നീട് വീണ്ടും ജോലിക്കെത്തിയിരുന്ന ഡോ്ക്ടർ ഏറെ സൗമ്യനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

ഒന്നരമാസം മുമ്പാണ് ഇയാൾ ഇവിടെനിന്നുപോയതെന്ന് സ്ഥാപനയുടമ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. വിദേശത്തേക്ക് പോകേണ്ടതിനാൽ രണ്ടുമാസം അവധിയെടുത്താണ് ഇയാൾ പോയിട്ടുള്ളത്. ഇതിനിടെ കാണാതായവരിൽ അഞ്ചുപേരെ ഐസിസിൽ ചേർക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പുതന്നെ മതംമാറ്റിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 40 മലയാളികളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നു.