പിറ്റ്‌സ്ബർഗ്: പെൻസിൽവാനിയയിലെ പിറ്റ്‌സ്ബർഗിൽ ഒരു ബാർബിക്യൂ പാർട്ടിക്കിടെ നടന്ന വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വിൽകിൻസ്ബർഗിലെ ഒരു വസതിയുടെ പിൻഭാഗത്ത് നടന്ന ബാർബിക്യൂ പാർട്ടിയിലേക്ക് രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

മരിച്ചവരിൽ നാലു സ്ത്രീകൾ ഉൾപ്പെടുന്നു. ബുധനാഴ്ച രാത്രി വൈകിയാണ് പാർട്ടിക്കിടയിലേക്ക് ഒരാൾ വെടിയുതിർത്തത്. പേടിച്ചരണ്ട് ആൾക്കാർ വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ വീടിനോട് ചേർന്നുള്ള മറ്റൊരു ഭാഗത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. നാലു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. പരിക്കേറ്റവരിൽ രണ്ടു പുരുഷന്മാരുടെ നില ഗുരുതരമാണ്.

സംഭവസ്ഥലത്തു നിന്ന് 20 തവണ വെടിയുതിർത്ത ശബ്ദം കേട്ടുവെന്നാണ് സാക്ഷികൾ പറയുന്നത്. അതേസമയം വെടിവയ്പിനുള്ള കാരണങ്ങൾ ഇതുവരെ പുറത്തായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.