- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് മുഖം കോടി; കാഴ്ച പോയി; അഞ്ചു വയസുകാരിയുമായി പിതാവിന്റെ പോരാട്ടം ഇനി മനുഷ്യാവകാശക്കമ്മീഷനിലേക്ക്: ഉപരാഷ്ട്രപതി ഇടപെട്ടിട്ടും രക്ഷയില്ല
ആലപ്പുഴ: പ്രതിരോധ കുത്തിവയ്പിന്റെ ഇരയായ അപർണ എന്ന അഞ്ചു വയസുകാരിക്കു നീതി ലഭിക്കാൻ പിതാവ് നടത്തുന്ന വർഷങ്ങൾ നീണ്ട പോരാട്ടം ഇനി മനുഷ്യാവകാശക്കമ്മീഷനിലേക്ക്. വർഷങ്ങളുടെ പഴക്കമുണ്ട് പ്രസാദിന്റെ നീതി തേടിയുള്ള പ്രയാണത്തിന്. എറണാകുളം ജില്ലയിലെ കുന്നത്തുനാടു താലൂക്കിൽ നാട്ടല വീട്ടിൽ പ്രസാദിനെയാണ് ദുരന്തം വിട്ടൊഴിയാത്തത്. പ്രസാദി
ആലപ്പുഴ: പ്രതിരോധ കുത്തിവയ്പിന്റെ ഇരയായ അപർണ എന്ന അഞ്ചു വയസുകാരിക്കു നീതി ലഭിക്കാൻ പിതാവ് നടത്തുന്ന വർഷങ്ങൾ നീണ്ട പോരാട്ടം ഇനി മനുഷ്യാവകാശക്കമ്മീഷനിലേക്ക്.
വർഷങ്ങളുടെ പഴക്കമുണ്ട് പ്രസാദിന്റെ നീതി തേടിയുള്ള പ്രയാണത്തിന്. എറണാകുളം ജില്ലയിലെ കുന്നത്തുനാടു താലൂക്കിൽ നാട്ടല വീട്ടിൽ പ്രസാദിനെയാണ് ദുരന്തം വിട്ടൊഴിയാത്തത്.
പ്രസാദിന്റെ കുട്ടി അപർണയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് തൂങ്ങാലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു പ്രതിരോധ കുത്തിവയ്‌പെടുത്തത്.
വാക്‌സിൻ നൽകിയതിനെത്തുടർന്നു കുട്ടിക്ക് കലശലായ പനി അനുഭവപ്പെട്ടു. പിന്നീട് ഉറങ്ങിയെഴുന്നേറ്റ കുഞ്ഞിന്റെ മുഖം ഒരുവശത്തേക്ക് തിരിഞ്ഞു, കണ്ണുകൾ മുകളിലേക്ക് ഉയർന്ന നിലയിലുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടർമാർ വൈറ്റമിൻ ഗുളികകൾ നൽകി പറഞ്ഞയയ്ക്കുകയായിരുന്നു. പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിയ പ്രസാദിന് അവിടെയും ഇതേ അനുഭവം തന്നെയായിരുന്നു.
സർക്കാർ ആശുപത്രിയിൽ കയറിയിറങ്ങി മരവിച്ച പ്രസാദ് പിന്നീട് സ്വകാര്യ ആശുപത്രിയെ സമീപിച്ചു. ഇവിടെയും വ്യക്തമായ ഉത്തരം നൽകാനോ സ്ഥിരീകരിക്കാനോ ഡോക്ടർമാർ തയ്യാറായില്ല. തങ്ങളുടെ പണിപോകുമെന്ന മറുപടിയാണ് ലഭിച്ചത്. മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ പ്രതിരോധ വാക്‌സിനെത്തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നും അറിയിച്ചു. തനിയെ രോഗം മാറുക മാത്രമേ നിവൃത്തിയുള്ളുവെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.
എന്നാൽ പ്രായമേറുംതോറും കുട്ടിക്ക് സൂര്യപ്രകാശത്തിൽ നടക്കാൻ കഴിയാത്ത അവസ്ഥയാണ് വന്നുപെട്ടത്. ഇപ്പോൾ അഞ്ചുവയസ് പിന്നിട്ട കുട്ടിക്ക് കാഴ്ചയ്ക്ക് സാരമായ ഭംഗം സംഭവിച്ചു. നോക്കുമ്പോൾ ഓരോ വസ്തുവും നാലായി കാണും. തിരിച്ചറിവില്ലാത്ത അപർണ ഇടയ്ക്കിടെ അച്ഛനോട് ചോദിക്കും തന്റെ കണ്ണ് ശരിയാകുമോ, അതോ മരിച്ചുപോകുമോയെന്ന്. മറുപടിയില്ലാതെ തലകുനിക്കുന്ന ഒരച്ഛന്റെ നിസ്സഹായതയാണ് പ്രസാദിന്.
കാര്യങ്ങളുടെ നിജസ്ഥിതിയറിയാൻ പ്രസാദ് നീതിക്കു വേണ്ടിയുള്ള പ്രയാണം തുടർന്നു. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. എന്നാൽ അന്വേഷണം പ്രഹസനമായിരുന്നെന്ന് പ്രസാദ് പറയുന്നു. തന്റെ കുഞ്ഞ് വീട്ടിലില്ലാതിരുന്ന സമയത്ത് അന്വേഷണ സംഘമെത്തി പിന്നീട് വരാമെന്നറിയിച്ച് മടങ്ങി. എന്നാൽ പിന്നീട് ആരും എത്താതെയും പരിശോധന നടത്താതെയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അസുഖം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
തന്റെ മകളെ കൈയൊഴിഞ്ഞ സംസ്ഥാന സർക്കാരിനെ വിട്ട് പ്രസാദ് കേന്ദ്രസർക്കാരിനെ സമീപിച്ചു. പ്രസാദിന്റെ പരാതി മാനിച്ച് ഉപരാഷ്ട്രപതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ അന്വേഷണം നടത്തിയതാകട്ടെ സംസ്ഥാനത്തെ അതേ ഏജൻസി. ഇവർക്ക് അന്വേഷണത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. പഴയ റിപ്പോർട്ട് തന്നെ തട്ടിക്കുടഞ്ഞ് കേന്ദ്രത്തിൽ സമർപ്പിക്കുകയും ചെയ്തു.
അതേസമയം പ്രതിരോധ വാക്‌സിൻ ഇരകൾക്ക് സർക്കാർ സഹായം നൽകണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിൽ യാതൊരു സാഹയവും നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വകുപ്പുതന്നെ പ്രസാദിന് വിവരാവകാശ നിയമപ്രകാരം എഴുതി നൽകിയിട്ടുണ്ട്. ഏതായാലും പ്രതിരോധ വാക്‌സിൻ തുലച്ച ഒരു കുഞ്ഞിന്റെ ഭാവിക്കായി നെട്ടോട്ടമോടുന്ന ഒരച്ഛന്റെ കഷ്ടപ്പാട് വെളിച്ചം കാണുമെന്നുതന്നെ പ്രതീക്ഷിക്കാം.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)