ചൈനീസ് സേന അരുണാചൽ പ്രദേശിൽ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ചം​ഗ സംഘത്തെ കുറിച്ച് ഇനിയും വിവരങ്ങൾ കൈമാറാതെ ചൈന. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് വേട്ടക്ക് പോയ ഏഴം​ഗ സംഘത്തിലെ അഞ്ച് പേരെ അതിർത്തിയിൽ നിന്നും ചൈനീസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയത്. സംഭവം ചൈനിസ് അധികൃതകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മറുപടിക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജു പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനകൾ നടത്താതെ സൈന്യം പിടിച്ചുവെച്ച അഞ്ച് പേരെ വിട്ടയക്കാനാണ് ചൈന തയ്യാറാവേണ്ടതെന്ന് ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡന്റസ് യുണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്പർ സുബാൻസിരി ജില്ലയിൽനിന്ന് നാച്ചോ മേഖലയിൽനിന്നാണ് അഞ്ച് പേരെ കാണാതായത്. മക്‌മോഹൻ ലൈനിനോട് ചേർന്നുള്ള മേഖലയാണ് നാച്ചോ. ജില്ല കേന്ദ്രത്തിൽനിന്ന് 120 കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴം​ഗ സംഘം വേട്ടയ്ക്കായി അതിർത്തി പ്രദേശത്തേക്ക് പോയത്. തിരിച്ചെത്തിയ രണ്ട് പേരാണ് തങ്ങളുടെ അഞ്ച് സുഹൃത്തുക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ കാര്യം കുടുംബങ്ങളെ അറിയിച്ചത്.

ഇവരെ കാണാതായ വിവരം കുടുംബാ​ഗംങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകത്തെ അറിയിക്കുകയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷവാസ്ഥ തുടരുന്നതിനിടെയാണ് അഞ്ച് പേരെ പിപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്. അരുണാചൽ പ്രദേശ് എന്ന പ്രദേശത്തെ തന്നെ ചൈന അംഗീകരിച്ചിട്ടില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ പ്രദേശിലെ തെക്കൻ തിബറ്റൻ മേഖലയായിട്ടാണ് ചൈന കാണുന്നത്. ഇന്ത്യയുടെ ഈ മേഖലയിലെ പരമാധികാരത്തെയും ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടെ ലഡാക്കിൽ നിയന്ത്രണ മേഖലിയിൽ സ്ഥിതി രൂക്ഷമാകുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ- ചൈന അതിർത്തിയിൽ കാര്യങ്ങൾ യുദ്ധസമാനമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവെയ്‌പ്പ് നടന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നിലകൊള്ളുന്ന അതിർത്തി പ്രദേശത്ത് വെടിവയ്‌പ്പ് നടന്നതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. നാൽപ്പത് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിപൊട്ടുന്നത്. ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന സൂചനയാണ് നല്കുന്നത്.

സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ചൈനയുടെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ആദ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിവെയ്‌പ്പ് നടത്തിയെന്നായിരുന്നു ചൈനയുടെ ആരോപണം. ആദ്യം വെടിയുതിർത്ത ഇന്ത്യൻ സേനക്ക് നേരെ തിരിച്ചടിച്ചെന്നും ചൈന അവകാശപ്പെട്ടു. അതേസമയം ഗുരുതരമായ പ്രകോപനമാണെന്നുമാണ് അവരുടെ വാദം. എന്നാൽ, ചൈനീസ് വാദത്തോട് ഇന്ത്യ പ്രതികരിക്കാൻ തയ്യാറായില്ല.

പാങ്കോങ് കായലിന് സമീപം ഷെൻപാവോ മലനിരകൾക്ക് സമീപമാണ് വെടിവെയ്‌പ്പ് ഉണ്ടായതെന്നാണ് ചൈന പറഞ്ഞത്. വളരെ ഗുരുതരമായ അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടതെന്ന് ചൈന ആരോപിച്ചു. ഇത്തരം അപകടകരമായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഉടൻ പി്ന്മാറണമെന്നും ചൈനയുടെ പ്രതിരോധ വകുപ്പിന്റെ വക്താവ് പറഞ്ഞു. എന്നാൽ ഇന്ത്യൻ സൈനികർക്ക് നേരെ വെടിവെയ്‌പ്പ് ഉണ്ടായതിനെ തുടർന്ന് മുന്നറിയിപ്പ് എന്ന നിലയിൽ ഇന്ത്യ വെടി ഉതിർക്കുകാണ് ഉണ്ടായതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 31 നും നിയന്ത്രണ രേഖയിൽ വെടിവെപ്പ് ഉണ്ടായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പുറമെ ഞായറാഴ്ച ബ്രിഗേഡിയർ കമാന്റർ തല ചർച്ചയും ഞായാറാഴ്ച നടന്നിരുന്നു. മെയ് മാസത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തില് സംഘർഷം ആരംഭിച്ചത്. ജൂൺ 15 ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്. അതിർത്തിയിലെ സംഘർഷത്തിന് പരിഹാരമാകാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.

ലാഡാക്കിലെ സ്ഥിതി അതീവ ഗുരതരമാണെന്ന മന്ത്രി എസ് ജയശങ്കർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയതലത്തിൽ ഗൗരവതരമായ ചർച്ച വേണമെന്ന് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ മോസ്‌കോയിൽ പോകുന്നതിന് മുമ്പ് പ്രതികരിക്കുകയായിരുന്നു ജയശങ്കർ. മോസ്‌കോയിൽ ജയശങ്കർ ചൈന വിദേശകാര്യ മന്ത്രി വാങ്ക് യി യുമായി ചർച്ച നടത്തും. മോസ്‌കോയിൽ നിന്ന് മടങ്ങി വരുന്നത് വഴി ജയശങ്കർ ഇറാനിലിറങ്ങി ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശെരിഫുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംങ്ങും മോസ്‌കോയിൽനിന്ന് തിരിച്ചുവരും വഴി ഇറാനിലിറങ്ങി ചർച്ചകൾ നടത്തിയിരുന്നു.

ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മുതൽ ഏറ്റുമുട്ടലിലാണ്. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നു. പ്രതിരോധ മന്ത്രിമാരും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു. അതിർത്തിയിൽ സമാധാനം വേണോ, കൂടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്‌കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ ചൈന മറുപടി നൽകിയത്.