- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി: അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ നടത്തും. സുപ്രീംകോടതി വിധിപ്രകാരം പള്ളി പണിയാനായി സർക്കാർ ധന്നിപ്പുർ ഗ്രാമത്തിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചിരുന്നു. ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടുമാണ് പള്ളിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുക. വിവിധസൗകര്യങ്ങളുള്ള ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി തുടങ്ങിയവയും പള്ളിസമുച്ചയത്തിൽ ഉണ്ടാവും.
രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റ് പള്ളി പണിയുന്നത്. ജനുവരി 26 ന് രാവിലെ 8.30 ന് പദ്ധതിയുടെ നിർമ്മാണോദ്ഘാടന ചടങ്ങ് നടക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.
കോടതിവിധിക്ക് അനുസൃതമായി, പള്ളി പണിയുന്നതിന് സുന്നി വഖഫ് ബോർഡ് ആറുമാസം മുമ്പാണ് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചത്. ഫൗണ്ടേഷന്റെ ഒമ്പത് ട്രസ്റ്റിമാർ ഞായറാഴ്ച യോഗം ചേർന്ന് ആദായനികുതി വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിലെ കാലതാമസം, വിദേശ സംഭാവന സ്വീകരിക്കുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. മനുഷ്യരാശിയുടെ പ്രധാന വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായാണ് വൃക്ഷത്തൈകൾ നടത്തുന്നത് ആസത്രണം ചെയ്തതെന്ന് ട്രസ്റ്റ് പ്രസാതാവനയിൽ അറിയിച്ചു.
ഏതാണ്ട് 400 വർഷം പഴക്കം കണക്കാക്കിയിരുന്ന ബാബരി മസ്ജിദ് 1992 ൽ കർസേവകരാൽ തകർക്കപ്പെടുമ്പോൾ ഉത്തർപ്രദേശിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയങ്ങളിൽ ഒന്നായിരുന്നു. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ കോടതി ഉത്തരവിനെ തുടർന്ന് ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് പകരമായി അയോധ്യയിൽ നിന്ന് 30 കിലോ മീറ്റർ മാറി ദാന്നിപ്പൂരിലെ അഞ്ചേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്റെ രൂപ രേഖയും പുറത്ത് വിട്ടിരുന്നു.
ജാമിയ മിലിയ ഇസ്‌ലാമിയയിലെ ആർക്കിടെക് പ്രൊഫസറായ പ്രൊഫസർ എസ്.എം അക്തറാണ് പുതിയ ബാബറി മസ്ജിദിന്റെ ചീഫ് ആർകിടെക്ട്. റിട്ടയേർഡ് പ്രഫസർ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു.
മറുനാടന് ഡെസ്ക്