മസ്‌കത്ത്:നിലോഫർ കൊടുങ്കാറ്റ് വഴിമാറിയെങ്കിലും അതുണ്ടാക്കിയ കനത്തമഴയിലും മിന്നൽ പ്രളയത്തിൽ നിന്നും രാജ്യം മോചിതമായിട്ടില്ല. വാദി മേഖലയിൽ മൂന്നു ദിവസമായി മഴ തുടരുകയാണ്. ഇതിനിടെയാണ് റുസ്താഖ് മേഖലയിൽ മിന്നൽ പ്രളയം അപകടം വിതച്ചത്

റുസ്താഖ് വിലായത്തിലെ വാദി ഹൗഖയിനിൽ കഴിഞ്ഞദിവസം വാഹനം ഒഴുക്കിൽപെട്ട് ഒരു കുട്ടിയടക്കം നാലുപേർ മരിച്ചു. മൂന്നുപേരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെടുത്തിരുന്നു. അവസാനത്തെ മൃതദേഹം ശനിയാഴ്ച പുലർച്ചയോടെയാണ് വീണ്ടെടുത്തത്. കനത്ത മഴയിൽ നിറഞ്ഞൊഴുകിയ വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേ വാഹനം ഒഴുക്കിൽപെടുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് റോയൽ ഒമാൻ പൊലീസ് ഹെലികോപ്ടർ അയച്ചിരുന്നു. റുസ്താഖിലും മറ്റു ഭാഗങ്ങളിലും കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തിരുന്നു. മഴയുടെ ഫലമായി വിവിധ ഭാഗങ്ങളിൽ നീരൊഴുക്ക് ശക്തമായിരുന്നു. ഇതേ തുടർന്ന് വിവിധ ഭാഗങ്ങളിൽ വാദികൾ രൂപപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളും വാദികളിൽപെട്ടിരുന്നു.

നിലോഫർ ചുഴലിക്കാറ്റിനെ തുടർന്നാണ് ഇവിടെ മഴ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാര്യമായ നാശനഷ്ടമുണ്ടാക്കാതെയാണ് നിലോഫർ ഒമാൻ തീരത്തിന് സമീപത്തുകൂടി കടന്നുപോയത്. കാറ്റിന്റെ ശക്തി തീരെ കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.