ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിൽ ആഹ്ലാദവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങലുടെയും ഫലം പുറത്തുവരുന്ന വേളയിലാണ് മോദി വിജയചിഹ്നം ഉയർത്തിക്കാണിച്ചത്. ഇരു സംസ്ഥാനങ്ങളുടേയും ഫലം പുറത്തുവരുമ്പോൾ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഇറങ്ങിയതായിരുന്നു മോദി. പാർലമെന്റിലേക്ക് കയറും മുൻപ് മാധ്യമങ്ങളെ നോക്കി വിജയചിഹ്നം കാട്ടുകയായിരുന്നു അദ്ദേഹം. അതേസമയം മറ്റ് പ്രതികരണത്തിനൊന്നും മോദി തയ്യാറായില്ല.

എന്നാൽ ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയിക്കുമെന്നും കൃത്യമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങൽലെ വിധി വരുംമുൻപേ ബിജെപി പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലും ഗുജറാത്തിലും ഹിമാചലിലും ബിജെപി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ചും ലഡുവിതരണം ചെയ്തുമാണ് പ്രവർത്തകർ ആഘോഷിക്കുന്നത്.

ഗുജറാത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ജയവും പ്രവർത്തകർ ആഘോഷിക്കുകയാണ്. രാജ്‌കോട്ട് വെസ്റ്റിലാണ് രൂപാണി മത്സരിച്ചത്. തുടക്കത്തിൽ കോൺഗ്രസിന്റെ ഇന്ദ്രാനിൽ രാജ്ഗുരുവിന്റെ പിന്നിലായിരുന്നു രൂപാണി.