മുതലാളിയുടെ അച്ഛന്റെ വീട്ടിൽ ചടങ്ങിനെത്തിയപ്പോൾ ഇറങ്ങി ഓടി പതിനൊന്ന് വയസ്സുള്ള വീട്ടു ജോലിക്കാരി; അയൽവീട്ടിലെത്തി വെള്ളം ചോദിച്ച് ദാസപ്പനോട് ആവശ്യപ്പെട്ടത് രക്ഷപ്പെടുത്തണമെന്ന്; പൊലീസ് കണ്ടത് പീഡനത്തിന് തെളിവായി ഇടതു തോളിലെ പൊള്ളൽ; ജോലിക്കാരി ഫ്ളാറ്റിൽ നിന്ന വീണ കേസിൽ ഇതും നിർണ്ണായകം; പഴയ ജുവനൈൽ കേസ് കണ്ടില്ലെന്ന് നടിച്ച് ഉടമയെ രക്ഷിക്കാനും നീക്കം
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ജോലിക്കാരി ഫ്ളാറ്റിൽ നിന്നും വീണ് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുയർത്തി ഫ്ളാറ്റുടമയുടെ മുൻ കേസ്. ഫ്ളാറ്റുടമയായ മറൈൻഡ്രൈവ് ലിങ്ക് ഹൊറൈസണിൽ അഡ്വ. എം. എസ്. ഇംത്യാസ് അഹമ്മദ്, ഭാര്യ കമറുന്നിസ എന്നിവർക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു വേല ചെയ്യിപ്പിക്കുകയും ശരീരത്തിൽ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ബലമായി തടഞ്ഞുവച്ചതിനും ശാരീരിക പീഡനമേൽപിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമത്തിലെ 23ാം വകുപ്പനുസരിച്ചും, ബാലവേല തടയുന്ന നിയമത്തിലെ മൂന്നാംവകുപ്പനുസരിച്ചും ആലുവ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.
മൂന്നു വർഷമായി ജോലിക്കു നിൽക്കുന്ന വീട്ടുകാർക്കൊപ്പം അഭിഭാഷകന്റെ പിതാവിന്റെ വീട്ടിൽ ചടങ്ങിന് എത്തിയതാണ്. അവിടെ നിന്നു വീട്ടുകാർ കാണാതെ ഇറങ്ങിയോടിയ പെൺകുട്ടി വെള്ളം ചോദിച്ചു സമീപവാസി ദാസപ്പന്റെ വീട്ടിൽ ചെന്നു. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നു പൊലീസും നാട്ടുകാരും രംഗത്തെത്തിയതോടെയാണു ബാലപീഡനം സംബന്ധിച്ച വിവരങ്ങൾ പുറംലോകമറിഞ്ഞത്.
കുഞ്ഞിനെ നോക്കാനെത്തിയ തനിക്കു വീട്ടിലെ മറ്റു ജോലികളും ചെയ്യേണ്ടിവന്നതായി രാധ പറഞ്ഞു. അതിൽ വീഴ്ച വന്നപ്പോൾ പീഡനമേൽക്കേണ്ടി വന്നതായിട്ടാണ് ആരോപണം. ഇടത്തെ തോളിലെ പൊള്ളലേറ്റ പാട് ഇത്തരമൊരു പീഡനത്തിന്റെ തെളിവായി കുട്ടി നാട്ടുകാരെ കാണിക്കുകയും ചെയ്തു. ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ബാലികയെ ജോലിക്കു നിർത്തിയ ഫ്ളാറ്റ് സെൻട്രൽ പൊലീസിന്റെ അതിർത്തിയിലായതിനാലാണ് കേസ് അങ്ങോട്ടു മാറ്റിയത്.
ഇത്തരം ഒരു കേസ് നിലവിൽ ഉണ്ടായിരുന്ന ആളായിട്ടും സെൻട്രൽ പൊലീസ് അഭിഭാഷകനെ സംരക്ഷിക്കുകയാണ്. ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് കേസെടുക്കാത്തതെന്നാണ് ഉയരുന്ന ആക്ഷേപം. ആത്മഹത്യാ ശ്രമം കുറ്റകരമല്ലെന്ന നിയമം നിലനിൽക്കുമ്പോൾ പരിക്കേറ്റ സ്ത്രീക്കെതിരെ ആത്മഹത്യാ ശ്രമത്തിനു കേസെടുക്കുമെന്ന് ഇന്നലെ പൊലീസ് പറഞ്ഞത് ഫ്ളാറ്റ് ഉടമയെ സംരക്ഷിക്കാനാണെന്നാണ് നാട്ടുകാരും സാമൂഹിക പ്രവർത്തകരും പറയുന്നത്.
ഫ്ളാറ്റിൽ നിന്നും തുണി കെട്ടി താഴേയ്ക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ചതാണെന്നും ആത്മഹത്യാ ശ്രമമല്ലെന്നും സാഹചര്യത്തെളിവുകളിൽ വ്യക്തമായിരിക്കെയാണ് ആത്മഹത്യാ ശ്രമമെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമമുണ്ടായത്. ഫ്ളാറ്റ് അസോസിയേഷൻ തലപ്പത്തുള്ളവരുടെ ഉന്നത പൊലീസ് ബന്ധമാണ് കേസ് വഴിതിരിച്ചു വിടാനുള്ള നീക്കത്തിനു പിന്നിലെന്നും ഇവർ പറയുന്നു.
അതേ സമയം ആത്മഹത്യാ ശ്രമത്തിനു കേസെടുക്കില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണർ പിന്നീട് വിശദീകരിച്ചത് അബദ്ധം തിരിച്ചറിഞ്ഞാണെന്നും ഇവർ പറയുന്നു. നിയമരംഗത്തും പൊലീസിലും ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് ഫ്ലാറ്റുടമ എം.എസ്. ഇംതിയാസ് അഹമ്മദ്. നേരത്തെയും ഇദ്ദേത്തിനെതിരെ ഇതിനെക്കാൾ ഗുരുതരമായ ആരോപണം ഉയർന്നനിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്കു നിർത്തി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ പരാതിയുയരുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നു പത്രങ്ങളിൽ വാർത്തകളും വന്നിരുന്നു.
ഗുരുതരമായിപരുക്കേറ്റ സേലം സ്വദേശിനി കുമാരി(55) ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ തുടരുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. പുലർച്ചെ അഞ്ചരയോടെ രക്ഷപെടാൻ ശ്രമിച്ച് താഴെ വീണ് ഗുരുതര പരുക്കേറ്റ ഇവരെ മണിക്കൂറുകൾ പിന്നിട്ട ശേഷം എട്ടരയോടെയാണ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ ഇവിടെ നിന്ന് സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കാതെ നഗരത്തിനു പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയതിലും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്.
ഇവർ എന്തെങ്കിലും സംസാരിച്ചാലേ എന്താണു സംഭവിച്ചത് എന്നറിയാൻ സാധിക്കൂ, എന്നാണ് കേസെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊലീസ് മറുപടി. സംഭവത്തിൽ ഫ്ളാറ്റുടമയുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി മാത്രമാണു പൊലീസ് രേഖപ്പെടുത്തിയതെന്നും അയൽപക്കത്തുള്ളവരുടെയോ ഫ്ളാറ്റിലെ ജീവനക്കാരുടെയോ മൊഴി ഇതു വരെ രേഖപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്.
സംഭവം നടന്ന് രണ്ടു ദിവസമായിട്ടും കുമാരിയുടെ ബന്ധുക്കളെ വിവരമറിയിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹതയേറ്റുന്നുണ്ട്. ബന്ധുക്കളെ ബന്ധപ്പെടാൻ ആയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. നിർധനയായ അയൽ സംസ്ഥാനക്കാരിയായതിനാൽ പരാതിയുമായി ആരും മുന്നോട്ടു വരില്ലെന്നത് അവസരമായി കണ്ടാണു പൊലീസ് കേസെടുക്കാത്തതെന്നാണ് ആക്ഷേപം.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും പരാതി നൽകാനുള്ള നീക്കം സാമൂഹികപ്രവർത്തകരും നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ എട്ടിനാണു മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നു താഴേക്കു വീണു പരുക്കേറ്റ നിലയിൽ കുമാരിയെ കണ്ടെത്തിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.