കൊച്ചി: തട്ടിപ്പുകൾ അരങ്ങു തകർക്കുന്ന എറണാകുളത്ത് വീണ്ടുമൊരു ഫ്‌ലാറ്റ് തട്ടിപ്പ്. നാലു ഫ്‌ലാറ്റുകളുടെ ചിത്രം ഓൺലൈനിൽ നൽകിയശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയത്. ആലുവ കരിമുകളിൽ പാറയ്ക്കൽ, ഡ്രീം, എലഗന്റ്, സിഗ്‌നേച്ചർ എന്നീ പേരുകളിൽ ഫ്‌ലാറ്റ് സമുച്ചയങ്ങൾ താമസിക്കാൻ പാകത്തിൽ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് നാൽവർ സംഘം ഇടപാടുകാരിൽനിന്നും കോടികൾ തട്ടിയത്.

20 പേരിൽ നിന്നും 25 - 50 ലക്ഷം രൂപ വരെ വിലവാങ്ങിയാണ് ഫ്‌ലാറ്റുകളിൽ പലതും രജിസ്റ്റർ ചെയ്ത് നൽകിയത്. എന്നാൽ പണിപൂർത്തിയാകാത്ത ഫ്‌ലാറ്റുകളിൽ പലതിന്റെയും രേഖകൾ ന്യൂജെൻ ബാങ്കുകളിൽ പണയപ്പെടുത്തി കോടികൾ വായപ എടുത്തിട്ടുള്ളതായി തെളിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്.

തട്ടിപ്പ് പുറത്താകുന്നതിന് മുമ്പെ ഉടമകളിൽ പ്രധാനി വിദേശത്തേക്ക് പറന്നു. മീരാ ഹോംസ് എന്ന സ്ഥാപനത്തിന്റെ കരിമുകൾ ഡോൺ ഇന്റർനാഷണൽ സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന എലഗൻസ് അപ്പാർട്ട്മെന്റിലാണ് ഫ്‌ലാറ്റുകളിൽ പലതും ബുക്ക് ചെയതത്. അത്താണി, തുരുത്തുശ്ശേരിക്കരയിൽ രാജി നിവാസിൽ താമസം രാജീവ് ഗംഗാധരൻ മാനേജിങ് പാർട്ടർ ആയ സ്ഥാപനത്തിൽ ഇയാളുടെ ഭാര്യ മഞ്ജു, ആലുവ തായിക്കാട്ടുക്കര മനപ്പാടൻ വീട്ടിൽ ബിജോയി ഡൊമിനിക്ക്, വെണ്ണല, ചേറുങ്കൽ വീട്ടിൽ ഇ എം സി റോഡിൽ ഡോ. ജോൺസൺ ലൂക്കോസ് എന്നിവരാണ് കമ്പനി നടത്തിയിരുന്നത്. ഇതിൽ രാജീവ് ഗംഗാധരനാണ് ഇടപാടുകാരിൽനിന്നും പണം കൈപ്പറ്റിയിരുന്നത്.

ജോൺസൺ ലൂക്കോസിന്റെ 27 സെന്റ് സ്ഥലത്താണ് ഫ്‌ലാറ്റ് ഭാഗീകമായി പണിതിട്ടുള്ളത്. മനോഹരമായ ചിത്രങ്ങളോടെ ഓൺലൈൻ വഴി പരസ്യംചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുകയായിരുന്നു ആദ്യഘട്ടത്തിൽ ഫ്‌ലാറ്റ് നിർമ്മാതാക്കൾ ചെയ്തത്. ഫ്‌ലാറ്റിന്റെ രൂപവും ഭാവവും കണ്ട് പ്രവാസികളാണ് അധികവും തട്ടിപ്പിന് ഇരയായത്. 20 ഓളം പേർക്ക് ഇതിനിടെ ഫ്‌ലാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കുകളിൽനിന്നും ജപ്തിനോട്ടിസ് എത്തിയതോടെയാണ് ഫ്‌ലാറ്റിനായി പണം നൽകിയവർ തങ്ങൾ കൊടുംചതിയിൽപ്പെട്ട വിവരം അറിയുന്നത്. തങ്ങൾക്ക് പതിച്ചു നൽകിയ ഫ്‌ലാറ്റിന്റെ പേരിൽ ഉടമകൾ എങ്ങനെ വായ്പ തരപ്പെടുത്തിയെന്ന കാരണം കണ്ടെത്താനാണ് ഉപഭോക്താക്കൾ ശ്രമിക്കുന്നത്. ഒരേ നമ്പർ ഫ്‌ലാറ്റു തന്നെ പല ആളുകൾക്കായി മറിച്ചുവിറ്റാണ് കമ്പനി പണം തട്ടിയിട്ടുള്ളത്. ഇതിനായി വായ്പ നൽകിയ ബാങ്കുകളും ഫ്‌ലാറ്റ് കമ്പനിയെ വഴിവിട്ട് സഹായിച്ചതായാണ് ഉപഭോക്താക്കൾ പറയുന്നത്.

ഉടമകൾ മുങ്ങിയതോടെ ബാങ്കുകളും കൊടുത്ത പണം തിരികെ പിടിക്കാൻ പെരുമ്പാവൂർ കോടതി മുഖേന കേസുമായി മുന്നോട്ടു പോകുകയാണ്. അതേസമയം കോടികൾ തട്ടിയെടുത്ത് വിദേശത്തേക്കു മുങ്ങിയ പ്രതി രാജീവ് ഗംഗാധരൻ വിദേശത്ത് ഭാര്യയുമായി ചേർന്നു വൻ ബിസിനസ് നടത്തുന്നതായും കബളിപ്പിക്കപ്പെട്ട ഇടപാടുകാർ പറയുന്നു. കോടികൾ തട്ടിയശേഷം വിദേശത്തേക്ക് മുങ്ങിയ ഉടമ ഗൾഫിൽനിന്നും പണം നൽകിയവർക്ക് കത്തെഴുതി. 'എന്നെ കുറച്ചു നാളത്തേക്ക് ശല്യം ചെയ്യരുത്. ആരെയും മനഃപൂർവ്വം പറ്റിക്കാൻ നോക്കിയതല്ല. സദയം ക്ഷമിക്കുക.....' എന്നു തുടരുന്നു കത്ത്. തങ്ങളെ പറ്റിച്ച സംഘത്തെ അറസ്റ്റു ചെയ്യണമെന്ന് കാണിച്ച് 20 ഓളം പേർ ആലുവ പൊലീസിൽ നൽകിയ പരാതി ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. മറിച്ച് പൊലീസ് പരാതിക്കാരെ വിരട്ടുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.