- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ; പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടക്കുന്നു; ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതി'; സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: പൊതുജനങ്ങൾ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കേണ്ട ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ച സംഭവത്തിൽ സിപിഎമ്മിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി . സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ചോദ്യം ചെയ്താണ് കോടതിയുടെ വിമർശനം. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. റോഡിൽ നിറയെ ഭരണ കക്ഷിയുടെ കൊടികൾ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തിൽ വീണ്ടും കോടതി ഇടപെട്ടത്.
ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികൾ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകൾ നടപ്പാക്കാൻ , ഒരു അപകടമുണ്ടായി ജീവൻ നഷ്ടമാകണോ. കൊച്ചി നഗരത്തിൽ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തിൽ സർക്കാർ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടക്കുന്നു. പാവപ്പെട്ടവർ ഹെൽമെറ്റ് വച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
റോഡ് അരികിലെ ഫ്‌ളെക്‌സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉണ്ടായി. അനധികൃത ബോർഡ് നീക്കാൻ ആയില്ലെങ്കിൽ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരിൽ അടക്കം ഇപ്പോഴും നിരവധി ബോർഡുകൾ കാണാം. ഹൈക്കോടതി നോക്ക് കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വർഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമർശിച്ചു.
നഗരസഭകൾക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാൻ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ സിപിഎമ്മിന് അനുമതി നൽകിയിട്ടുണ്ടെന്ന് കൊച്ചി കോർപറേഷൻ മറുപടി നൽകി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോർപറേഷൻ പറഞ്ഞു.
റോഡ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാൻ നഗരസഭകൾക്ക് നിർദ്ദേശം നൽകി. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ നൽകിയ അനുമതി ഹാജരാക്കാൻ കൊച്ചി കോർപറേഷനോടും നിർദേശിച്ചു.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇൻസ്റ്റലേഷനുകളും സ്ഥാപിക്കാൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തിയെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങൾ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ