കണ്ണൂർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറിന് തുടങ്ങാനിരിക്കെ കണ്ണൂരിൽ പി.ജയരാജൻ തന്നെയാണ് താരം. പാർട്ടി ഗ്രാമങ്ങളിൽ പി.ജയരാജന്റെ ഫ്‌ളക്‌സുകൾ ഉയർത്തുന്ന ആവേശത്തിലാണ് അണികൾ. പ്രത്യക്ഷത്തിൽ പാർട്ടി കോൺഗ്രസ് വിളംബരം ചെയ്തു കൊണ്ടുള്ള ബോർഡുകൾ വയ്ക്കുന്നില്ലെങ്കിലും തെയ്യ പറമ്പുകളിലും മറ്റു ഉത്സവ - പൊതുപരിപാടികളിലും പി.ജയരാജനെ വാഴ്‌ത്തി കൊണ്ടുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾക്ക് കുറവൊന്നുമുണ്ടായിട്ടില്ല.

നേരത്തെ പി.ജെ.ആർ.മി, റെഡ് ആർമി, ചുവപ്പൻ സഖാക്കൾ എന്നിങ്ങനെയുള്ള സൈബർ ഗ്രൂപ്പുകളുടെ പേരിലാണ് ബോർഡ് വെച്ചിരുന്നതെങ്കിലും ഇപ്പോൾ പ്രാദേശിക കൂട്ടായ്മകളുടെ പേരിലാണ് പി.ജയരാജനെ സ്തുതിക്കുന്നത്. യഥാർത്ഥ കമ്യൂണിസ്റ്റ് പി.ജെയെന്നു ചുരുക്ക പേരിൽ തങ്ങൾ വിളിക്കുന്ന പി.ജയരാജൻ തന്നെയാണെന്ന് ഇതിലെ വാചകങളിൽ എഴുതിയിട്ടുണ്ട്. പാർട്ടി ഗ്രാമമായ കണ്ണൂർ ചക്കരക്കല്ലിൽ പാനേരിച്ചാലിലെ ഒരു ഉത്സവ സ്ഥലത്താണ് കഴിഞ്ഞ ദിവസം പി.ജയരാജനെ പ്രകീർത്തിച്ചു കൊണ്ട് രണ്ട് പടുകൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നത്.

അണികൾക്കിടെയിൽ ചെഞ്ചോര പൊൻകതിരായി ജയരാജൻ മാറിയിട്ടുണ്ടെന്നിൽ അതിനെ വിളിക്കേണ്ടത് അതിനെ വിളിക്കേണ്ടത് ആരാധനയെന്നല്ല ജനകീയ തയെന്നാണെന്ന് ഇതിൽ പറയുന്നു. കണ്ണൂരിന്റെ കരുത്താണ് പി.ജയരാജനെന്നും റെഡ് യങ്സ് കക്കോത്ത് സ്ഥാപിച്ച ബോർഡിൽ പറയുന്നു. മറ്റൊരു ബോർഡിൽ തളർത്താൻ കഴിഞ്ഞില്ല പിന്നെയല്ലേ തകർക്കാൻ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും നമ്മൾ സഖാക്കൾ എന്ന സന്ദേശവുമുണ്ട്.

സിപിഎം സൈബർ പോരാളിയായ അർജുൻ ആയങ്കിയെന്ന പി.ജയരാജൻ അനുകൂലിയായ യുവ സഖാവിനെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തതോടെ അന്നേ വരെ സൈബർ ഇടങ്ങളിൽ ജയരാജന്റെ ചിത്രവുമായി പ്രവർത്തിച്ചിരുന്ന പി.ജെ ആർമി സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പിരിച്ചു വിട്ടിരുന്നു. ഇത്തരം സൈബർ ഗ്രൂപ്പുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.ജയരാജന് തള്ളി പറയേണ്ടിയും വന്നു.

എന്നാൽ കഴിഞ്ഞ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പി.ജയരാജൻ സംസ്ഥാന കമ്മിറ്റി സ്ഥാനം നിലനിർത്തിയിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ അദ്ദേഹത്തിന് ഇരിപ്പിടം ലഭിച്ചില്ല. എഴുപതു പിന്നിട്ട സീനിയർ നേതാവായ ജയരാജനെ തഴഞ്ഞ് യുവ നേതാക്കൾക്ക് അവസരം നൽകുകയായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം.

തുടർച്ചയായുള്ള അവഗണനയിൽ ഒറ്റപ്പെട്ട പി.ജയരാജൻ ഇപ്പോൾ ഖാദി ബോർഡ് വൈസ് ചെയർമാനായാണ് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് പ്രവർത്തനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമ്പോഴും മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട പി.ജയരാജൻ പലപ്പോഴും കാഴ്‌ച്ചക്കാരന്റെ റോളിലാണുള്ളത്.