- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി അദ്ധ്യക്ഷൻ വരുന്ന ആവേശത്തിൽ 20 അടി ഉയരമുള്ള രണ്ട് ഫ്ളക്സുമായി യൂത്ത് കോൺഗ്രസുകാർ; ഫ്ളക്സ് വിലക്കി ഉടക്കിട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; വച്ചാൽ എടുത്തു കളയുമെന്നും ഭീഷണി; ഓച്ചിറയിൽ ഗ്രൂപ്പുപോര് വെറും സാമ്പിൾ വെടിക്കെട്ട്
കൊല്ലം: ഓച്ചിറ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തുന്ന കെ പി സി സി പ്രസിഡന്റ് സുധാകരന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിക്കാൻ ഒരുങ്ങിയ ഫ്ളക്സിനു കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ബി എസ് വിനോദ് വിലക്ക് ഏർപ്പെടുത്തി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ്. ചടങ്ങിന്റെ അധ്യക്ഷൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും. പിറ്റേ ദിവസം കോൺഗ്രസ് നേതൃത്വം നൽകുന്ന പാലിയേറ്റിവ് കെയറിന്റെയും ആംബുലൻസ് സർവിസിന്റെയും ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ് നിർവഹിക്കുന്നത്.
ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടത്തിലും തൊഴുത്തി കുത്തിലും മുന്നിലുള്ള ഓച്ചിറയിൽ വളരെ ശ്രദ്ധാപൂർവമാണ് മണ്ഡലം കമ്മറ്റി നേതാക്കന്മാർക്കും പ്രവർത്തകർക്കും ഈഗോ അടിക്കാതെ ഇരിക്കാൻ ഈ രീതിയിൽ ക്രമീകരണം നടത്തിയത്. അപ്പോഴാണ് കെ സുധാകരന്റെ വരവിൽ ആവേശം കൊണ്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ 20 അടി ഉയരമുള്ള രണ്ട് ഫ്ളക്സുമായി എത്തിയത്. വിവരം അറിഞ്ഞ മണ്ഡലം പ്രസിഡന്റ് സ്ഥലത്ത് എത്തി ഫ്ളെക്സ് സ്ഥാപിക്കാൻ സമ്മതിക്കില്ല എന്ന് വിലക്ക് ഏർപ്പെടുത്തി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രസിഡന്റ്റുമായി വാക്ക് തർക്കമായി.
മറ്റു രണ്ടു പേരുടേയും പടം ഇല്ലാതെ ഫ്ളെക്സ് വച്ചാൽ എടുത്ത് കളയും എന്ന് മണ്ഡലം പ്രസിഡന്റ് ഭീഷണി മുഴക്കി. കെപിസിസി പ്രസിഡന്റിന്റെ ഫ്ളെക്സ് വച്ചാൽ അത് എടുക്കാൻ ധൈര്യം ഉണ്ടെകിൽ എടുക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരും നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയാണ്. ഫ്െളക്സ് വച്ചാൽ എടുത്താൽ ഉദ്ഘാടന വേദിയിൽ കെപി സി സി പ്രസിഡന്റിന് മുന്നിൽ പ്രതിഷേധം അറിയിക്കും എന്ന് യൂത്ത് കോൺഗ്രസുകാർ ഭീഷണി മുഴക്കിയിട്ടുണ്ട്.
അമ്പതോളം വർഷമായി സ്വന്തമായി കെട്ടിടം വേണം എന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റ് ബി എസ് വിനോദ് കുമാർ ആണ് അതിനു വേണ്ടി മുന്നിട്ടിറങ്ങി കമ്മറ്റി ഓഫിസ് എന്ന സ്വപ്നം യഥാർഥ്യമാക്കിയത്. എന്നാൽ മണ്ഡലം പ്രസിഡന്റിന്റെ ഏകാധിപത്യവും ഗ്രൂപ്പ് അടിസ്ഥാനമാക്കിയുമുള്ള പ്രവർത്തികളും വലിയ എതിർപ്പുകൾക്ക് ഇട വെച്ചിട്ടുണ്ട് ഓച്ചിറയിൽ. മുപ്പതു വർഷമായി ഇടതു പക്ഷം ഭരിച്ചിരുന്ന ഓച്ചിറ പഞ്ചായത്ത് ഭരണം കഴിഞ്ഞ തവണ കോൺഗ്രസിനു അപ്രതീക്ഷിതമായി കൈ വന്നിരുന്നു. എന്നാൽ ഇത്തവണ ആർ എസ് പിയെ പിണക്കി ഒരു വാർഡിൽ മണ്ഡലം പ്രസിഡന്റ് നേരിട്ട് മത്സരിക്കുകയും ദയനീയമായി തോൽക്കുകയും ചെയ്തു.
ആർഎസ്പിക്ക് മുൻതൂക്കമുള്ള മറ്റു വാർഡുകളിലും കോൺഗ്രസ് ദയനീയമായി പരാജയം ഏറ്റു വാങ്ങി. ഇടതു പക്ഷവും യുഡിഎഫും തുല്യ നിലയിൽ സീറ്റ് പിടിച്ചതിനാൽ അവസാനം നറുക്കിട്ട് പ്രസിഡന്റ് സ്ഥാനവും അത് വഴി പഞ്ചായത്ത് ഭരണവും സിപിഎം കൈക്കലാക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയു, മുൻ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നൂറോളം പേർ ചേർന്ന് സേവ് കോൺഗ്രസ് എന്നൊരു ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഓച്ചിറ സർവീസ് സഹകരണബാങ്കിൽ മൂന്നു ഒഴിവുകളിൽ മണ്ഡലം കമ്മറ്റിയോടൊ മുകൾ ഘടകങ്ങളോടോ ആലോചിക്കാതെ തന്റെ ബന്ധുവിനെ നിയമിച്ചതും ഓച്ചിറയിലെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇട വെച്ചിരുന്നു. മണ്ഡലം പ്രസിഡന്റിനോട് വലിയ എതിർപ്പുകൾ ഉണ്ടെങ്കിലും സേവ് കോൺഗ്രസും എതിർപക്ഷത്തെ ഗ്രൂപ്പുകളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി ആർ മഹേഷിന് വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുകയും ഓച്ചിറയിൽ സി ആർ മഹേഷിന് ലീഡ് നേടികൊടുക്കുകയും ചെയ്തിരുന്നു.
സിആർ മഹേഷിന്റെ നേതൃത്വത്തിൽ ഒരുവിധം പ്രവർത്തങ്ങളെ ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ട് പോകുന്നതിനു ഇടയിലാണ് ഇപ്പോൾ ഫ്ളെക്സ് വിവാദം തലവേദന ആയിരിക്കുന്നത്. നിലവിൽ കേരളത്തിലെ തന്നെ കോൺഗ്രസ് എം എൽ എ മാരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയ സിആർ മഹേഷും കെ പി സി സി പ്രസിഡന്റ് കെ സുധാകരനുമാണ് ഉദ്ഘാടന വേദിയിൽ താരപരിഷേമുള്ളവർ.
എന്നാൽ സിആർ മഹേഷ് തലവേദനകൾക്കില്ലാതെ തന്റെ ഫോട്ടോയോ ഫ്ളക്സോ ഇല്ലെങ്കിലും കുഴപ്പം ഇല്ല, നേതാക്കന്മാർക്ക് പ്രശ്നം ഒന്നും ഉണ്ടാകരുത് എന്ന നയമാണ് സ്വീകരിച്ചത്. ഒരുവിധം പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനിടിയിലാണ് മണ്ഡലം നേതൃത്വത്തെ വെട്ടിലാക്കി ഈ ഫ്െളക്സ് വിവാദം ഉടലെടുത്തത്. വിഷയം വിവാദം ആയപ്പോൾ എങ്കിൽ കെ സുധാകരന്റെ ഫ്ളെക്സ് രണ്ടെണ്ണം ഞങ്ങളും വെക്കും എന്നാണ് സേവ് കോൺഗ്രസുകാർ പറയുന്നത്. കെ സുധാകരനും വി ഡി സതീശനും കോൺഗ്രസിന്റെ പുനർജീവനത്തിനായി പൊരുതുമ്പോൾ ഇത്തരം പഴയ ഗ്രൂപ്പ് ഈഗോ പോർവിളികൾ വീണ്ടും മുഴകുന്നത് നല്ല ലക്ഷണം അല്ലെന്ന് രാഷ്ട്രീയനിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.