ഡെൻവർ: ഡെൻവർ സിറ്റിയിൽ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സർവീസുകൾ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ സൈൻ ബോർഡുകൾ മുഴുവൻ മൂടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി 22 ഇഞ്ചുവരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഞായറാഴ്ച പുറപ്പെടേണ്ട 670 വിമാന സർവീസുകൾ റദ്ദുചെയ്തതായി റിപ്പോർട്ടുണ്ട്. ഡെൻവറിൽ നിന്നുള്ള 87 ശതമാനം സർവീസുകളും ഇതിനകം റദ്ദാക്കി. കോളറാഡോ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ റോഡ് അടച്ചിടുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.