ജെറ്റ്ബ്ലൂ എയർവേസിനെതിരെ ഒരു കേസുമായി രംഗത്തെത്തിയിരിക്കുകയാണ് മരിബെൽ മാർട്ടിനെസ് എന്ന യുവതി. തന്റെ അഞ്ചു വയസുകാരനായ മകൻ ആൻഡി മാർട്ടിനെസിനെ ജോൺ.എഫ്.കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അയക്കുന്നതിന് പകരം ബോസ്റ്റണിലെ ലോഗൻ എയർപോർട്ടിലേക്ക് കയറ്റി അയച്ചതിന്റെ പേരിലാണ് ഇവർ എയർലൈൻസിനെതിരെ കോടതി കയറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. തന്റെ മകന് പകരം മറ്റൊരു കുട്ടി വിമാനത്താവളത്തിലെത്തിയത് കണ്ട് താൻ ആകെ മാനസികമായി തകർന്ന് പോയെന്നാരോപിച്ചാണ് ഇവർ കേസിനിറങ്ങിയിരിക്കുന്നത്.

ലോഗൻ എയർപോർട്ടിൽ ഇറക്കിയ ആൻഡിയെ ജെറ്റ്ബ്ലൂ എയർവേസിലെ ഒരു സ്റ്റാഫ് ഒരു സ്ത്രീയുട അടുത്തേക്ക് കൊണ്ടു പോയിരുന്നു. താൻ ജീവിതത്തിൽ ഇതുവരെ കാണാത്ത സ്ത്രീയെ കണ്ട് ആൻഡിയൊന്ന് ഞെട്ടുകയും ചെയ്തിരുന്നു. ഇവരുടെ മകനാണെന്ന് ധാരണയിലാണ് കുട്ടിയെ ഇവിടേക്ക് കയറ്റി വിട്ടതെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. അസ്വസ്ഥനായ കുട്ടിയോട് അമ്മയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വിമാനക്കമ്പനിയുടെ പ്രതിനിധി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതേ സമയം ലോഗൻ എയർപോർട്ടിലേക്ക് അയക്കേണ്ടുന്ന മറ്റൊരു ബാലനെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ കാത്ത് നിൽക്കുന്ന മരിബെലിനരികിലേക്ക് വിമാനക്കമ്പനി കയറ്റി വിടുകയും ചെയ്തിരുന്നു.ചുരുക്കിപ്പറഞ്ഞാൻ വിമാനക്കമ്പനിക്ക് കുട്ടികളെ പരസ്പരം മാറിപ്പോയെന്ന് ചുരുക്കം.

എന്നാൽ തങ്ങൾക്ക് പറ്റിയ പിഴവ് പരിഹരിക്കുന്നതിനായി വിമാനക്കമ്പനിക്ക് തിരിച്ചറിയാൻ മൂന്ന് മണിക്കൂറെടുത്തുവെന്നും അതിന് ശേഷമാണ് അമ്മയ്ക്കും മകനും പരസ്പരം ഫോണിൽ സംസാരിക്കാൻ അവസരമൊരുക്കാൻ സാധിച്ചതെന്നും ആരോപണമുണ്ട്. രണ്ടുകുട്ടികളെയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സിബാഓ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നായിരുന്നു കയറ്റി വിട്ടിരുന്നത്. എന്നാൽ ബോസ്റ്റണിലേക്ക് പോകേണ്ടിയിരുന്നതും ന്യൂയോർക്കിലേക്ക് കയറ്റി വിട്ടപ്പെട്ടതുമായ മറ്റേ ആൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ കേസിലിരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ വിമാനക്കമ്പനിയുടെ വക്താവ് തയ്യാറായിട്ടില്ല.