വിമാനത്തിൽ യാത്ര ചെയ്യവെ എയർ ഹോസ്റ്റസിന് മുന്നിൽ തുണിയുരിയുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡിഗോയുടെ ഭുവനേശ്വർ-ഡൽഹി വിമാനത്തിലാണ് സംഭവം.

സീറ്റ് ബെൽറ്റ് ഇടാനറിയില്ലെന്ന് പറഞ്ഞ യാത്രക്കാരൻ ആദ്യം എയർ ഹോസ്റ്റസിനെക്കൊണ്ട് സീറ്റ് ബെൽറ്റ് ഇടീപ്പിച്ചു. എയർ ഹോസ്റ്റസ് കുനിഞ്ഞുനിൽക്കുന്ന കാഴ്ച കാണുന്നതിനായിരുന്നു അത്. പിന്നീട് ടോയ്‌ലറ്റിലേക്ക് പോയ ഇയാൾ എമർജൻസി ബട്ടൺ ഞെക്കി എയർഹോസ്റ്റസിനെ വിളിച്ചു.

യാത്രക്കാരനെ സഹായിക്കാനായി ടോയ്‌ലറ്റിലെത്തിയ എയർ ഹോസ്റ്റസ് കണ്ടത് തുണിയൂരി നിൽക്കുന്ന കാഴ്ചയാണ്. വിമാനത്തിൽ അൽപം കൂടി മാന്യതയോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ട എയർ ഹോസ്റ്റസ് ടോയ്‌ലറ്റിനുള്ളിൽ പ്രവേശിക്കാൻ തയ്യാറായില്ല.

വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തേയ്ക്ക് കടക്കുന്നതിനിടെയും ഇയാൾ എയർ ഹോസ്റ്റസിനോട് മോശം ഭാഷയിൽ സംസാരിച്ചു. ഇതോടെയാണ് ജീവക്കാർ പൈലറ്റിനോട് പരാതിപ്പെട്ടത്. പൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നിലയ്ക്ക് നിർത്താൻ ചില വിമാനങ്ങളിൽ പ്ലാസ്റ്റിക് കൈവിലങ്ങുകൾ ഉപയോഗിക്കാറുണ്ട്. മര്യാദക്കാരല്ലാത്ത യാത്രക്കാരെ സീറ്റിൽ പൂട്ടിയിടുന്നതിന് വേണ്ടിയാണിത്. അതിരുവിട്ട പെരുമാറ്റം വിമാനത്തിന്റെ സുരക്ഷയ്ക്കുള്ള വെല്ലുവിളി പോലെ ഗുരുതരമായ തെറ്റായാണ് വിലയിരുത്താറുള്ളത്.