170 യാത്രക്കാരുമായി ഗാംബിയയിൽനിന്ന് ലണ്ടനിലേക്ക് പറന്ന തോമസ് കുക്ക് വിമാനം രണ്ട് എൻജിനുകളും ലാൻഡിങ് ഗിയറും തകരാറിലായതിനെത്തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം പറന്നുയരുന്നതിനിടെ പക്ഷിക്കൂട്ടം ഇടിച്ചാണ് കേടുപാടുകൾ സംഭവിച്ചത് ഗാംബിയയിലെ ബഞ്ജുൽ വിമാനത്താവളത്തിൽനിന്നാണ് വിമാനം ടേക്കോഫ് ചെയ്തത്.

വിമാനം പറന്നുയരുന്നതിനിടെ തന്നെ വൻശബ്ദം കേട്ടുവെന്ന് ഫ്‌ളൈറ്റ് അറ്റൻഡന്റ് കെയ്‌ലി ലവ്‌റിജ് ഫേസ്‌ബുക്കിൽ കുറിച്ചു. വിമാനമൊന്നടങ്കം വലിയ ശബ്ദത്തോടെ ഉലയുകയും ചെയ്തു. എൻജിനുകളൊന്ന് ഓഫ് ചെയ്ത പൈലറ്റ് ബഞ്ജുൽ വിമാനത്താവളത്തിൽത്തന്നെ എമർജൻസി ലാൻഡിങ് നടത്തിയതോടെ ദുരന്തം ഒഴിവായി.

എയർബസ് എ321 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞയാഴ്ച നടന്ന അപകടം തോമസ് കുക്ക് അധികൃതർ സ്ഥിരീകരിച്ചു. വിമാനജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഇടിയിൽ 13 പക്ഷികളെങ്കിലും ചത്തിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, വലിയൊരു പക്ഷിക്കൂട്ടമാണ് വിമാനത്തിലിടിച്ചതെന്ന് ലവ്‌റിജിന്റെ പോസ്റ്റ് പറയുന്നു.

നവംബർ എട്ടിനായിരുന്നു സംഭവം. ടേക്കോഫ് ചെയ്ത് പറന്നുയർന്ന വിമാനത്തിന് നേർക്ക് 50-ഓളം വരുന്ന പക്ഷിക്കൂട്ടം വന്നിടിക്കുകയായിരുന്നു. രണ്ട് എൻജിനുകൾക്കുള്ളിലും പക്ഷികൾ കുടുങ്ങി. ഇതോടെ എൻജിനുകളുടെ പ്രവർത്തനം തകരാറിലായി. ലാൻഡിങ് ഗിയറും സ്റ്റക്കായതോടെ അടിയന്തിരമായി നിലത്തിറക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. പൈലറ്റ് അത് സുരക്ഷിതമായി നിർവഹിക്കുകയും ചെയ്തതായി ലവ്‌റിജ് പോസ്റ്റ് ചെയ്തു.