നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിനെയും മക്കളെയും ശല്യം ചെയ്തതിനെ തുടർന്ന് ബ്രൂക്ലിനിൽ നിന്നുള്ള ലോയറായ ഡാൻ ഗോൾഡ്സ്റ്റെയിനിനെ ജെറ്റ് ബ്ലൂ വിമാനത്തിൽ നിന്നും പുറത്താക്കി. ജെഎഫ്കെ എയർപോർട്ടിൽ ഇന്നലെയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ഇവാൻകയുടെ പിതാവ് ട്രംപ് അമേരിക്കയെ നശിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ഹില്ലാരി ക്ലിന്റന്റെ ആരാധകനായ ലോയർ പ്രശ്നമുണ്ടാക്കിയത്. ഇവാൻകയെ ആക്ഷേപിക്കാനിറങ്ങിയ ലോയറുടെ കൈയിൽ ഒരു കുഞ്ഞുമുണ്ടായിരുന്നു. ഇവാൻക എന്തുകൊണ്ടാണ് പ്രൈവറ്റ് പ്ലെയിനിൽ സഞ്ചരിക്കാതെ യാത്രാവിമാനത്തിൽ കയറിയതെന്നും അയാൾ ഉച്ചത്തിൽ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ ഇയാളുടെ ആക്ഷേപങ്ങളെ ഇവാൻക വളരെ സൗമ്യമായിട്ടാണ് നേരിട്ടിരുന്നത്. ഇത് അവഗണിച്ച് കൊണ്ട് കുട്ടികളെ കൊണ്ട് ക്രയോൺ ഉപയോഗിച്ച് ചിത്രം വരയ്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു അവർ ചെയ്തത്. ഇതൊരു പ്രശ്നമാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇതിന്റെ പേരിൽ ആരെയും വിമാനത്തിൽ നിന്നും ഇറക്കി വിടേണ്ടതില്ലെന്നും ഇവാൻക പ്രതികരിച്ചിരുന്നു. ഇവാൻകയും കുടുംബവും ഹോളിഡേക്ക് പോകാൻ വേണ്ടിയാണ് വിമാനത്തിൽ കയറിയിരുന്നത്. ഇവാൻക പൊതുജനങ്ങൾക്ക് കയറാനുള്ള വിമാനത്തിൽ കയറുന്നതെന്തിനാണെന്നും പകരം സ്വകാര്യ വിമാനത്തിൽ സഞ്ചരിക്കണമെന്നും പറഞ്ഞ് പ്രസ്തുത ലോയർ കരഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ജെറ്റ് ബ്ലൂ സ്റ്റാഫ് ഈ പ്രശ്നക്കാരനെ പ ിടിച്ച് പുറത്താക്കി വിമാനം പറത്തുകയായിരുന്നു.

ട്രംപ് പ്രസിഡന്റായതിലുള്ള അസംതൃപ്തി തന്റെ ഭർത്താവ് ശാന്തമായ രീതിയിൽ പ്രകടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും എന്നാൽ വിമാനജീവനക്കാർ ഇത് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടിച്ച് പുറത്താക്കുകയായിരുന്നുവെന്നുമാണ് ഗോൾഡ്സ്റ്റെയിനിന്റെ ഭാര്യ മാത്യൂ ലാസ്നെർ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തന്റെ ഭർത്താവ് ഇവാൻകയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നായിരുന്നു അതിന് ഒരു മണിക്കൂർ മുമ്പ് ലാസ്നെർ ട്വീറ്റ്ചെയ്തിരുന്നത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഗോൾഡ്സ്റ്റെയിനെ പിടിച്ച് പുറത്താക്കിയതിൽ അസംതൃപ്തി രേഖപ്പെടുത്തി വിമാനത്തിൽ ഇരിക്കുന്ന ഇവാൻകയുടേതെന്ന് പറയുന്ന ചിത്രം ലാസ്നെർ പുറത്ത് വിട്ടിരുന്നു. തന്റെ പ്രവൃത്തികളെ ഇവാൻകയും ലാസ്നെറും ന്യായീകരിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് വിമാനത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗോൾഡ്സ്റ്റെയിൻ രംഗത്തെത്തിയിരുന്നു.

വിമാനം പുറപ്പെടുന്നതിന് മുമ്പാണ് സംഭവങ്ങൾ അരങ്ങേറിയതെന്നതിനാൽ പ്രശ്നക്കാരെ എളുപ്പത്തിൽ ഇറക്കി വിടാൻ ക്രൂവിന് സാധിച്ചു. സംഭവം നടക്കുമ്പോൾ സീക്രട്ട് സർവീസ് അംഗങ്ങൾ ഇവാൻകയ്ക്ക് ഒപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഇതിൽ ഇടപെട്ടിരുന്നില്ല. എയർലൈൻ ജീവനക്കാർ ഇത് കൈകാര്യം ചെയ്യട്ടെ എന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചിരുന്നത്. ഇതിനെ കുറിച്ച് ജെറ്റ് ബ്ലൂ വിമാനക്കമ്പനി ഇന്നലെ ഒരു പ്രസ്താവന പ ുറത്തിറക്കിയിരുന്നു. ഒരു കസ്റ്റമറെ വിമാനത്തിൽ നിന്നും ഇറക്കി വിട്ട തീരുമാനത്തെ തങ്ങൾ ലഘുവായി എടുക്കുന്നില്ലെന്നും അത്തരമൊരു തീരുമാനം ക്രൂ എടുത്തുവെങ്കിൽ പ്രസ്തുത യാത്രക്കാരൻ വിമാനത്തിൽ അത്രയ്ക്ക് ഗുരുതരമായ പ്രശ്നമുണ്ടാക്കിയിരിക്കാമെന്നും ജെറ്റ് ബ്ലൂ ന്യായീകരിക്കുന്നു.