ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി യു.എ.ഇയുടെ എമിറേറ്റ്‌സിന്. പ്രഥമ ട്രിപ്പ് അഡൈ്വസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകളിലാണ് ദുബായ് സർക്കാരിന്റെ എമിറേറ്റ്‌സ് ആദരിക്കപ്പെട്ടത്. ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ്, ഇക്കോണമി സീറ്റുകൾ എമിറേറ്റ്‌സിലേതാണെന്നാണ് ലോകമെമ്പാടുമുള്ള യാത്രക്കാരുടെ അഭിപ്രായം.

ലോകത്തെ പ്രമുഖ വിമാനക്കമ്പനികളായ ബ്രിട്ടീഷ് എയർവേസ്, വിർജിൻ അറ്റ്‌ലാന്റിക്, എയർ ഫ്രാൻസ്, അമേരിക്കൻ എയർലൈൻസ് എന്നിവയൊന്നും ആദ്യപത്തിൽ ഇടംനേടുന്നതിൽ പരാജയപ്പെട്ടതാണ് കൗതുകകരമായ വസ്തുക. സിംഗപ്പുർ എയർലൈൻസാണ് എമിറേറ്റ്‌സിന് പിന്നിൽ രണ്ടാമതെത്തിയത്. അസൂൽ ബ്രസീലിയൻ എയർലൈൻസ് മൂന്നാമതും.

ജെറ്റ് ബ്ലൂ, എയർ ന്യൂസീലാൻഡ്, കൊറിയൻ എയർ, ജപ്പാൻ എയർലൈൻസ്, തായ് സ്‌മൈൽ, അലാസ്‌ക എയർലൈൻസ്, ഗരുഡ ഇൻഡോനേഷ്യ എന്നിവയാണ് ആദ്യപത്തിലെത്തിയ മറ്റ് വിമാനക്കമ്പനികൾ. 2016 ജൂലൈയിലാണ് ട്രിപ്പ് അഡൈ്വസർ അവരുടെ യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തിൽ കമ്പനികളെ വിലയിരുത്താൻ അവസരം നൽകിയത്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ പങ്കുവെക്കാനായിരുന്നു നിർദ്ദേശം.

ഇരിപ്പിടത്തിലെ സൗകര്യം, കസ്റ്റമർ സർവീസ്, ജീവനക്കാരുടെ പെരുമാറ്റം, വൃത്തി, ചെക്ക്-ഇൻ, ബോർഡിങ്, ഭക്ഷണം, മദ്യം തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് യാത്രക്കാർ വിമാനക്കമ്പനികളെ തിരഞ്ഞെടുത്തത്. യൂറോപ്പിലെ മികച്ച വിമാനമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത് റഷ്യയുടെ എയറോഫ്‌ളോട്ട്ാണ്. ടർക്കിഷ് എയർലൈൻസ്, കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസ്, ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, വിർജിൻ അറ്റ്‌ലാന്റിക് എയർവേസ്, ഫിന്നെയർ, ഓസ്ട്രിയൻ എയർലൈൻസ്, ഐസ്‌ലാൻഡർ എന്നിവയാണ് മറ്റു സ്ഥാനങ്ങളിൽ.

ഇന്ത്യയിൽ ഏറ്റവും മികച്ച വിമാനക്കമ്പനി ജെറ്റ് എയർവേസാണ്. മികച്ച വിമാനങ്ങളാണ് കമ്പനിയുടേത്. ജീവനക്കാരുടെ പെരുമാറ്റവും ഏറെ മികച്ചതാണെന്ന് ട്രിപ്പ് അഡൈ്വസർ വിലയിരുത്തുന്നു.