ൺഫേമായ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തുമ്പോൾ യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞാൽ നിങ്ങളെന്തുചെയ്യും? അങ്ങനെ സംഭവിക്കുമോ എന്ന് ചോദിക്കാൻ വരട്ടെ. അങ്ങനെയും സംഭവിക്കാം. വിമാനങ്ങളിൽ സീറ്റ് കാലിയായി കിടക്കാതിരിക്കാൻ, കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന രീതിയുണ്ട്. പല ടിക്കറ്റുകളും ക്യാൻസൽ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നത്. എന്നാൽ, ചിലപ്പോൾ ബുക്ക് ചെയ്ത എല്ലാവരും എത്തിയെന്നിരിക്കും. അപ്പോഴാണ് ഓവർബുക്കിങ്ങിന്റെ പേരിൽ ചിലർക്ക് യാത്ര നിഷേധിക്കപ്പെടുക.

ഓവർബുക്കിങ്ങ് മറ്റേത് രാജ്യത്തെക്കാളും ഇന്ത്യയിലെ ആഭ്യന്തര സെക്ടറിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ പലർക്കും യാത്ര മുടങ്ങിയ അനുഭവം ഉണ്ടായിട്ടുണ്ടാകാം. എന്നുകരുതി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അവകാശമില്ലെന്ന് കരുതരുത്. കൃത്യമായ നഷ്ടപരിഹാരത്തിന് അങ്ങനെ യാത്ര മുടങ്ങുന്നവർക്ക് അവകാശമുണ്ട്. ഇക്കൊല്ലം ജനുവരിയിലും ഫെബ്രുവരിയിലും മാത്രമായി ഇന്ത്യയിലെ ആഭ്യന്തര സെക്ടറിൽ യാത്ര മുടങ്ങിയത് 5586 പേർക്കാണ്. ഇവർക്കാകെ നൽകിയ നഷ്ടപരിഹാരം 15.62 കോടി രൂപയും.

യാത്ര ചെയ്യാനെത്തുമ്പോൾ, ഓവർബുക്കിങ്ങാണെന്ന് പറയുകയും നിങ്ങൾ യാത്ര ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്താൽ വിമാനക്കമ്പനി നൽകുന്ന സമ്മാനങ്ങളും സൗകര്യങ്ങളും നിങ്ങൾക്ക് സ്വീകരിക്കാം. യാത്ര ചെയ്യണമെന്ന് വാശിപിടിച്ചിട്ടും നടക്കുന്നില്ലെങ്കിൽ, വ്യോമയാന ഡയറക്ടറേറ്റ് നിശ്ചയിച്ചിട്ടുള്ള തരത്തിൽ നഷ്ടപരിഹാരത്തിന് നിങ്ങൾ അർഹനാണ്.

ബുക്ക് ചെയ്ത വിമാനത്തിന് പകരം ഒരുമണിക്കൂറിനുശേഷമോ അതേ ദിവസം തന്നെയോ മറ്റൊരു വിമാനത്തിൽ യാത്ര തരപ്പെടുത്തുകയാണെങ്കിൽ ബേസിക് ഫെയറിന്റെ 200 ശതമാനവും ഫ്യുവൽ ചാർജുമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഇന്ധനച്ചാർജ് 10,000-ൽ രൂപയിൽ കവിയാൻ പാടില്ല. അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസിൽനിന്ന് ഒരു യാത്രക്കാരനെ വലിച്ചിറക്കിയ സംഭവം വിവാദമായതോടെയാണ് ഓവർബുക്കിങ് വീണ്ടും വാർത്തകളിൽ നിറയാൻ തുടങ്ങിയത്.

വിമാനം ഓവർബുക്കിങ്ങാണോ എന്നറിയുന്നതിന് ചെറിയ ചില മാർഗങ്ങൾ പ്രയോഗിക്കാനാവുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾത്തന്നെ, അത് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക. വിമാനത്തിൽ എത്ര സീറ്റുകൾ ശേഷിക്കുന്നുണ്ടെന്ന് നോക്കി ബോധ്യപ്പെട്ടശേഷം ടിക്കറ്റ് ബുക്ക് ചെയ്യുക. ബോർഡിങ് സമയത്തിന് മുമ്പുതന്നെ വിമാനത്താവളത്തിലെത്തുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്യുക.