നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിൽ നിന്നും ലാഗോസിലേക്ക് പറന്നുയർന്ന എയറോ കോൺട്രാക്ടേർസ് വിമാനത്തിൽ പുക നിറയുകയും കരിഞ്ഞ മണം വരുകയും ചെയ്തതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ആകാശത്ത് വച്ച് ഇത്തരത്തിൽ മരണത്തെ മുഖാമുഖം കണ്ട വിമാനയാത്രക്കാർ ആർത്തലച്ച് കരയുകയും ദൈവത്തെ വിളിച്ച് ഉച്ചത്തിൽ പ്രാർത്ഥിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ നാടകീയമായ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഒരു യാത്രക്കാരനാണീ വീഡിയോ പകർത്തിയത്. വിമാനം ടേയ്ക്ക് ഓഫ് ചെയ്ത് 20 മിനുറ്റുകൾക്കുള്ളിൽ ഒരു എൻജിന് തീപിടിച്ചതിനെ തുടർന്നാണ് വിമാനത്തിൽ പുകനിറഞ്ഞതെന്ന് റിപ്പോർട്ടുണ്ട്.

എന്തോ കരിഞ്ഞ് മണക്കുന്നതറിഞ്ഞ് യാത്രക്കാർ പരിഭ്രാന്തരാകുന്നതിനിടെ വിമാനത്തിൽ പുക നിറയുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം വിമാനത്തിൽ 53 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കാബിനിൽ പുക നിറഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്‌ക് വിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല. തൽഫലമായി യാത്രക്കാരോട് അവരുടെ വായും മൂക്കും വെറ്റ് ടൗവലുകൾ കൊണ്ട് മറയ്ക്കാൻ നിർദേശിക്കുയായിരുന്നു. വിമാനം പറന്നുയർന്ന് 20 മിനുറ്റുകൾക്കകം കാബിനിൽ പുക നിറഞ്ഞിരുന്നുവെന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്ന യാത്രക്കാരനായ ഓരിയാക് വു ഓക് വെസിലീസ് വെളിപ്പെടുത്തുന്നത്.

മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്നും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നുമാണ് അവർ പ്രതികരിച്ചിരിക്കുന്നത്. ഈ അനുഭവം മറക്കാനാവില്ലെന്നും ഏതാണ്ട് 30 മിനുറ്റോളം അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നും ഈ സ്ത്രീ പറയുന്നു. എന്തോ കത്തി വിമാനത്തിൽ പുക നിറയുകയായിരുന്നുവെന്നും നിമിഷങ്ങൾക്കം തങ്ങൾക്ക് എല്ലാം നിയന്ത്രണാധീനമാക്കാൻ സാധിച്ചിരുന്നുവെന്നും പൈലറ്റ് വെളിപ്പെടുത്തുന്നു. ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നവരോട് നനഞ്ഞ ഹാൻഡ് കർച്ചീഫ് ഉപയോഗിക്കാൻ നിർദേശിച്ചുവെന്നും താൻ ആ നിമിഷത്തിൽ തന്റെ കുടുംബത്തെ ഓർത്തുവെന്നും പൈലറ്റ് പറയുന്നു.വിമാനം ആ നിമിഷങ്ങളിൽ മുകളിലോട്ടും താഴോട്ടും ചലിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

നിലത്തിറങ്ങിയ വിമാനത്തെ കാത്ത് ഫയർഫൈറ്റർമാർ എന്തിനും തയ്യാറായി നിലകൊണ്ടിരുന്നു. പ്രസ്തുത സംഭവത്തെക്കുറിച്ച് നൈജീയൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയും വിമാനക്കമ്പനിയും അന്വേഷിക്കുന്നുണ്ട്. വിമാനം യാത്ര പുറപ്പെടും മുമ്പ് നടത്തിയ പരിശോധനയിൽ തകരാറുകളൊന്നും കണ്ടിരുന്നില്ലെന്നാണ് എയർലൈൻ വക്താവ് പറയുന്നത്. എമർജൻസി ലാൻഡിംഗിനിടെ പൈലറ്റും ക്രൂവും തികഞ്ഞ പ്രഫഷണലിസമാണ് പ്രകടിപ്പിച്ചതെന്നും വക്താവ് പുകഴ്‌ത്തുന്നു. രണ്ട് വർഷംമുമ്പ് നൈജീരിയയിൽ അഭ്യന്തര സർവീസ് നടത്തിയ എയറോ കോൺട്രാക്ടേർസ് വിമാനം സാങ്കേതിക തകരാറ് മൂലം നിലത്തിറക്കിയിരുന്നു.