ന്ത്യയുടെ തലസ്ഥാന നഗരമാണ് ന്യൂഡൽഹി. ഭരണപരമായ കാര്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നത് ഇവിടെനിന്നാണ്. എന്നാൽ, രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്നത് മുംബൈയാണ്. ഡൽഹിയിൽ തീരുമാനിച്ചാലും അത് ചിലപ്പോൾ നടപ്പാകണമെങ്കിൽ മുംബൈയിലെ ചില ചർച്ചകൾകൂടി വേണ്ടിവരും. ഇരു നഗരങ്ങളും അത്രമേൽ ചേർന്നുകിടക്കുന്നു. ഈ നഗരങ്ങൾ തമ്മിലുള്ള ബന്ധമാണ് രാജ്യത്തിന്റെ പുരോഗതിയുടെ ആണിക്കല്ല്.

ഇന്ത്യയിലെ ആഭ്യന്തര വിമാന മേഖല പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. മുംബൈയിൽനിന്നും ഡൽഹിയിലേക്കും തിരിച്ചുമായി ഒരുദിവസം പറക്കുന്നത് 130 വിമാനങ്ങളാണ്. 2017-ൽ ആകെ 47462 വിമാനങ്ങൾ ഈ നഗഗരങ്ങൾക്കിടെ പറന്നിറങ്ങി. ലോകത്തെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനറൂട്ടാണ് മുംബൈ-ഡൽഹി. ദക്ഷിണ കൊറിയയിലെ സോൾ ഗിംപോ-ജെജു റൂട്ടും (2017-ൽ പറന്നത് 64991 വിമാനങ്ങൾ) ഓസ്‌ട്രേലിയയിലെ മെൽബൺ-സിഡ്‌നി റൂട്ടും (54,519) മാത്രമാണ് മുംബൈ-ഡൽഹിക്ക് മുന്നിലുള്ളത്.

രണ്ടുനഗരങ്ങൾക്കിടെ പറക്കുന്ന വിമാനങ്ങളല്ല, മറിച്ച് രണ്ട് ആഭ്യന്തര വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസ് അനുസരിച്ചാണ് ഈ കണക്ക് തയ്യാറാക്കിയിട്ടുള്ളത്. മുംബൈയിലും ഡൽഹിയിലും ഓരോ വിമാനത്താവളങ്ങൾ മാത്രമാണുള്ളത്. ലണ്ടനോ ന്യുയോർക്കോ പോലുള്ള വൻനഗരങ്ങൾ ഈ പട്ടികയിൽ വരാത്തത് അവിടങ്ങളിൽ ഒന്നിലേറെ വിമാനത്താവളങ്ങൾ ഉള്ളതുകൊണ്ടുകൂടിയാണ്. ലണ്ടൻ ആസ്ഥാനമായ ഒഎജി ഏവിയേഷൻ വേൾഡ് വൈഡാണ് ഈ കണക്കുകൾ ശേഖരിച്ചത്.

ഇന്ത്യയിലെ തിരക്കേറിയ വിമാന റൂട്ടുകൾ വേറെയുമുണ്ട്. വർഷം 29427 വിമാനങ്ങൾ പറന്ന ബെംഗളൂരു-ഡൽഹി റൂട്ട് ലോകത്ത് 11-ാം സ്ഥാനത്തുണ്ട്. 23857 വിമാനങ്ങളുമായി ബെംഗളൂരു-മുംബൈ റൂട്ട് 16-ാം സ്ഥാനത്തും നിൽക്കുന്നു. യഥാർഥത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ ആദ്യത്തെ അഞ്ച് വിമാന റൂട്ടുകളിൽ നാലെണ്ണവും ഏഷ്യ-പസഫിക് മേഖലയിലാണ്. ബ്രസീലിലെ റിയോ ഡി ജനൈറോ-സാവോ പോളോ മാത്രമാണ് ഇതിൽനിന്ന് വ്യത്യസ്തമായുള്ളത്.

അന്താരാഷ്ട്ര റൂട്ടുകളിലും ആദ്യത്തെ അഞ്ചെണ്ണവും ഏഷ്യയിൽത്തന്നെയാണ്. ആറാം സ്ഥാനത്തുള്ള ന്യുയോർക്ക് ലാ ഗാർഡിയ-ടൊറന്റോയും ഒമ്പതാം സ്ഥാനത്തുള്ള ഡബ്ലിൻ-ലണ്ടൻ ഹീത്രൂവും മാത്രമാണ് ആദ്യപത്തിൽത്തന്നെ ഏഷ്യക്ക് പുറത്തുള്ളത്. ഹോങ്കോങ്-തായ്‌പേയിയാണ് ലോകത്തേറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ട്. ആഭ്യന്തര സർവീസുകളും അന്താരാഷ്ട്ര സർവീസുകളും കണക്കിലെടുത്താൽ ഹോങ്കോങ്-തായ്‌പേയി ലോകത്തെ ഏറ്റവും തിരക്കേറിയ 11-ാമത്തെ റൂട്ടാണ്.

കൃത്യസമയം പാലിക്കുന്നതിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളൊന്നും അത്ര മെച്ചമല്ലെന്നും കണക്കുകൾ തെളിയിക്കുന്നു. ഓൺ-ടൈം പെർഫോമൻസ് (ഒടിപി) കണക്കാക്കിയാൽ മുംബൈ-ഡൽഹിക്ക് ലോകത്തെ തിരക്കേറിയ റൂട്ടുകളിൽ മോശം സ്ഥാനമാണ്. 59.14 ശതമാനം മാത്രമാണ് ഈ റൂട്ടിലെ ഒടിപി. നിർദ്ദേശിച്ച സമയത്തിന് 14 മിനിറ്റും 59 സെക്കൻഡിനുമുള്ളിൽ പുറപ്പെടുകയോ ലാൻഡ് ചെയ്യുകയോ ചെയ്യുന്നതാണ് ഒടിപിക്ക് കണക്കാക്കുന്ന സമയകൃത്യത.

കൃത്യതയിൽ ഡൽഹി ലോകത്ത് 18-ാം സ്ഥാനത്താണ്. ഡൽഹിയിൽനിന്നുള്ള 70 ശതമാനത്തോളം വിമാനങ്ങളും കൃത്യസമയത്ത് ഇറങ്ങുകയോ പറക്കുകയോ ചെയ്തിട്ടുണ്ട്. വർഷം രണ്ടുകോടിയിലേറെ ആളുകൾ പറക്കുന്ന വലിയ വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ചെന്നൈക്ക് കൃത്യതയിൽ 11-ാം സ്ഥാനമുണ്ട്. 80.5 വിമാനങ്ങളും സമയകൃത്യത പാലിച്ചു. സമയകൃത്യത പാലിക്കുന്നതിൽ ഏറ്റവും പിന്നിലുള്ള റൂട്ടുകളിലൊന്നാണ് ബെംഗളൂരു-മുംബൈ. കഴിഞ്ഞവർഷം 56.7 ശതമാനമാണ് ഈ റൂട്ടിലെ സമയകൃത്യത.