മംഗളൂരു: പൈലറ്റ് മദ്യപിച്ച് അബോധാവസ്ഥയിലായതിനാൽ വിമാനം അഞ്ച് മണിക്കൂർ വൈകി. സ്പൈസ് ജെറ്റിന്റെ മംഗളൂരു-ദുബായ് വിമാനമാണ് വനിതാ പൈലറ്റിന്റെ മദ്യലഹരിയിൽ കുടുങ്ങിയത്. പൈലറ്റിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

യാത്രക്കാർ സുരക്ഷാ പരിശോനയും മറ്റും പൂർത്തിയാക്കി വിമാനത്തിൽ കയറാൻ ടെർമിനലിൽ കാത്തിരുന്നെങ്കിലും അനുമതി കിട്ടിയില്ല. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്ന് അറിയിപ്പും നൽകി. പൈലറ്റ് മദ്യപിച്ചതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയതായിരുന്നു പ്രശ്‌നം. . ബുധനാഴ്ച രാത്രി 12.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വിവാദത്തിൽപ്പെട്ടത്.

തുർക്കി സ്വദേശി മുപ്പത്തിയഞ്ചുകാരിയായ മുഖ്യ പൈലറ്റാണ് 'മദ്യപിച്ച്' വിമാനം പറത്താനെത്തിയത്. തുർക്കിയിലെ ഒരു സ്വകാര്യ വിമാനക്കമ്പനിയിൽനിന്ന് ജീവനക്കാരെയുൾപ്പെടെ പാട്ടത്തിനെടുത്ത വിമാനമായിരുന്നു ഇത്. ബാക്കി ജീവനക്കാരും തുർക്കിക്കാരാണ്.

അഞ്ചുമണിക്കൂറോളം വൈകി പുതിയ പൈലറ്റിനെ താത്കാലികമായി എത്തിച്ചാണ് വ്യാഴാഴ്ച പുലർച്ചയോടെ വിമാനം പുറപ്പെട്ടത്.