വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, വിമാനം പുറപ്പെടുംമുമ്പ് ജീവനക്കാർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിൽ അവർ കണ്ടുകണ്ട് മടുത്തിട്ടുണ്ടാകും ഇത്. എന്നാൽ, യഥാർഥത്തിൽ വിമാനം അത്തരമൊരു സാഹചര്യത്തിലെത്തിയാൽ എന്താണ് ചെയ്യേണ്ടത്?. നിങ്ങൾ സഞ്ചരിക്കുന്ന വിമാനം തകരാൻ പോവുകയോ അടിയന്തിരമായി നിലത്തിറക്കാൻ പോവുകയോ ആണെങ്കിൽ, അതിനെ അതിജീവിക്കാനായി എന്തൊക്കെ ചെയ്യണം?

വിമാനം അടിയന്തിര സാഹചര്യത്തിൽപ്പെടുകയാണെങ്കിൽ, അക്കാര്യം യാത്രക്കാരെ അറിയിക്കുന്നതിന് മുമ്പ് വിമാനത്തിന്റെ പൈലറ്റും ജീവനക്കാരും മറ്റുചില ഘട്ടങ്ങളിലൂടെ കടന്നുപോകും. ഇത്തരം ഏതു അപകടഘട്ടങ്ങളെയും സധൈര്യം നേരിടാനുള്ള പരിശീലനം സിദ്ധിച്ചവരാണ് പൈലറ്റുമാരും മറ്റ് ജീവനക്കാരും. ആ നടപടിക്രമങ്ങളിലൂടെ മാത്രമേ അവർ മുന്നോട്ടുപോകൂ.

അപ്രതീക്ഷിതമായി എൻജിൻ തകരാറ് നേരിടുകയാണെങ്കിൽ, ആ വിവരം അപ്പോൾത്തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലും വിമാനജീവനക്കാരെയും അറിയിക്കും. ഏറ്റവും അടുത്ത് വിമാനം ലാൻഡ് ചെയ്യിക്കുന്നതിനുവേണ്ടിയാണ് എയർ ട്രാഫിക് കൺട്രോളിന്റെ സഹായം തേടുന്നത്. എന്നാൽ, മിക്ക സംഭവങ്ങളിലും ഒരു എൻജിൻ തകരാറുവന്നാൽ സംഭവത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയശേഷമേ പൈലറ്റുമാർ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കു. പുകയോ തീയോ മറ്റോ കാണപ്പെടുകയാണെങ്കിൽ മാത്രമേ പെട്ടെന്ന് മറ്റ് സുരക്ഷാ ശ്രമങ്ങൾ നടത്തേണ്ടതുള്ളൂ.

ഇത്തരം സാഹചര്യങ്ങളിൽ വിമാനജോലിക്കാരുമായി സംസാരിക്കുന്നതിന് ചില കോഡുകളോ പ്രത്യേക വാക്കുകളോ ആകും പൈലറ്റുമാർ ഉപയോഗിക്കുക. അത് അപകടത്തിന്റെ ഗൗരവമനുസരിച്ച് മാറുകയും ചെയ്യും. അമേരിക്കൻ വിമാനങ്ങളിൽ അർജന്റ്, ഡിസ്‌ട്രെസ്ഡ് തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കാറുള്ളത്. ഡിസ്‌ട്രെസ്ഡ് എന്നാണ് പൈലറ്റ് പറയുന്നതെങ്കിൽ, വിമാനം ദുരന്തമുഖത്താണെന്ന് ഉറപ്പിക്കാം.

അമേരിക്കയ്ക്ക് പുറത്ത് മറ്റു പല സ്ഥലങ്ങളിലും അടിയന്തിര സാഹചര്യങ്ങളെ 'പാൻ-പാൻ' എന്നണ്ട വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. 'മെയ്‌ഡേ' എന്നാണ് അതീവ ഗൗരവമുള്ള സാഹചര്യങ്ങളെ വിലയിരുത്തുന്ന വാക്ക്. എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്ന ട്രാൻസ്‌പോണ്ടറിൽ 7700 എന്ന കോഡ് പൈലറ്റ് സെറ്റ് ചെയ്യുകയാണെങ്കിൽ ആ മേഖലയിലെ എല്ലാ എയർ ട്രാഫിക് കൺട്രോൾ റൂമുകളും ജാഗ്രത പാലിക്കും.

വിമാനത്തിൽ തീയോ പുകയോ കാണപ്പെടുകയാണെങ്കിൽ ആദ്യം ഗ്യാസ് മാസ്‌കുകൾ അണിയുന്നത് വിമാനജീവനക്കാരാകും. പിന്നീടവർ, മാസ്‌ക് ധരിക്കാൻ യാത്രക്കാരെ സഹായിക്കും. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന ഘട്ടത്തിലും ലാൻഡ് ചെയ്യുന്ന ഘട്ടത്തിലുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. ടേക്ക് ഓഫ് ചെയ്ത് ആദ്യ മൂന്ന് മിനിറ്റും ലാൻഡിങ്ങിന് മുമ്പുള്ള എട്ടുമിനിറ്റുമാണ് ഇതിൽ കൂടുതൽ അപകടസാധ്യതയുള്ള ഘട്ടങ്ങൾ.

അപകടഘട്ടത്തിൽ നിങ്ങൾക്ക് ചെയ്യാൻ വളരെക്കുറച്ച് കാര്യങ്ങളേയുള്ളൂ. അതിനെ അതിജീവിക്കാനാകും എന്ന ആത്മവിശ്വാസത്തോടെ ഉണർന്നിരിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. എത്രതവണ വിമാനത്തിൽ കയറിയിട്ടുണ്ടെങ്കിലും, ജീവനക്കാർ നൽകുന്ന മുൻകരുതലുകൾ കേൾക്കുക. തന്നിരിക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ വായിച്ച് മനസ്സിലാക്കുക. 

ഏത് അപകടഘട്ടത്തിലും 30 മുതൽ 45 സെക്കൻഡുവരെ നിങ്ങൾക്ക് രക്ഷപ്പെടാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കിട്ടിയേക്കും. അത് പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. ലൈഫ് ജാക്കറ്റ് അണിയുകയും വിമാനത്തിൽനിന്ന് താഴേയ്ക്ക് ചാടേണ്ടിവന്നാൽ സധൈര്യം ചാടുകയും വേണം. എമർജൻസി വാതിലുകൾക്ക് അരികിലാണ് ഇരിക്കുന്നതെങ്കിൽ അത് തുറക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ കരുത്തുള്ള മറ്റാരെയെങ്കിലും അതിന് അനുവദിക്കണം. വഴിമുടക്കി നിന്ന് ഉള്ള സമയംകൂടി നഷ്ടപ്പെടുത്തരുത്.