ദൂരയാത്രയ്ക്ക് തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുംമുമ്പ് അതേ റൂട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൂടി ഒന്നു പരിശോധിക്കുക. കാരണം, ചിലപ്പോൾ ട്രെയിൻ ടിക്കറ്റിനെക്കാൾ ലാഭകരമായോ അല്ലെങ്കിൽ നാമമാത്രമായ വർധനവിലോ വിമാനത്തിൽ യാത്ര ചെയ്യാൻ പറ്റിയേക്കും. ഈ വിന്റർ സീസണിൽ ആഭ്യന്തര മേഖലയിൽ 21 ശതമാനം കൂടുതൽ സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾ തീരുമാനിച്ചതോടെയാണിത്.

വ്യോമയാന ഡയറക്ടർ ജനറൽ അംഗീകരിച്ച വിന്റർ ഷെഡ്യൂൾ അനുസരി്ച്ച് 16,600 സർവീസുകളാണ് വിന്ററിലുണ്ടാവുക. വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുമ്പോൾ ടിക്കറ്റ് നിരക്കുകളിൽ കാര്യമായ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും പല റൂട്ടുകളിലും ട്രെയിൻ നിരക്കിനെക്കാൾ ലാഭകരമാകും വിമാനയാത്രയെന്ന് ഉറപ്പാണ്.

കഴിഞ്ഞ വിന്റർ സീസണിൽ 13,744 വിമാനങ്ങളാണ് സർവീസ് നടത്തിയത്. അതിനെക്കാൾ 21 ശതമാനം കൂടുതൽ സർവീസുകൾ ഇക്കുറിയുണ്ടാകും. എണ്ണവിലയിലുണ്ടായ കുറവാണ് കൂടുതൽ സർവീസുകൾ നടത്താൻ വിമാനക്കമ്പനികളെ പ്രാപ്തരാക്കിയത്. ലോകത്തേറ്റവും കൂടുതൽ വേഗത്തിൽ വികസിക്കുന്ന ആഭ്യന്തര വിമാന മേഖലയാണ് ഇന്ത്യയുടേത്.

നിലവിൽ പല മേഖലകളിലും സ്‌പൈസ്‌ജെറ്റും ജെറ്റ് എയർവേസും 1000 രൂപയിൽത്താഴെ ബേസ് പ്രൈസിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ സർവീസുകൾ വരുന്നതോടെ ഇതിലും കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നവംബർ എട്ടുമുതൽ നിലവിൽ വരുന്ന നിരക്കുകളിൽ ചില സെക്ടറുകളിൽ ബേസ് പ്രൈസ് 396 രൂപ വരെയാണ്.

ജെറ്റ് എയർവേസ് ഡൽഹി-മുംബൈ സെക്ടറിൽ 847 രൂപയാണ് ബേസ് പ്രൈസ് പഖ്യാപിച്ചിരിക്കുന്നത്. സ്‌പൈസ്‌ജെറ്റ് 888 രൂപയും. അന്താരാഷ്ട്ര സെക്ടറുകളിൽ 3,699 രൂപയാണ് ബേസ്‌പ്രൈസ്. ഇൻഡിഗോ ആഭ്യന്തര സെക്ടറിൽ എയർബസ് എ-320 വിഭാഗത്തിൽപ്പെട്ട 120 വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ആഭ്യന്തര സർവീസ് രംഗത്ത് എത്തിയ ടാറ്റ-സിംഗപ്പുർ എയർലൈൻസ് ജെ.വി വിസ്താര കഴിഞ്ഞ തവണത്തേതിനെക്കാൾ 50 ശതമാനം കൂടുതൽ സർവീസുകളാണ് നടത്തുന്നത്. 490 സർവീസുകളാണ് ഓരോ ആഴ്ചയും നടത്തുക. സ്വകാര്യ വിമാനങ്ങൾക്കൊപ്പം എയറിന്ത്യയും ആഭ്യന്തര മേഖലയിൽ കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ്.